1 രാജാക്കന്മാർ 20:1-22
1 രാജാക്കന്മാർ 20:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെയൊക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തിരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ച് അതിന്റെ നേരേ യുദ്ധം ചെയ്തു. അവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ച് അവനോട്: നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളത്; നിന്റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു. അതിനു യിസ്രായേൽരാജാവ്: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതുതന്നെ എന്നു മറുപടി പറഞ്ഞയച്ചു. ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; നാളെ ഈ നേരത്തു ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയയ്ക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്ത് നിനക്ക് ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവ് ദേശത്തുള്ള എല്ലാ മൂപ്പന്മാരെയും വരുത്തി: അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാൺമിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ വിരോധിച്ചില്ല എന്നു പറഞ്ഞു. എല്ലാ മൂപ്പന്മാരും സകല ജനവും അവനോട്: നീ കേൾക്കരുത്, സമ്മതിക്കയും അരുത് എന്നു പറഞ്ഞു. ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട്: നിങ്ങൾ എന്റെ യജമാനനായ രാജാവിനോട്: നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്വാൻ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാർ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു. ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിനും കൈക്ക് ഓരോ പിടി വാരുവാൻ ശമര്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറയിച്ചു. അതിനു യിസ്രായേൽരാജാവ്: വാൾ അരയ്ക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പു പറയരുത് എന്ന് അവനോടു പറവിൻ എന്ന് ഉത്തരം പറഞ്ഞു. എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോട്: ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തിനു നേരേ യുദ്ധത്തിനൊരുങ്ങി. എന്നാൽ ഒരു പ്രവാചകൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെയൊക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കൈയിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു. ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവൻ: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട് എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്: നീതന്നെ എന്ന് അവൻ ഉത്തരം പറഞ്ഞു. അവൻ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണിനോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരായിരുന്നു. അവരുടെ ശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേർ എന്നു കണ്ടു. അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചു മത്തനായിരുന്നു. ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ച് അന്വേഷിച്ചാറെ ശമര്യയിൽനിന്ന് ആളുകൾ വരുന്നുണ്ടെന്ന് അറിവുകിട്ടി. അപ്പോൾ അവൻ: അവർ സമാധാനത്തിനു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു. പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു. അവർ ഓരോരുത്തൻ താന്താന്റെ നേരേ വരുന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി. പിന്നെ യിസ്രായേൽരാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു. അതിന്റെശേഷം ആ പ്രവാചകൻ യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവ് നിന്റെ നേരേ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
1 രാജാക്കന്മാർ 20:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സിറിയാരാജാവായ ബെൻ-ഹദദ് യുദ്ധത്തിനൊരുങ്ങി. മുപ്പത്തിരണ്ടു രാജാക്കന്മാർ തങ്ങളുടെ കുതിരകളോടും രഥങ്ങളോടും കൂടെ ബെൻ-ഹദദ്‍രാജാവിന്റെ പക്ഷം ചേർന്നു. അയാൾ ശമര്യാപട്ടണത്തെ വളഞ്ഞ് അതിനെ ആക്രമിച്ചു. ബെൻ-ഹദദ് ദൂതന്മാരെ ശമര്യയിലേക്ക് അയച്ച് ഇസ്രായേൽരാജാവായ ആഹാബിനെ ഇങ്ങനെ അറിയിച്ചു: “നിന്റെ വെള്ളിയും സ്വർണവും എനിക്കുള്ളതാണ്; നിന്റെ സുന്ദരികളായ ഭാര്യമാരും മക്കളും എൻറേതായിരിക്കും.” ഇസ്രായേൽരാജാവ് ഇപ്രകാരം മറുപടി നല്‌കി. “എന്റെ പ്രഭോ, അങ്ങു പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും അങ്ങയുടേതു തന്നെ.” ബെൻ-ഹദദിന്റെ ദൂതന്മാർ വീണ്ടും വന്നു പറഞ്ഞു: “ബെൻ-ഹദദ് കല്പിക്കുന്നു, നിന്റെ വെള്ളിയും സ്വർണവും ഭാര്യമാരും മക്കളും എനിക്കുള്ളതാണെന്നു ഞാൻ പറഞ്ഞിരുന്നല്ലോ; നാളെ ഈ സമയത്ത് ഞാൻ എന്റെ സേവകരെ അയയ്‍ക്കും. അവർ നിന്റെയും നിന്റെ സേവകരുടെയും വീടുകൾ പരിശോധിച്ച് അവർക്ക് വിലപിടിപ്പുള്ളതായി തോന്നുന്നതെല്ലാം എടുത്തുകൊണ്ടുപോരും.” ആഹാബ്‍രാജാവ്, രാജ്യത്തുള്ള എല്ലാ നേതാക്കന്മാരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഈ മനുഷ്യൻ നമ്മെ നശിപ്പിക്കാൻ ഉദ്ദേശിക്കുന്നു. എന്റെ ഭാര്യമാർ, മക്കൾ, സ്വർണം, വെള്ളി എന്നിവ ആവശ്യപ്പെട്ടുകൊണ്ടു ദൂതന്മാരെ അയച്ചിരുന്നു; ഞാൻ അതെല്ലാം സമ്മതിക്കുകയും ചെയ്തു.” ഇതു കേട്ടു നേതാക്കന്മാരും ജനങ്ങളും പറഞ്ഞു: “അയാൾ പറയുന്നതു സമ്മതിക്കരുത്, ഒന്നും കൊടുക്കയുമരുത്.” അതനുസരിച്ച് ആഹാബ് ബെൻ-ഹദദിന്റെ ദൂതന്മാരോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനോടു പറയുക: അദ്ദേഹം ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാൻ സമ്മതിച്ചിരുന്നു; എന്നാൽ ഇത്തവണ ആവശ്യപ്പെട്ടതു സമ്മതിക്കാൻ എനിക്കു നിവൃത്തിയില്ല. “ദൂതന്മാർ മടങ്ങിപ്പോയി വിവരമറിയിച്ചു. മറ്റൊരു സന്ദേശവുമായി ബെൻ-ഹദദിന്റെ ദൂതന്മാർ വീണ്ടും ആഹാബിന്റെ അടുക്കൽ വന്നു. “നിന്റെ ഈ പട്ടണം നശിപ്പിക്കുന്നതിന് ആവശ്യമായ സൈനികരെ ഞാൻ കൊണ്ടുവരും; അവർക്ക് ഓരോ പിടിവീതം എടുക്കാൻ ശമര്യയിലെ മണ്ണു തികയുമെങ്കിൽ ദേവന്മാർ എന്നെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.” അപ്പോൾ ഇസ്രായേൽരാജാവു പറഞ്ഞു; “ബെൻ-ഹദദിനോടു പറയുക; യുദ്ധത്തിനു മുമ്പല്ല, പിമ്പാണു വമ്പു പറയേണ്ടത്. ബെൻ-ഹദദും മറ്റു രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ ഇരുന്നു കുടിച്ചു മദിക്കുമ്പോഴായിരുന്നു ആഹാബിന്റെ മറുപടി ലഭിച്ചത്. ഉടൻതന്നെ യുദ്ധത്തിനു പുറപ്പെടാൻ ബെൻ-ഹദദ് സൈന്യത്തിന് ഉത്തരവു നല്‌കി; അവർ നഗരത്തിന് എതിരെ നിലയുറപ്പിച്ചു. അപ്പോൾ ഒരു പ്രവാചകൻ ഇസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കൽ വന്നു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ വലിയ സൈന്യത്തെ കണ്ടു നീ ഭയപ്പെടേണ്ടാ; അവരുടെമേൽ ഞാൻ ഇന്നു നിനക്കു വിജയം നല്‌കും. ഞാൻ സർവേശ്വരനെന്നു നീ അറിയും.” “ആരാണു യുദ്ധം ചെയ്യുക” എന്നു ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ യുവസേനാനികൾ യുദ്ധം ചെയ്യട്ടെ” എന്നു സർവേശ്വരൻ കല്പിക്കുന്നതായി പ്രവാചകൻ പറഞ്ഞു. “ആരാണു യുദ്ധം ആരംഭിക്കേണ്ടത്” എന്ന് ആഹാബ് ചോദിച്ചപ്പോൾ, “നീ തന്നെ” എന്നു പ്രവാചകൻ പ്രതിവചിച്ചു. ദേശാധിപതികളുടെ യുവസേനാനികളെ രാജാവു അണിനിരത്തി; അവർ ഇരുനൂറ്റി മുപ്പത്തിരണ്ടു പേർ ഉണ്ടായിരുന്നു. പിന്നീട് ഇസ്രായേൽപട്ടാളത്തെയും അണിനിരത്തി; അവർ ഏഴായിരം പേർ ആയിരുന്നു. ഉച്ചസമയത്ത് ബെൻ-ഹദദും കൂടെയുള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉന്മത്തരായിക്കൊണ്ടിരുന്നു. അപ്പോൾ യുവസൈനികർ യുദ്ധത്തിനുവേണ്ടി ആദ്യം പുറപ്പെട്ടു. ശമര്യയിൽനിന്നു സൈന്യം വരുന്നുണ്ടെന്നു ബെൻ-ഹദദിന്റെ കാവൽസൈന്യം അയാളെ അറിയിച്ചു. “അവർ വരുന്നതു സമാധാനത്തിനായാലും യുദ്ധത്തിനായാലും അവരെ ജീവനോടെ പിടിക്കണമെന്നു” ബെൻ-ഹദദ് കല്പിച്ചു. യുവസൈനികരെ ഇസ്രായേൽസൈന്യം അനുഗമിച്ചു. ഓരോരുത്തനും തനിക്കെതിരേ വന്നവനെ വധിച്ചു; സിറിയാക്കാർ പരാജയപ്പെട്ട് ഓടി; ഇസ്രായേൽസൈന്യം അവരെ പിന്തുടർന്നു. ബെൻ-ഹദദ് കുതിരപ്പുറത്തു കയറി രക്ഷപെട്ടു; ഏതാനും കുതിരപ്പടയാളികളും അയാളുടെ കൂടെ ഉണ്ടായിരുന്നു. ഇസ്രായേൽരാജാവ് പടക്കളത്തിലെത്തി കുതിരകളും രഥങ്ങളും കൈവശപ്പെടുത്തി; സിറിയാക്കാരെ കൂട്ടക്കൊല ചെയ്തു. പ്രവാചകൻ ഇസ്രായേൽരാജാവിനോടു വീണ്ടും പറഞ്ഞു: “മടങ്ങിപ്പോയി നിന്റെ സൈന്യത്തെ കൂടുതൽ ശക്തമാക്കുക; അടുത്ത വസന്തകാലത്ത് സിറിയാരാജാവ് വീണ്ടും ആക്രമിക്കും.”
1 രാജാക്കന്മാർ 20:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അരാം രാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ എല്ലാം ഒന്നിച്ചുകൂട്ടി; അവന്‍റെ കൂടെ കുതിരകളും രഥങ്ങളും ഉള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടു ശമര്യയെ ഉപരോധിച്ച്, അതിനോടു യുദ്ധംചെയ്തു. അവൻ പട്ടണത്തിൽ ദൂതന്മാരെ അയച്ച് യിസ്രായേൽ രാജാവായ ആഹാബിനോട്: “നിന്‍റെ വെള്ളിയും പൊന്നും സൗന്ദര്യമുള്ള ഭാര്യമാരും പുത്രന്മാരും എനിക്കുള്ളത്” എന്നു ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു. അതിന് യിസ്രായേൽ രാജാവ്: “എന്‍റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങേയുടേതാകുന്നു” എന്നു മറുപടി പറഞ്ഞയച്ചു. ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: “നിന്റെ വെള്ളിയും പൊന്നും ഭാര്യമാരെയും പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; നാളെ ഈ സമയത്ത് ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും പരിശോധിച്ച് നിനക്കു ഇഷ്ടമുള്ളത് എല്ലാം കൈവശപ്പെടുത്തി കൊണ്ടുപോരും” എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽ രാജാവ് ദേശത്തെ എല്ലാ മൂപ്പന്മാരെയും വരുത്തി: “അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും വെള്ളിയും പൊന്നും അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ അതു നിരസ്സിച്ചില്ല” എന്നു പറഞ്ഞു. എല്ലാ മൂപ്പന്മാരും സകലജനവും അവനോട്: “നീ കേൾക്കരുത്, സമ്മതിക്കുകയും അരുത്” എന്നു പറഞ്ഞു. ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട്: “നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്വാൻ കഴിവില്ല എന്നു എന്‍റെ യജമാനനായ രാജാവിനോട് ബോധിപ്പിക്കേണം” എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു ഈ മറുപടി ബോധിപ്പിച്ചു. ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു: “എന്‍റെ അനുയായികൾക്കു ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി അവശേഷിക്കുന്നെങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറയിച്ചു. അതിന് യിസ്രായേൽ രാജാവ്: “വാൾ അരയ്ക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുത് എന്നു അവനോടു പറയുക” എന്നു ഉത്തരം പറഞ്ഞു. എന്നാൽ ബെൻ-ഹദദും രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ഈ സന്ദേശം കേട്ടിട്ടു തന്റെ ഭൃത്യന്മാരോട്: “ഒരുങ്ങിക്കൊൾവിൻ” എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തെ ആക്രമിക്കാൻ തയ്യാറായി. എന്നാൽ ഒരു പ്രവാചകൻ ഉടനെ യിസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കൽ വന്നു: “ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും” യഹോവ ഇപ്രകാരം അരുളിച്ചെയുന്നു എന്നു പറഞ്ഞു. “ആരെക്കൊണ്ട്?“ എന്നു ആഹാബ് ചോദിച്ചു. അതിന് അവൻ: “ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട്” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. “ആര്‍ യുദ്ധം തുടങ്ങേണം?” എന്നു ചോദിച്ചു. അതിന്: “നീ തന്നെ” എന്നു ഉത്തരം പറഞ്ഞു. അവൻ ദേശാധിപതികളുടെ ബാല്യക്കാരെ വിളിച്ചു എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അതിനുശേഷം അവൻ യിസ്രായേൽ മക്കളുടെ പടജ്ജനത്തെയും എണ്ണി അവർ ഏഴായിരം പേർ ആയിരുന്നു. അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദും തന്‍റെ മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും കുടിച്ചു മത്തരായി കൂടാരത്തിൽ ഇരിക്കുകയായിരുന്നു. ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് നിരീക്ഷകർ വഴി അന്വേഷിച്ചപ്പോൾ ശമര്യയിൽനിന്നു ആളുകൾ വരുന്നുണ്ടെന്ന് അറിവു കിട്ടി. അപ്പോൾ അവൻ: “അവർ സമാധാനത്തിനു വരുന്നെങ്കിലും, യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ” എന്നു കല്പിച്ചു. പട്ടണത്തിൽനിന്ന് പുറപ്പെട്ടത് ദേശാധിപതികളുടെ ബാല്യക്കാരും, അവരെ പിൻതുടർന്നത് സൈന്യവും ആയിരുന്നു. അവർ ഓരോരുത്തൻ താന്താന്റെ നേരെ വന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാം രാജാവായ ബെൻ-ഹദദ് കുതിരപ്പുറത്ത് കയറി കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു. പിന്നെ യിസ്രായേൽ രാജാവ് പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചു. അതിന്‍റെശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്നു അവനോട്: “ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യേണ്ടത് കരുതിക്കൊൾക; അടുത്ത ആണ്ടിൽ അരാം രാജാവ് നിന്‍റെനേരെ പുറപ്പെട്ടുവരും” എന്നു പറഞ്ഞു.
1 രാജാക്കന്മാർ 20:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു. അവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു: നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു. അതിന്നു യിസ്രായേൽരാജാവു: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു. ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; നാളെ ഈ നേരത്തു ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവു ദേശത്തുള്ള എല്ലാമൂപ്പന്മാരെയും വരുത്തി: അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ വിരോധിച്ചില്ല എന്നു പറഞ്ഞു. എല്ലാമൂപ്പന്മാരും സകലജനവും അവനോടു: നീ കേൾക്കരുതു, സമ്മതിക്കയും അരുതു എന്നു പറഞ്ഞു. ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോടു: നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു: നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്വാൻ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു ഈ മറുപടി ബോധിപ്പിച്ചു ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈക്കു ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു. അതിന്നു യിസ്രായേൽരാജാവു: വാൾ അരെക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിൻ എന്നു ഉത്തരം പറഞ്ഞു. എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടു: ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി. എന്നാൽ ഒരു പ്രവാചകൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്നു അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു. ആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവൻ: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്നു: നീ തന്നേ എന്നു അവൻ ഉത്തരം പറഞ്ഞു. അവൻ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേർ എന്നു കണ്ടു. അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചുമത്തനായിരുന്നു. ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയിൽനിന്നു ആളുകൾ വരുന്നുണ്ടെന്നു അറിവുകിട്ടി. അപ്പോൾ അവൻ: അവർ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു. പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു. അവർ ഓരോരുത്തൻ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി. പിന്നെ യിസ്രായേൽരാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു. അതിന്റെ ശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്നു അവനോടു: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
1 രാജാക്കന്മാർ 20:1-22 സമകാലിക മലയാളവിവർത്തനം (MCV)
അരാംരാജാവായ ബെൻ-ഹദദ്, തന്റെ സർവസൈന്യത്തെയും ഒരുമിച്ചുകൂട്ടി. അദ്ദേഹത്തോടൊപ്പം മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും അവരുടെ രഥങ്ങളും കുതിരകളുമായി ശമര്യയ്ക്കെതിരേ പാഞ്ഞടുത്ത് അതിനെ ഉപരോധിച്ച് അതിനെതിരേ യുദ്ധംചെയ്തു. അദ്ദേഹം, പട്ടണത്തിൽ ഇസ്രായേൽരാജാവായ ആഹാബിന്റെ അടുക്കലേക്ക് ഈ സന്ദേശവുമായി തന്റെ ദൂതന്മാരെ അയച്ചു: “ഇതാ ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളിയും സ്വർണവും എനിക്കുള്ളതാണ്! നിന്റെ അതിസുന്ദരിമാരായ ഭാര്യമാരും മക്കളും എനിക്കുള്ളവർ!’ ” ഇസ്രായേൽരാജാവു മറുപടി പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, അങ്ങു കൽപ്പിച്ചതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങയുടേതാകുന്നു.” ബെൻ-ഹദദ് തന്റെ ദൂതന്മാരെ വീണ്ടും ആഹാബിന്റെ അടുക്കൽ അയച്ചു പറഞ്ഞതു: “ഇതാ, ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളി, സ്വർണം, നിന്റെ ഭാര്യമാർ, മക്കൾ എന്നിവരെയെല്ലാം എന്നെ ഏൽപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടു ഞാൻ ആളയച്ചിരുന്നല്ലോ! എങ്കിലും, നാളെ ഏകദേശം ഈസമയമാകുമ്പോൾ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിക്കാനായി ഞാൻ എന്റെ സേവകരെ അങ്ങോട്ടയയ്ക്കും. അവർ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിച്ച് നീ വിലമതിക്കുന്നതെല്ലാം പിടിച്ചെടുക്കും.’ ” ഇസ്രായേൽരാജാവായ ആഹാബ് രാജ്യത്തെ സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി അവരോടു പറഞ്ഞു: “നോക്കൂ! ഈ മനുഷ്യൻ നമ്മെ എങ്ങനെ ഉപദ്രവിക്കുന്നു എന്നു നിങ്ങൾതന്നെ കാണുക! എന്റെ ഭാര്യമാരെയും മക്കളെയും എന്റെ വെള്ളിയും സ്വർണവും ആവശ്യപ്പെട്ടുകൊണ്ട് അയാൾ ആളയച്ചപ്പോൾ ഞാൻ അതു നിരസിച്ചില്ല.” ഇതു കേട്ടപ്പോൾ, സകലനേതാക്കന്മാരും സകലജനവും ആഹാബിനോടു മറുപടി പറഞ്ഞു: “അയാൾ പറയുന്നതു ശ്രദ്ധിക്കരുത്; അയാളുടെ വ്യവസ്ഥകൾക്കു വഴങ്ങുകയുമരുത്.” അതുകൊണ്ട്, ബെൻ-ഹദദിന്റെ ദൂതന്മാർക്ക് ആഹാബ് ഇപ്രകാരം മറുപടികൊടുത്തു: “നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു പറയുക, ‘അങ്ങ് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഈ ദാസൻ നിറവേറ്റിക്കൊള്ളാം എന്നാൽ, ഈ അവകാശവാദം എനിക്ക് അംഗീകരിക്കാൻ സാധ്യമല്ല.’ ” അവർ ആഹാബിന്റെ മറുപടി ബെൻ-ഹദദിനെ അറിയിച്ചു. പിന്നെ, ബെൻ-ഹദദ് മറ്റൊരു സന്ദേശം ആഹാബിനു കൊടുത്തയച്ചു: “എന്റെ അനുയായികൾക്ക് ഓരോ പിടിവീതം വാരാനുള്ള മണ്ണ് ശമര്യയിൽ അവശേഷിക്കുന്നപക്ഷം ഇതും ഇതിലപ്പുറവുമായി ദേവന്മാർ എന്നെ ശിക്ഷിക്കട്ടെ.” അതിന് ഇസ്രായേൽരാജാവ്: “ ‘യുദ്ധംചെയ്യാൻ പോകുന്നവൻ അതു കഴിഞ്ഞു വന്നവനെപ്പോലെ വമ്പു പറയരുത്,’ എന്ന് അദ്ദേഹത്തോടു പറയുക” എന്നു മറുപടികൊടുത്തു. ബെൻ-ഹദദ്, തന്റെ സഖ്യരാജാക്കന്മാരുമായി കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ആഹാബിന്റെ സന്ദേശം എത്തിയത്. “ആക്രമണത്തിന് ഒരുങ്ങിക്കൊള്ളുക,” എന്ന് അദ്ദേഹം തന്റെ അനുയായികൾക്കു കൽപ്പനകൊടുത്തു; അവർ നഗരത്തെ ആക്രമിക്കാൻ തയ്യാറായി നിലയുറപ്പിച്ചു. ഇതിനിടയിൽ, ഒരു പ്രവാചകൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ച്, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യത്തെ നീ കാണുന്നോ! ഇന്നു ഞാൻ അതിനെ നിന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും’ എന്ന് അറിയിച്ചു.” “എന്നാൽ, ആര് അതു ചെയ്യും?” എന്ന് ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ സംരക്ഷകർ അതു ചെയ്യും എന്ന് യഹോവ അരുളിച്ചെയ്യുന്നു,” എന്നു പ്രവാചകൻ പറഞ്ഞു. “എന്നാൽ, ആരാണ് യുദ്ധം ആരംഭിക്കേണ്ടത്?” എന്ന് ആഹാബ് ചോദിച്ചു. “താങ്കൾതന്നെ,” എന്നു പ്രവാചകൻ മറുപടി നൽകി. അതുകൊണ്ട്, ദേശാധിപതികളുടെ സംരക്ഷകരെ ആഹാബ് വിളിച്ചുവരുത്തി. അവർ 232 പേരായിരുന്നു. പിന്നെ, അദ്ദേഹം 7,000 പേരടങ്ങുന്ന ഇസ്രായേല്യസൈനികരെയും അണിനിരത്തി. അവർ മധ്യാഹ്നത്തിൽ ആക്രമണം ആരംഭിച്ചു. അപ്പോൾ, ബെൻ-ഹദദും അദ്ദേഹത്തോടൊപ്പമുള്ള മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും മദ്യപിച്ചു മദോന്മത്തരായി അവരുടെ കൂടാരങ്ങളിലായിരുന്നു. ദേശാധിപതികളുടെ പോരാളികളാണ് ആദ്യം യുദ്ധത്തിനായി പുറപ്പെട്ടത്. ബെൻ-ഹദദ് നിയോഗിച്ചിരുന്ന രംഗനിരീക്ഷകർ അദ്ദേഹത്തോട്: “ശമര്യയിൽനിന്ന് സൈനികനീക്കമുണ്ട്” എന്ന് അറിവുകൊടുത്തു. “അവർ സമാധാനത്തിനാണു വരുന്നതെങ്കിൽ അവരെ ജീവനോടെ പിടികൂടുക; അതല്ല, അവർ യുദ്ധത്തിനായിട്ടാണു വരുന്നതെങ്കിലും അവരെ ജീവനോടെ പിടികൂടുക,” എന്ന് ബെൻ-ഹദദ് ആജ്ഞാപിച്ചു. ദേശാധിപതികളുടെ സംരക്ഷകർ ഇസ്രായേൽസൈന്യത്തെ പിന്നണിയിലാക്കിക്കൊണ്ട് നഗരത്തിൽനിന്ന് മുന്നോട്ടു കുതിച്ചു പാഞ്ഞു. അവരിൽ ഓരോരുത്തനും തന്റെ എതിരാളിയെ വെട്ടിവീഴ്ത്തി. അപ്പോൾ അരാമ്യർ പലായനംചെയ്തുതുടങ്ങി. ഇസ്രായേല്യർ അവരെ പിൻതുടർന്നു. എന്നാൽ, അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തുകയറി തന്റെ കുതിരച്ചേവകരോടൊപ്പം രക്ഷപ്പെട്ടു. ഇസ്രായേൽരാജാവു പിൻതുടർന്നു കുതിരകളെയും രഥങ്ങളെയും കൈവശപ്പെടുത്തുകയും അരാമ്യസൈന്യത്തിനു കനത്തപ്രഹരം ഏൽപ്പിക്കുകയും ചെയ്തു. അതിനുശേഷം, ആ പ്രവാചകൻ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്ന്: “അങ്ങയുടെ സൈനികശക്തി വർധിപ്പിക്കുക; എന്താണു ചെയ്യേണ്ടതെന്നു കരുതിക്കൊള്ളുക. കാരണം, അടുത്തവർഷം വസന്തകാലത്ത് അരാംരാജാവു വീണ്ടും അങ്ങയെ ആക്രമിക്കും” എന്നു പറഞ്ഞു.