1 ശമൂവേൽ 1:7-20
1 ശമൂവേൽ 1:7-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ട് അവൾ കരഞ്ഞു പട്ടിണി കിടന്നു. അവളുടെ ഭർത്താവായ എല്ക്കാനാ അവളോട്: ഹന്നേ, നീ എന്തിനു കരയുന്നു? എന്തിനു പട്ടിണി കിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു. അവർ ശീലോവിൽവച്ച് തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റുപോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു. അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർഥിച്ചു വളരെ കരഞ്ഞു. അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവയ്ക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു. ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായ് സൂക്ഷിച്ചുനോക്കി. ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരി പിടിച്ചിരിക്കുന്നു എന്ന് ഏലിക്കു തോന്നിപ്പോയി. ഏലി അവളോട്: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞ് ഇറങ്ങട്ടെ എന്നു പറഞ്ഞു. അതിനു ഹന്നാ ഉത്തരം പറഞ്ഞത്: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തത്. അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചത്. അതിന് ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു. അടിയനു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല. അനന്തരം അവർ അതികാലത്ത് എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമായിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാര്യയായ ഹന്നായെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു. ഒരു ആണ്ടു കഴിഞ്ഞിട്ട് ഹന്നാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരിട്ടു.
1 ശമൂവേൽ 1:7-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വർഷംതോറും സർവേശ്വരന്റെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അവൾ ഹന്നായെ വേദനിപ്പിച്ചിരുന്നു. തന്നിമിത്തം അവൾ കരയുകയും പട്ടിണി കിടക്കുകയും ചെയ്തിരുന്നു. ഭർത്താവായ എല്ക്കാനാ അവളോടു ചോദിച്ചു: “എന്തിനു നീ കരയുന്നു? എന്തുകൊണ്ടു ഭക്ഷണം കഴിക്കുന്നില്ല? എന്തിനു നീ വിഷാദിച്ചിരിക്കുന്നു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ വിലപ്പെട്ടവനല്ലേ?” ശീലോവിൽവച്ച് അവരെല്ലാവരും ഭക്ഷണപാനീയങ്ങൾ കഴിച്ചു; ഹന്നാ എഴുന്നേറ്റു ദൈവസന്നിധിയിലേക്കു പോയി. പുരോഹിതനായ ഏലി മന്ദിരവാതില്‌ക്കൽ ആസനസ്ഥനായിരുന്നു. അവൾ സർവേശ്വരനോടു ഹൃദയവേദനയോടെ കരഞ്ഞു പ്രാർഥിച്ചു; ഹന്നാ ഒരു നേർച്ച നേർന്നുകൊണ്ടു പറഞ്ഞു: “സർവശക്തനായ സർവേശ്വരാ, ഈ ദാസിയുടെ സങ്കടം കണ്ട് ഈയുള്ളവളെ ഓർക്കണമേ; ഈ ദാസിയെ മറന്നുകളയാതെ ഒരു പുത്രനെ നല്‌കിയാൽ അവന്റെ ജീവിതകാലം മുഴുവനും അവനെ അങ്ങേക്കായി അർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കുകയില്ല.” അവൾ സർവേശ്വരസന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു; അവളുടെ ചുണ്ടനങ്ങുന്നത് ഏലി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹന്നായുടെ പ്രാർഥന ഹൃദയംകൊണ്ടായിരുന്നതിനാൽ അധരങ്ങൾ അനങ്ങിയതല്ലാതെ ശബ്ദം പുറത്തുവന്നില്ല; അവൾ മദ്യപിച്ചിരിക്കും എന്ന് ഏലി വിചാരിച്ചു. ഏലി അവളോടു പറഞ്ഞു: “നീ എത്ര നേരം ഇങ്ങനെ മദ്യലഹരിയിൽ കഴിയും? നീ മദ്യം ഉപേക്ഷിക്കുക.” അപ്പോൾ ഹന്നാ പറഞ്ഞു: “അങ്ങനെ അല്ല, എന്റെ യജമാനനേ! ഞാൻ വളരെയേറെ മനോവേദന അനുഭവിക്കുന്ന ഒരു സ്‍ത്രീയാണ്; വീഞ്ഞോ മറ്റേതെങ്കിലും ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല. സർവേശ്വരന്റെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയാണു ചെയ്തത്. ഈ ദാസിയെ ഒരു നീചയായി കരുതരുതേ; അത്യധികമായ ഉൽക്കണ്ഠയും വ്യസനവുംകൊണ്ടാണ് ഞാൻ ഇങ്ങനെ പ്രാർഥിച്ചത്.” അപ്പോൾ ഏലി പറഞ്ഞു: “സമാധാനമായി പോകുക; ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാർഥന സഫലമാക്കട്ടെ.” അവൾ പറഞ്ഞു: “ഈ ദാസിയുടെമേൽ അങ്ങയുടെ കൃപാകടാക്ഷം ഉണ്ടാകട്ടെ.” പിന്നീട് അവൾ പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖത്തു പിന്നീട് വിഷാദം ഉണ്ടായില്ല. എല്‌ക്കാനായും കുടുംബവും അതിരാവിലെ എഴുന്നേറ്റു സർവേശ്വരനെ ആരാധിച്ചു; പിന്നീട് രാമായിലുള്ള അവരുടെ ഭവനത്തിലേക്കു മടങ്ങിപ്പോയി. എല്‌ക്കാനാ തന്റെ ഭാര്യ ഹന്നായെ പ്രാപിക്കുകയും സർവേശ്വരൻ അവളുടെ പ്രാർഥനയ്‍ക്ക് ഉത്തരം നല്‌കുകയും ചെയ്തു. അവൾ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു; “ഞാൻ അവനെ സർവേശ്വരനോടു ചോദിച്ചുവാങ്ങി” എന്നു പറഞ്ഞ് അവൾ അവന് ‘ശമൂവേൽ’ എന്നു പേരിട്ടു.
1 ശമൂവേൽ 1:7-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹന്നാ യഹോവയുടെ ആലയത്തിലേക്ക് പോകുന്ന സമയത്തെല്ലാം അവൾ അങ്ങനെ ചെയ്യുമായിരുന്നു. പെനിന്നാ അവളെ പ്രകോപിപ്പിച്ചതുകൊണ്ട് അവൾ കരഞ്ഞു പട്ടിണി കിടന്നു. അവളുടെ ഭർത്താവായ എല്ക്കാനാ അവളോട്: “ഹന്നേ, നീ എന്തിന് കരയുന്നു? എന്തിന് പട്ടിണി കിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാൻ നിനക്ക് പത്തു പുത്രന്മാരേക്കാൾ നല്ലതല്ലയോ” എന്നു പറഞ്ഞു. ഒരിക്കൽ അവർ ശീലോവിൽവച്ച് തിന്നുകയും കുടിക്കുകയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റ് പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ ഒരു പീഠത്തിൽ ഇരിക്കുകയായിരുന്നു. അവൾ മനോവ്യസനത്തോട് യഹോവയോട് പ്രാർത്ഥിച്ച് വളരെ കരഞ്ഞു. അവൾ ഒരു നേർച്ചനേർന്നു: “സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കുകയും, അടിയനെ മറക്കാതെ ഒരു പുത്രനെ നല്കുകയും ചെയ്താൽ, അടിയൻ അവനെ അവന്‍റെ ആയുഷ്ക്കാലം മുഴുവനും യഹോവയ്ക്ക് കൊടുക്കും; അവന്‍റെ തലമുടി ഒരിക്കലും ക്ഷൗരം ചെയ്യുകയില്ലാ” എന്നു പറഞ്ഞു. ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ മുഖം സൂക്ഷിച്ചുനോക്കി. ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയത് മാത്രമാണ് ഏലി കണ്ടത്. ശബ്ദം കേൾക്കാനില്ലായിരുന്നു; അതുകൊണ്ട് അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി. ഏലി അവളോട്: “നീ എത്രനേരം ഇങ്ങനെ ലഹരിപിടിച്ചിരിക്കും? നിന്‍റെ വീഞ്ഞ് ഇറങ്ങട്ടെ” എന്നു പറഞ്ഞു. അതിന് ഹന്നാ ഉത്തരം പറഞ്ഞത്: “അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുക ആണ് ചെയ്തത്. അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ അത്യധികമായ സങ്കടവും വ്യസനവും കൊണ്ടാകുന്നു സംസാരിച്ചത്.” അതിന് ഏലി: “നീ സമാധാനത്തോടെ പോക; യിസ്രായേലിന്‍റെ ദൈവത്തോടുള്ള നിന്‍റെ അപേക്ഷ അവിടുന്ന് നിനക്ക് നല്കുമാറാകട്ടെ” എന്നു ഉത്തരം പറഞ്ഞു. “അടിയന് അങ്ങേയുടെ കൃപ ലഭിക്കുമാറാകട്ടെ” എന്നു പറഞ്ഞ് അവൾ പോയി ഭക്ഷണം കഴിച്ചു. അവളുടെ മുഖം പിന്നെ വാടിയതുമില്ല. അതിനുശേഷം അവർ അതിരാവിലെ എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ അവരുടെ വീട്ടിലേക്ക് പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാര്യയായ ഹന്നായെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു. ഒരു വർഷം കഴിഞ്ഞപ്പോൾ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരു നൽകി.
1 ശമൂവേൽ 1:7-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണികിടന്നു. അവളുടെ ഭർത്താവായ എല്ക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു. അവർ ശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു. അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു. അവൾ ഒരു നേർച്ച നേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു. ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി. ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി. ഏലി അവളോടു: നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു. അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു. അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു. അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു. അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല. അനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു. ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.
1 ശമൂവേൽ 1:7-20 സമകാലിക മലയാളവിവർത്തനം (MCV)
ഇങ്ങനെ എല്ലാവർഷവും സംഭവിച്ചിരുന്നു. ഹന്നാ യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോഴെല്ലാം പെനിന്നാ അവളെ പ്രകോപിപ്പിച്ചിരുന്നു. അതിനാൽ അവൾ കരയുകയും പട്ടിണികിടക്കുകയും ചെയ്തിരുന്നു. എൽക്കാനാ അവളോട്: “ഹന്നേ, നീയെന്തിനു കരയുന്നു? എന്തിനു പട്ടിണികിടക്കുന്നു? നീ ദുഃഖിക്കുന്നതെന്തിന്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നല്ലവനല്ലയോ?” എന്നു പറയുമായിരുന്നു. ഒരിക്കൽ അവർ ശീലോവിൽവെച്ചു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകഴിഞ്ഞപ്പോൾ ഹന്നാ എഴുന്നേറ്റുപോയി. അപ്പോൾ പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽപ്പടിയുടെ സമീപത്ത് ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു. ഹന്നാ വളരെ ഹൃദയഭാരത്തോടെ യഹോവയോടു കരഞ്ഞു പ്രാർഥിച്ചു. അവൾ ഒരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഈ ദാസിയുടെ മനോവ്യഥ കണ്ടറിയണമേ! എന്നെ ഓർക്കണമേ! അവിടത്തെ ദാസിയായ അടിയനെ മറക്കാതെ അങ്ങ് എനിക്കൊരു മകനെ നൽകുമെങ്കിൽ ഞാൻ അവനെ അവന്റെ ജീവിതകാലംമുഴുവൻ യഹോവയ്ക്കായി സമർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ഒരുനാളും ക്ഷൗരക്കത്തി തൊടുവിക്കുകയുമില്ല.” അവൾ യഹോവയുടെ സന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. ഏലി അവളുടെ അധരങ്ങളുടെ ചലനം സൂക്ഷിച്ചുനോക്കി. ഹന്നാ ഹൃദയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നതിനാൽ അവളുടെ ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നെങ്കിലും ശബ്ദം പുറത്തു വന്നിരുന്നില്ല. അതിനാൽ ലഹരിപിടിച്ച ഒരു സ്ത്രീയാണവൾ എന്ന് ഏലിക്കു തോന്നി. അതുകൊണ്ട് അദ്ദേഹം അവളോട്: “നീ എത്രനാൾ ഇങ്ങനെ ലഹരിയിൽ കഴിയും? നിന്റെ വീഞ്ഞ് ഉപേക്ഷിക്കുക” എന്നു പറഞ്ഞു. “അങ്ങനെയല്ല യജമാനനേ,” ഹന്നാ ഉത്തരം പറഞ്ഞു, “വളരെയേറെ മനോവ്യഥ അനുഭവിക്കുന്ന ഒരു സ്ത്രീയാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല; യഹോവയുടെമുമ്പാകെ എന്റെ ഹൃദയം പകരുകമാത്രമാണ് ഞാൻ ചെയ്തത്. അങ്ങയുടെ ഈ ദാസിയെ ഒരു നീചസ്ത്രീയായി കാണരുതേ! എന്റെ അതിവേദനയും തീവ്രദുഃഖവുംമൂലം ഞാൻ പ്രാർഥിക്കുകയായിരുന്നു.” ഏലി അവളോട്: “സമാധാനത്തോടെ പോകുക; ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുമാറാകട്ടെ.” “അങ്ങയുടെ ഈ ദാസി അങ്ങയുടെ കൃപാകടാക്ഷത്തിനു പാത്രമാകട്ടെ,” എന്നു പറഞ്ഞുകൊണ്ട് ഹന്നാ അവിടെനിന്നു പോയി. അവൾ ഭക്ഷണം കഴിച്ചു; പിന്നീടൊരിക്കലും അവളുടെ മുഖം വാടിയില്ല. പിറ്റേദിവസം അതിരാവിലെ എൽക്കാനായും കുടുംബവും എഴുന്നേറ്റ് യഹോവയുടെമുമ്പാകെ ആരാധന കഴിച്ചതിനുശേഷം രാമായിലുള്ള തങ്ങളുടെ വീട്ടിലേക്കു തിരിച്ചുപോയി. എൽക്കാനാ ഹന്നായെ അറിഞ്ഞു; യഹോവ അവളെ ഓർത്തു. അങ്ങനെ താമസംവിനാ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. “ഞാൻ അവനെ യഹോവയോടു ചോദിച്ചുവാങ്ങി,” എന്നു പറഞ്ഞുകൊണ്ട് അവൾ പൈതലിനു ശമുവേൽ എന്നു പേരിട്ടു.