1 ശമു. 1
1
എല്‌ക്കാനായും കുടുംബവും ശീലോവിൽ
1എഫ്രയീംമലനാട്ടിലെ രാമാഥയീം-സോഫീം ഗ്രാമത്തില്‍ എല്ക്കാനാ എന്നൊരാൾ ജീവിച്ചിരുന്നു; അവൻ യെരോഹാമിന്‍റെ മകൻ ആയിരുന്നു; യെരോഹാമിന്‍റെ പിതാവ് എലീഹൂ. എലീഹൂവിന്‍റെ പിതാവ് തോഹൂ. എഫ്രയീമ്യനായ സൂഫിന്‍റെ മകനായിരുന്നു തോഹൂ. 2എല്ക്കാനായ്ക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഹന്നായും പെനിന്നായും. പെനിന്നായ്ക്ക് മക്കൾ ഉണ്ടായിരുന്നു; ഹന്നായ്ക്ക് മക്കൾ ഇല്ലായിരുന്നു.
3അവൻ സൈന്യങ്ങളുടെ യഹോവയെ നമസ്കരിക്കുവാനും യാഗം അർപ്പിക്കുവാനും തന്‍റെ പട്ടണത്തിൽനിന്ന് എല്ലാ വർഷവും ശീലോവിലേക്കു പോകുമായിരുന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും യഹോവയുടെ പുരോഹിതന്മാരായി അവിടെ ഉണ്ടായിരുന്നു. 4എല്ക്കാനാ യാഗം കഴിക്കുമ്പോഴെല്ലാം തന്‍റെ ഭാര്യയായ പെനിന്നായ്ക്കും അവളുടെ എല്ലാ പുത്രന്മാർക്കും പുത്രിമാർക്കും ഓഹരി#1:4 ഓഹരി - യാഗവസ്തുവിന്റെ ഒരു ഭാഗം. കൊടുക്കും. 5അവൻ ഹന്നായെ സ്നേഹിച്ചിരുന്നത് കൊണ്ട് ഇരട്ടി ഓഹരി#1:5 ഇരട്ടി ഓഹരി ഹന്നയെ അവന്‍ അധികം സ്നേഹിച്ചിരുന്നെങ്കിലും ഒരു ഓഹരി മാത്രമേ കൊടുത്തിരുന്നുള്ളു കൊടുക്കും. എന്നാൽ യഹോവ അവൾക്ക് മക്കളെ നല്കിയിരുന്നില്ല. 6യഹോവ അവളുടെ ഗർഭം അടച്ചിരുന്നതിനാൽ പ്രതിയോഗിയായ പെനിന്നാ അവളെ വ്യസനിപ്പിക്കത്തക്കവണ്ണം പ്രകോപിപ്പിച്ചു. 7ഹന്നാ യഹോവയുടെ ആലയത്തിലേക്ക് പോകുന്ന സമയത്തെല്ലാം അവൾ അങ്ങനെ ചെയ്യുമായിരുന്നു. പെനിന്നാ അവളെ പ്രകോപിപ്പിച്ചതുകൊണ്ട് അവൾ കരഞ്ഞു പട്ടിണി കിടന്നു.
8അവളുടെ ഭർത്താവായ എല്ക്കാനാ അവളോട്: “ഹന്നേ, നീ എന്തിന് കരയുന്നു? എന്തിന് പട്ടിണി കിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാൻ നിനക്ക് പത്തു പുത്രന്മാരേക്കാൾ നല്ലതല്ലയോ” എന്നു പറഞ്ഞു.
ഒരു മകനുവേണ്ടിയുള്ള ഹന്നായുടെ പ്രാർത്ഥന
9ഒരിക്കൽ അവർ ശീലോവിൽവച്ച് തിന്നുകയും കുടിക്കുകയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റ് പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്‍റെ വാതില്ക്കൽ ഒരു പീഠത്തിൽ ഇരിക്കുകയായിരുന്നു. 10അവൾ മനോവ്യസനത്തോട് യഹോവയോട് പ്രാർത്ഥിച്ച് വളരെ കരഞ്ഞു. 11അവൾ ഒരു നേർച്ചനേർന്നു#1:11 നേർച്ച - യഹോവയോടുള്ള പ്രതിജ്ഞ: “സൈന്യങ്ങളുടെ യഹോവേ, അടിയന്‍റെ#1:11 അടിയൻ - ഞാൻ എന്ന സംബോധനയുടെ ഒരു വിനയ രൂപം. സങ്കടം നോക്കി അടിയനെ ഓർക്കുകയും, അടിയനെ മറക്കാതെ ഒരു പുത്രനെ നല്കുകയും ചെയ്താൽ, അടിയൻ അവനെ അവന്‍റെ ആയുഷ്ക്കാലം മുഴുവനും യഹോവയ്ക്ക് കൊടുക്കും; അവന്‍റെ തലമുടി ഒരിക്കലും ക്ഷൗരം ചെയ്യുകയില്ലാ” എന്നു പറഞ്ഞു.
12ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ മുഖം സൂക്ഷിച്ചുനോക്കി. 13ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയത് മാത്രമാണ് ഏലി കണ്ടത്. ശബ്ദം കേൾക്കാനില്ലായിരുന്നു; അതുകൊണ്ട് അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
14ഏലി അവളോട്: “നീ എത്രനേരം ഇങ്ങനെ ലഹരിപിടിച്ചിരിക്കും? നിന്‍റെ വീഞ്ഞ് ഇറങ്ങട്ടെ” എന്നു പറഞ്ഞു.
15അതിന് ഹന്നാ ഉത്തരം പറഞ്ഞത്: “അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്‍റെ ഹൃദയം പകരുക ആണ് ചെയ്തത്. 16അടിയനെ ഒരു നീചസ്ത്രീയായി#1:16 നീചസ്ത്രീയായി ബെലിയാലിന്റെ പുത്രിയായ വിചാരിക്കരുതേ; അടിയൻ അത്യധികമായ സങ്കടവും വ്യസനവും കൊണ്ടാകുന്നു സംസാരിച്ചത്.”
17അതിന് ഏലി: “നീ സമാധാനത്തോടെ പോക; യിസ്രായേലിന്‍റെ ദൈവത്തോടുള്ള നിന്‍റെ അപേക്ഷ അവിടുന്ന് നിനക്ക് നല്കുമാറാകട്ടെ” എന്നു ഉത്തരം പറഞ്ഞു.
18“അടിയന് അങ്ങേയുടെ കൃപ ലഭിക്കുമാറാകട്ടെ” എന്നു പറഞ്ഞ് അവൾ പോയി ഭക്ഷണം കഴിച്ചു. അവളുടെ മുഖം പിന്നെ വാടിയതുമില്ല.
ശമൂവേലിന്‍റെ ജനനം
19അതിനുശേഷം അവർ അതിരാവിലെ എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ അവരുടെ വീട്ടിലേക്ക് പോയി. എന്നാൽ എല്ക്കാനാ തന്‍റെ ഭാര്യയായ ഹന്നായെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു. 20ഒരു വർഷം കഴിഞ്ഞപ്പോൾ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരു നൽകി. 21പിന്നെ എല്ക്കാനായും കുടുംബവും യഹോവയ്ക്ക് എല്ലാ വർഷവും ഉള്ള യാഗവും നേർച്ചയും കഴിക്കുവാൻ പോയി. 22എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോട്: “ശിശുവിന്‍റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ എന്നും താമസിക്കേണ്ടതിന് ഞാൻ അവനെയും കൊണ്ടുപോരാം#1:22 അവനെയും കൊണ്ടുപോരാം അവന്‍ എന്നേക്കുമൊരു നാസീര്‍ ആയിരിക്കേണ്ടതിനു ഞാന്‍ അവനെ അവിടെ കൊണ്ടുവരും” എന്നു പറഞ്ഞു.
23എല്ക്കാനാ അവളോട്: “നിനക്ക് ഉചിതമായത് ചെയ്യുക; അവന്‍റെ മുലകുടി മാറുംവരെ താമസിക്കുക; യഹോവ തന്‍റെ വചനം നിവർത്തിക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ ശിശുവിന്‍റെ മുലകുടി മാറുന്നത് വരെ അവൾ വീട്ടിൽ താമസിച്ചു.
24ശിശുവിന്‍റെ മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സ് പ്രായമുള്ള ഒരു കാളയും ഒരു പറ#1:24 ഒരു പറ പത്തു കിലോഗ്രാം മാവും ഒരു തുരുത്തി#1:24 തുരുത്തി - വീഞ്ഞു സൂക്ഷിക്കുന്നതിനായി മൃഗങ്ങളുടെ തോൽ കൊണ്ടുണ്ടാക്കിയ തോൽക്കുടം വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു. 25അവർ കാളയെ അറുത്തിട്ട് ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു.
26അവൾ അവനോട് പറഞ്ഞത്: “യജമാനനേ; യഹോവയോട് പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ സമീപത്ത് നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു. 27ഈ ബാലനു വേണ്ടി ഞാൻ യഹോവയോട് പ്രാർത്ഥിച്ചു; ഞാൻ യഹോവയോട് കഴിച്ച അപേക്ഷ യഹോവ എനിക്ക് നല്കിയിരിക്കുന്നു. 28അതുകൊണ്ട് ഞാൻ അവനെ യഹോവയ്ക്ക് സമർപ്പിച്ചിരിക്കുന്നു; അവൻ ജീവിതകാലം മുഴുവൻ യഹോവയ്ക്ക് സമർപ്പിതനായിരിക്കും.” അവർ അവിടെ യഹോവയെ നമസ്കരിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമു. 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.