1 ശമുവേൽ 1:7-20

1 ശമുവേൽ 1:7-20 MCV

ഇങ്ങനെ എല്ലാവർഷവും സംഭവിച്ചിരുന്നു. ഹന്നാ യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോഴെല്ലാം പെനിന്നാ അവളെ പ്രകോപിപ്പിച്ചിരുന്നു. അതിനാൽ അവൾ കരയുകയും പട്ടിണികിടക്കുകയും ചെയ്തിരുന്നു. എൽക്കാനാ അവളോട്: “ഹന്നേ, നീയെന്തിനു കരയുന്നു? എന്തിനു പട്ടിണികിടക്കുന്നു? നീ ദുഃഖിക്കുന്നതെന്തിന്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നല്ലവനല്ലയോ?” എന്നു പറയുമായിരുന്നു. ഒരിക്കൽ അവർ ശീലോവിൽവെച്ചു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകഴിഞ്ഞപ്പോൾ ഹന്നാ എഴുന്നേറ്റുപോയി. അപ്പോൾ പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽപ്പടിയുടെ സമീപത്ത് ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു. ഹന്നാ വളരെ ഹൃദയഭാരത്തോടെ യഹോവയോടു കരഞ്ഞു പ്രാർഥിച്ചു. അവൾ ഒരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഈ ദാസിയുടെ മനോവ്യഥ കണ്ടറിയണമേ! എന്നെ ഓർക്കണമേ! അവിടത്തെ ദാസിയായ അടിയനെ മറക്കാതെ അങ്ങ് എനിക്കൊരു മകനെ നൽകുമെങ്കിൽ ഞാൻ അവനെ അവന്റെ ജീവിതകാലംമുഴുവൻ യഹോവയ്ക്കായി സമർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ഒരുനാളും ക്ഷൗരക്കത്തി തൊടുവിക്കുകയുമില്ല.” അവൾ യഹോവയുടെ സന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. ഏലി അവളുടെ അധരങ്ങളുടെ ചലനം സൂക്ഷിച്ചുനോക്കി. ഹന്നാ ഹൃദയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നതിനാൽ അവളുടെ ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നെങ്കിലും ശബ്ദം പുറത്തു വന്നിരുന്നില്ല. അതിനാൽ ലഹരിപിടിച്ച ഒരു സ്ത്രീയാണവൾ എന്ന് ഏലിക്കു തോന്നി. അതുകൊണ്ട് അദ്ദേഹം അവളോട്: “നീ എത്രനാൾ ഇങ്ങനെ ലഹരിയിൽ കഴിയും? നിന്റെ വീഞ്ഞ് ഉപേക്ഷിക്കുക” എന്നു പറഞ്ഞു. “അങ്ങനെയല്ല യജമാനനേ,” ഹന്നാ ഉത്തരം പറഞ്ഞു, “വളരെയേറെ മനോവ്യഥ അനുഭവിക്കുന്ന ഒരു സ്ത്രീയാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല; യഹോവയുടെമുമ്പാകെ എന്റെ ഹൃദയം പകരുകമാത്രമാണ് ഞാൻ ചെയ്തത്. അങ്ങയുടെ ഈ ദാസിയെ ഒരു നീചസ്ത്രീയായി കാണരുതേ! എന്റെ അതിവേദനയും തീവ്രദുഃഖവുംമൂലം ഞാൻ പ്രാർഥിക്കുകയായിരുന്നു.” ഏലി അവളോട്: “സമാധാനത്തോടെ പോകുക; ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുമാറാകട്ടെ.” “അങ്ങയുടെ ഈ ദാസി അങ്ങയുടെ കൃപാകടാക്ഷത്തിനു പാത്രമാകട്ടെ,” എന്നു പറഞ്ഞുകൊണ്ട് ഹന്നാ അവിടെനിന്നു പോയി. അവൾ ഭക്ഷണം കഴിച്ചു; പിന്നീടൊരിക്കലും അവളുടെ മുഖം വാടിയില്ല. പിറ്റേദിവസം അതിരാവിലെ എൽക്കാനായും കുടുംബവും എഴുന്നേറ്റ് യഹോവയുടെമുമ്പാകെ ആരാധന കഴിച്ചതിനുശേഷം രാമായിലുള്ള തങ്ങളുടെ വീട്ടിലേക്കു തിരിച്ചുപോയി. എൽക്കാനാ ഹന്നായെ അറിഞ്ഞു; യഹോവ അവളെ ഓർത്തു. അങ്ങനെ താമസംവിനാ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. “ഞാൻ അവനെ യഹോവയോടു ചോദിച്ചുവാങ്ങി,” എന്നു പറഞ്ഞുകൊണ്ട് അവൾ പൈതലിനു ശമുവേൽ എന്നു പേരിട്ടു.