1 SAMUELA 10

10
1ശമൂവേൽ ഒരു പാത്രം ഒലിവെണ്ണ എടുത്ത് അവന്റെ തലയിൽ ഒഴിച്ചു; അവനെ ചുംബിച്ചിട്ടു പറഞ്ഞു: “സർവേശ്വരൻ തന്റെ ജനത്തിന്റെ ഭരണകർത്താവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു; നീ സർവേശ്വരന്റെ ജനത്തെ ഭരിക്കുകയും ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് അവരെ രക്ഷിക്കുകയും ചെയ്യും. തന്റെ ജനത്തിനു രാജാവായി അവിടുന്നു നിന്നെ വാഴിച്ചിരിക്കുന്നതിന്റെ അടയാളം ഇതായിരിക്കും. 2ഇന്നു നീ എന്നെ വിട്ടുപോകുമ്പോൾ ബെന്യാമീന്റെ നാട്ടിലുള്ള സെൽസഹിലിൽ റാഹേലിന്റെ കല്ലറയ്‍ക്കരികിൽ വച്ചു രണ്ടാളുകളെ കാണും; ‘നീ അന്വേഷിക്കുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നും ഇപ്പോൾ കഴുതകളെക്കുറിച്ചല്ല, തന്റെ മകനുവേണ്ടി എന്തു ചെയ്യണം എന്നു വിചാരിച്ച് നിന്നെക്കുറിച്ചാണ് നിന്റെ പിതാവ് വിഷാദിച്ചിരിക്കുന്നതെന്നും’ അവർ പറയും. 3അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ താബോരിലെ കരുവേലകത്തിനടുത്തുവച്ചു ബേഥേലിൽ സർവേശ്വരസന്നിധിയിലേക്കു പോകുന്ന മൂന്നു പേരെ നീ കാണും. അവരിൽ ഒരാൾ മൂന്ന് ആട്ടിൻകുട്ടികളെ കൈയിലെടുത്തിരിക്കും; രണ്ടാമന്റെ കൈയിൽ മൂന്ന് അപ്പവും, മൂന്നാമന്റെ പക്കൽ ഒരു തോൽസഞ്ചി വീഞ്ഞും ഉണ്ടായിരിക്കും. 4അവർ നിന്നെ അഭിവാദനം ചെയ്തിട്ട് രണ്ടപ്പം നിനക്കു തരും; അതു നീ സ്വീകരിക്കണം. 5അതിനുശേഷം ഫെലിസ്ത്യർ പാളയമടിച്ചിരിക്കുന്ന ഗിബെയായിൽ ദൈവത്തിന്റെ പർവതത്തിൽ നീ എത്തണം; പട്ടണത്തിൽ കടക്കുമ്പോൾ വീണ, തംബുരു, കുഴൽ, കിന്നരം എന്നീ വാദ്യങ്ങളോടെ മലമുകളിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചക ഗണത്തെ നീ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. 6അപ്പോൾ സർവേശ്വരന്റെ ആത്മാവ് ശക്തമായി നിന്റെമേൽ വരികയും നീ അവരോടൊത്തു പ്രവചിക്കുകയും ചെയ്യും; നീ മറ്റൊരു മനുഷ്യനായി മാറും. 7ഈ അടയാളങ്ങൾ കാണുമ്പോൾ യഥോചിതം പ്രവർത്തിക്കുക; ദൈവം നിന്റെ കൂടെയുണ്ട്. 8എനിക്കു മുമ്പേ നീ ഗില്ഗാലിലേക്കു പോകണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാൻ ഞാൻ അവിടെ വരും; ഞാൻ നിന്റെ അടുക്കൽ വന്ന് എന്തു ചെയ്യണമെന്നു പറഞ്ഞു തരുന്നതുവരെ ഏഴു ദിവസം നീ അവിടെ കാത്തിരിക്കണം.” 9ശമൂവേലിന്റെ അടുക്കൽനിന്നു പോകാൻ തിരിഞ്ഞപ്പോൾ ശൗലിനു ദൈവം മറ്റൊരു ഹൃദയം നല്‌കി; ശമൂവേൽ പറഞ്ഞ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.
10അവർ ഗിബെയായിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവരുടെ നേരെ വരുന്നതു കണ്ടു. അപ്പോൾ ദൈവത്തിന്റെ ആത്മാവു ശക്തമായി ശൗലിന്റെമേൽ ആവസിച്ചു. അയാളും അവരോടൊത്തു പ്രവചിച്ചു. 11ശൗൽ പ്രവാചകഗണത്തോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോൾ അയാളെ മുമ്പ് അറിയാവുന്നവർ: “കീശിന്റെ മകനു എന്തു സംഭവിച്ചു? ശൗലും പ്രവാചകരുടെ കൂട്ടത്തിലായോ” എന്നു അന്യോന്യം ചോദിച്ചു. 12തത്സമയം സ്ഥലവാസികളിൽ ഒരാൾ മറുപടി പറഞ്ഞു: “ആരാണ് അവരുടെ പിതാവ്?” അങ്ങനെ ‘ശൗലും പ്രവാചകഗണത്തിലോ?’ എന്നത് ഒരു പഴഞ്ചൊല്ലായിത്തീർന്നു. 13ശൗൽ പ്രവചിച്ചശേഷം പൂജാഗിരിയിൽ എത്തി.
14ശൗലിന്റെ പിതൃസഹോദരൻ അയാളോടും ഭൃത്യനോടും: “നിങ്ങൾ എവിടെപ്പോയിരുന്നു” എന്നു ചോദിച്ചു. “കഴുതകളെ അന്വേഷിച്ചു പോയതായിരുന്നു; കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി” എന്നു ശൗൽ പറഞ്ഞു. 15“ശമൂവേൽ നിങ്ങളോടു എന്തു പറഞ്ഞു” എന്ന് അയാൾ ചോദിച്ചു. 16“കഴുതകളെ കണ്ടുകിട്ടിയ വിവരം അദ്ദേഹം ഞങ്ങളെ വ്യക്തമായി അറിയിച്ചു” എന്നു ശൗൽ പറഞ്ഞു. എന്നാൽ താൻ രാജാവാകാൻ പോകുന്നതിനെപ്പറ്റി ശമൂവേൽ പറഞ്ഞ കാര്യം ശൗൽ പിതൃസഹോദരനോടു പറഞ്ഞില്ല.
ശൗൽ രാജാവായി പ്രഖ്യാപിക്കപ്പെടുന്നു
17ശമൂവേൽ ജനത്തെ മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വിളിച്ചുകൂട്ടി. 18അതിനുശേഷം ഇസ്രായേൽജനത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേലിനെ ഞാൻ ഈജിപ്തിൽനിന്നു കൊണ്ടുവന്നു; ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകല ജനതകളുടെയും കൈയിൽനിന്നു ഞാൻ നിങ്ങളെ മോചിപ്പിച്ചു. 19എന്നാൽ എല്ലാ അനർഥങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും രക്ഷിക്കുന്ന സർവേശ്വരനെ നിങ്ങൾ ഉപേക്ഷിച്ചു; ഞങ്ങൾക്ക് ഒരു രാജാവിനെ നല്‌കണമെന്നു നിങ്ങൾ ആവശ്യപ്പെട്ടു; അതുകൊണ്ടു നിങ്ങൾ ഗോത്രം ഗോത്രമായും കുലം കുലമായും സർവേശ്വരന്റെ സന്നിധിയിൽ നില്‌ക്കുവിൻ.” 20പിന്നീട് ശമൂവേൽ ഇസ്രായേൽഗോത്രങ്ങളെയെല്ലാം തന്റെ അടുക്കൽ വിളിച്ചുകൂട്ടിയതിനു ശേഷം നറുക്കിട്ടു; കുറി ബെന്യാമീൻ ഗോത്രത്തിനു വീണു. 21ബെന്യാമീൻഗോത്രത്തിലെ കുടുംബങ്ങളെ തന്റെ അടുക്കൽ വരുത്തി; കുറി മത്രികുടുംബത്തിനു വീണു; പിന്നീട് മത്രികുടുംബത്തിലെ അംഗങ്ങളെ ഓരോരുത്തരെയും വരുത്തി. കീശിന്റെ പുത്രനായ ശൗലിനു കുറി വീണു. എന്നാൽ അവർ അയാളെ അന്വേഷിച്ചപ്പോൾ കണ്ടില്ല; 22“അയാൾ ഇവിടെ വന്നിട്ടുണ്ടോ” എന്ന് അവർ സർവേശ്വരനോടു ചോദിച്ചു. “അവൻ അതാ ഭാണ്ഡങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്തു. 23അവർ ഓടിച്ചെന്നു ശൗലിനെ ജനത്തിന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുവന്നു; അയാൾ ജനമധ്യേ നിന്നപ്പോൾ അവിടെ അയാളുടെ തോളൊപ്പത്തിൽ കവിഞ്ഞ ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല. 24ശമൂവേൽ ജനത്തോട്: “സർവേശ്വരൻ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നില്ലേ? അവനെപ്പോലെ മറ്റാരുമില്ല” എന്നു പറഞ്ഞു. ഉടനെ “രാജാവു നീണാൾ വാഴട്ടെ” എന്നു ജനം ആർത്തുവിളിച്ചു.
25പിന്നീട് രാജധർമത്തെപ്പറ്റി ശമൂവേൽ ജനത്തോടു പറഞ്ഞു; അതെല്ലാം ഒരു പുസ്തകത്തിലെഴുതി സർവേശ്വരന്റെ സന്നിധിയിൽ വച്ചു. അതിനുശേഷം ജനത്തെ അവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു. 26ശൗൽ ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി; ദൈവത്താൽ പ്രചോദിതരായ ഒരു കൂട്ടം യുദ്ധവീരന്മാരും അയാളുടെ കൂടെ പോയി. 27“നമ്മെ രക്ഷിക്കാൻ ഇവന് എങ്ങനെ കഴിയും” എന്നു പറഞ്ഞു ചില നീചന്മാർ അയാളെ പരിഹസിച്ചു; അവർ കാഴ്ചകളൊന്നും അയാൾക്കു നല്‌കിയില്ല. ശൗൽ അതു ഗൗനിച്ചതുമില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 SAMUELA 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക