1 SAMUELA 10:1-6

1 SAMUELA 10:1-6 MALCLBSI

ശമൂവേൽ ഒരു പാത്രം ഒലിവെണ്ണ എടുത്ത് അവന്റെ തലയിൽ ഒഴിച്ചു; അവനെ ചുംബിച്ചിട്ടു പറഞ്ഞു: “സർവേശ്വരൻ തന്റെ ജനത്തിന്റെ ഭരണകർത്താവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു; നീ സർവേശ്വരന്റെ ജനത്തെ ഭരിക്കുകയും ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് അവരെ രക്ഷിക്കുകയും ചെയ്യും. തന്റെ ജനത്തിനു രാജാവായി അവിടുന്നു നിന്നെ വാഴിച്ചിരിക്കുന്നതിന്റെ അടയാളം ഇതായിരിക്കും. ഇന്നു നീ എന്നെ വിട്ടുപോകുമ്പോൾ ബെന്യാമീന്റെ നാട്ടിലുള്ള സെൽസഹിലിൽ റാഹേലിന്റെ കല്ലറയ്‍ക്കരികിൽ വച്ചു രണ്ടാളുകളെ കാണും; ‘നീ അന്വേഷിക്കുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നും ഇപ്പോൾ കഴുതകളെക്കുറിച്ചല്ല, തന്റെ മകനുവേണ്ടി എന്തു ചെയ്യണം എന്നു വിചാരിച്ച് നിന്നെക്കുറിച്ചാണ് നിന്റെ പിതാവ് വിഷാദിച്ചിരിക്കുന്നതെന്നും’ അവർ പറയും. അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ താബോരിലെ കരുവേലകത്തിനടുത്തുവച്ചു ബേഥേലിൽ സർവേശ്വരസന്നിധിയിലേക്കു പോകുന്ന മൂന്നു പേരെ നീ കാണും. അവരിൽ ഒരാൾ മൂന്ന് ആട്ടിൻകുട്ടികളെ കൈയിലെടുത്തിരിക്കും; രണ്ടാമന്റെ കൈയിൽ മൂന്ന് അപ്പവും, മൂന്നാമന്റെ പക്കൽ ഒരു തോൽസഞ്ചി വീഞ്ഞും ഉണ്ടായിരിക്കും. അവർ നിന്നെ അഭിവാദനം ചെയ്തിട്ട് രണ്ടപ്പം നിനക്കു തരും; അതു നീ സ്വീകരിക്കണം. അതിനുശേഷം ഫെലിസ്ത്യർ പാളയമടിച്ചിരിക്കുന്ന ഗിബെയായിൽ ദൈവത്തിന്റെ പർവതത്തിൽ നീ എത്തണം; പട്ടണത്തിൽ കടക്കുമ്പോൾ വീണ, തംബുരു, കുഴൽ, കിന്നരം എന്നീ വാദ്യങ്ങളോടെ മലമുകളിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചക ഗണത്തെ നീ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും. അപ്പോൾ സർവേശ്വരന്റെ ആത്മാവ് ശക്തമായി നിന്റെമേൽ വരികയും നീ അവരോടൊത്തു പ്രവചിക്കുകയും ചെയ്യും; നീ മറ്റൊരു മനുഷ്യനായി മാറും.

1 SAMUELA 10 വായിക്കുക