വർഷംതോറും സർവേശ്വരന്റെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അവൾ ഹന്നായെ വേദനിപ്പിച്ചിരുന്നു. തന്നിമിത്തം അവൾ കരയുകയും പട്ടിണി കിടക്കുകയും ചെയ്തിരുന്നു. ഭർത്താവായ എല്‌ക്കാനാ അവളോടു ചോദിച്ചു: “എന്തിനു നീ കരയുന്നു? എന്തുകൊണ്ടു ഭക്ഷണം കഴിക്കുന്നില്ല? എന്തിനു നീ വിഷാദിച്ചിരിക്കുന്നു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ വിലപ്പെട്ടവനല്ലേ?” ശീലോവിൽവച്ച് അവരെല്ലാവരും ഭക്ഷണപാനീയങ്ങൾ കഴിച്ചു; ഹന്നാ എഴുന്നേറ്റു ദൈവസന്നിധിയിലേക്കു പോയി. പുരോഹിതനായ ഏലി മന്ദിരവാതില്‌ക്കൽ ആസനസ്ഥനായിരുന്നു. അവൾ സർവേശ്വരനോടു ഹൃദയവേദനയോടെ കരഞ്ഞു പ്രാർഥിച്ചു; ഹന്നാ ഒരു നേർച്ച നേർന്നുകൊണ്ടു പറഞ്ഞു: “സർവശക്തനായ സർവേശ്വരാ, ഈ ദാസിയുടെ സങ്കടം കണ്ട് ഈയുള്ളവളെ ഓർക്കണമേ; ഈ ദാസിയെ മറന്നുകളയാതെ ഒരു പുത്രനെ നല്‌കിയാൽ അവന്റെ ജീവിതകാലം മുഴുവനും അവനെ അങ്ങേക്കായി അർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കുകയില്ല.” അവൾ സർവേശ്വരസന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു; അവളുടെ ചുണ്ടനങ്ങുന്നത് ഏലി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹന്നായുടെ പ്രാർഥന ഹൃദയംകൊണ്ടായിരുന്നതിനാൽ അധരങ്ങൾ അനങ്ങിയതല്ലാതെ ശബ്ദം പുറത്തുവന്നില്ല; അവൾ മദ്യപിച്ചിരിക്കും എന്ന് ഏലി വിചാരിച്ചു. ഏലി അവളോടു പറഞ്ഞു: “നീ എത്ര നേരം ഇങ്ങനെ മദ്യലഹരിയിൽ കഴിയും? നീ മദ്യം ഉപേക്ഷിക്കുക.” അപ്പോൾ ഹന്നാ പറഞ്ഞു: “അങ്ങനെ അല്ല, എന്റെ യജമാനനേ! ഞാൻ വളരെയേറെ മനോവേദന അനുഭവിക്കുന്ന ഒരു സ്‍ത്രീയാണ്; വീഞ്ഞോ മറ്റേതെങ്കിലും ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല. സർവേശ്വരന്റെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയാണു ചെയ്തത്. ഈ ദാസിയെ ഒരു നീചയായി കരുതരുതേ; അത്യധികമായ ഉൽക്കണ്ഠയും വ്യസനവുംകൊണ്ടാണ് ഞാൻ ഇങ്ങനെ പ്രാർഥിച്ചത്.” അപ്പോൾ ഏലി പറഞ്ഞു: “സമാധാനമായി പോകുക; ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാർഥന സഫലമാക്കട്ടെ.” അവൾ പറഞ്ഞു: “ഈ ദാസിയുടെമേൽ അങ്ങയുടെ കൃപാകടാക്ഷം ഉണ്ടാകട്ടെ.” പിന്നീട് അവൾ പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖത്തു പിന്നീട് വിഷാദം ഉണ്ടായില്ല. എല്‌ക്കാനായും കുടുംബവും അതിരാവിലെ എഴുന്നേറ്റു സർവേശ്വരനെ ആരാധിച്ചു; പിന്നീട് രാമായിലുള്ള അവരുടെ ഭവനത്തിലേക്കു മടങ്ങിപ്പോയി. എല്‌ക്കാനാ തന്റെ ഭാര്യ ഹന്നായെ പ്രാപിക്കുകയും സർവേശ്വരൻ അവളുടെ പ്രാർഥനയ്‍ക്ക് ഉത്തരം നല്‌കുകയും ചെയ്തു. അവൾ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു; “ഞാൻ അവനെ സർവേശ്വരനോടു ചോദിച്ചുവാങ്ങി” എന്നു പറഞ്ഞ് അവൾ അവന് ‘ശമൂവേൽ’ എന്നു പേരിട്ടു.
1 SAMUELA 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 1:7-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ