1 ശമു. 10:1-6

1 ശമു. 10:1-6 IRVMAL

അപ്പോൾ ശമൂവേൽ ഒരു പാത്രം തൈലം എടുത്ത് അവന്‍റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ച് പറഞ്ഞത്: “യഹോവ തന്‍റെ അവകാശത്തിന് അധിപനായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു. നീ ഇന്ന് എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്‍റെ അതിർത്തിയിലെ സെൽസഹിൽ റാഹേലിന്‍റെ കല്ലറക്കരികിൽവച്ച് രണ്ടാളുകളെ കാണും; നീ അന്വേഷിച്ചുകൊണ്ടിരുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്‍റെ അപ്പൻ ഇപ്പോൾ കഴുതകളെക്കുറിച്ചല്ല: എന്‍റെ മകനു വേണ്ടി ഞാൻ എന്ത് ചെയ്യേണം? എന്നു പറഞ്ഞ്, നിങ്ങളെക്കുറിച്ച് വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോട് പറയും. “അവിടെനിന്ന് നീ മുമ്പോട്ട് ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുവൻ മൂന്നു ആട്ടിൻകുട്ടിയെയും, വേറൊരുവൻ മൂന്നു അപ്പവും, മറ്റൊരുവൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ട് ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്‍റെ അടുക്കൽ പോകുന്നതായി നിനക്ക് എതിരെ വരും. അവർ നിന്നോട് കുശലം ചോദിക്കും; നിനക്ക് രണ്ടു അപ്പവും തരും; നീ അത് അവരുടെ കയ്യിൽനിന്ന് വാങ്ങിക്കൊള്ളണം. “അതിന്‍റെശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവത്തിന്‍റെ പർവ്വതത്തിൽ എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്‍റെമേൽ വരും. നീയും അവരോടുകൂടെ പ്രവചിക്കും. നീ വേറൊരു മനുഷ്യനായി മാറും.