1 LALTE 20:1-22

1 LALTE 20:1-22 MALCLBSI

സിറിയാരാജാവായ ബെൻ-ഹദദ് യുദ്ധത്തിനൊരുങ്ങി. മുപ്പത്തിരണ്ടു രാജാക്കന്മാർ തങ്ങളുടെ കുതിരകളോടും രഥങ്ങളോടും കൂടെ ബെൻ-ഹദദ്‍രാജാവിന്റെ പക്ഷം ചേർന്നു. അയാൾ ശമര്യാപട്ടണത്തെ വളഞ്ഞ് അതിനെ ആക്രമിച്ചു. ബെൻ-ഹദദ് ദൂതന്മാരെ ശമര്യയിലേക്ക് അയച്ച് ഇസ്രായേൽരാജാവായ ആഹാബിനെ ഇങ്ങനെ അറിയിച്ചു: “നിന്റെ വെള്ളിയും സ്വർണവും എനിക്കുള്ളതാണ്; നിന്റെ സുന്ദരികളായ ഭാര്യമാരും മക്കളും എൻറേതായിരിക്കും.” ഇസ്രായേൽരാജാവ് ഇപ്രകാരം മറുപടി നല്‌കി. “എന്റെ പ്രഭോ, അങ്ങു പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും അങ്ങയുടേതു തന്നെ.” ബെൻ-ഹദദിന്റെ ദൂതന്മാർ വീണ്ടും വന്നു പറഞ്ഞു: “ബെൻ-ഹദദ് കല്പിക്കുന്നു, നിന്റെ വെള്ളിയും സ്വർണവും ഭാര്യമാരും മക്കളും എനിക്കുള്ളതാണെന്നു ഞാൻ പറഞ്ഞിരുന്നല്ലോ; നാളെ ഈ സമയത്ത് ഞാൻ എന്റെ സേവകരെ അയയ്‍ക്കും. അവർ നിന്റെയും നിന്റെ സേവകരുടെയും വീടുകൾ പരിശോധിച്ച് അവർക്ക് വിലപിടിപ്പുള്ളതായി തോന്നുന്നതെല്ലാം എടുത്തുകൊണ്ടുപോരും.” ആഹാബ്‍രാജാവ്, രാജ്യത്തുള്ള എല്ലാ നേതാക്കന്മാരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഈ മനുഷ്യൻ നമ്മെ നശിപ്പിക്കാൻ ഉദ്ദേശിക്കുന്നു. എന്റെ ഭാര്യമാർ, മക്കൾ, സ്വർണം, വെള്ളി എന്നിവ ആവശ്യപ്പെട്ടുകൊണ്ടു ദൂതന്മാരെ അയച്ചിരുന്നു; ഞാൻ അതെല്ലാം സമ്മതിക്കുകയും ചെയ്തു.” ഇതു കേട്ടു നേതാക്കന്മാരും ജനങ്ങളും പറഞ്ഞു: “അയാൾ പറയുന്നതു സമ്മതിക്കരുത്, ഒന്നും കൊടുക്കയുമരുത്.” അതനുസരിച്ച് ആഹാബ് ബെൻ-ഹദദിന്റെ ദൂതന്മാരോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനോടു പറയുക: അദ്ദേഹം ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാൻ സമ്മതിച്ചിരുന്നു; എന്നാൽ ഇത്തവണ ആവശ്യപ്പെട്ടതു സമ്മതിക്കാൻ എനിക്കു നിവൃത്തിയില്ല. “ദൂതന്മാർ മടങ്ങിപ്പോയി വിവരമറിയിച്ചു. മറ്റൊരു സന്ദേശവുമായി ബെൻ-ഹദദിന്റെ ദൂതന്മാർ വീണ്ടും ആഹാബിന്റെ അടുക്കൽ വന്നു. “നിന്റെ ഈ പട്ടണം നശിപ്പിക്കുന്നതിന് ആവശ്യമായ സൈനികരെ ഞാൻ കൊണ്ടുവരും; അവർക്ക് ഓരോ പിടിവീതം എടുക്കാൻ ശമര്യയിലെ മണ്ണു തികയുമെങ്കിൽ ദേവന്മാർ എന്നെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.” അപ്പോൾ ഇസ്രായേൽരാജാവു പറഞ്ഞു; “ബെൻ-ഹദദിനോടു പറയുക; യുദ്ധത്തിനു മുമ്പല്ല, പിമ്പാണു വമ്പു പറയേണ്ടത്. ബെൻ-ഹദദും മറ്റു രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ ഇരുന്നു കുടിച്ചു മദിക്കുമ്പോഴായിരുന്നു ആഹാബിന്റെ മറുപടി ലഭിച്ചത്. ഉടൻതന്നെ യുദ്ധത്തിനു പുറപ്പെടാൻ ബെൻ-ഹദദ് സൈന്യത്തിന് ഉത്തരവു നല്‌കി; അവർ നഗരത്തിന് എതിരെ നിലയുറപ്പിച്ചു. അപ്പോൾ ഒരു പ്രവാചകൻ ഇസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കൽ വന്നു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ വലിയ സൈന്യത്തെ കണ്ടു നീ ഭയപ്പെടേണ്ടാ; അവരുടെമേൽ ഞാൻ ഇന്നു നിനക്കു വിജയം നല്‌കും. ഞാൻ സർവേശ്വരനെന്നു നീ അറിയും.” “ആരാണു യുദ്ധം ചെയ്യുക” എന്നു ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ യുവസേനാനികൾ യുദ്ധം ചെയ്യട്ടെ” എന്നു സർവേശ്വരൻ കല്പിക്കുന്നതായി പ്രവാചകൻ പറഞ്ഞു. “ആരാണു യുദ്ധം ആരംഭിക്കേണ്ടത്” എന്ന് ആഹാബ് ചോദിച്ചപ്പോൾ, “നീ തന്നെ” എന്നു പ്രവാചകൻ പ്രതിവചിച്ചു. ദേശാധിപതികളുടെ യുവസേനാനികളെ രാജാവു അണിനിരത്തി; അവർ ഇരുനൂറ്റി മുപ്പത്തിരണ്ടു പേർ ഉണ്ടായിരുന്നു. പിന്നീട് ഇസ്രായേൽപട്ടാളത്തെയും അണിനിരത്തി; അവർ ഏഴായിരം പേർ ആയിരുന്നു. ഉച്ചസമയത്ത് ബെൻ-ഹദദും കൂടെയുള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉന്മത്തരായിക്കൊണ്ടിരുന്നു. അപ്പോൾ യുവസൈനികർ യുദ്ധത്തിനുവേണ്ടി ആദ്യം പുറപ്പെട്ടു. ശമര്യയിൽനിന്നു സൈന്യം വരുന്നുണ്ടെന്നു ബെൻ-ഹദദിന്റെ കാവൽസൈന്യം അയാളെ അറിയിച്ചു. “അവർ വരുന്നതു സമാധാനത്തിനായാലും യുദ്ധത്തിനായാലും അവരെ ജീവനോടെ പിടിക്കണമെന്നു” ബെൻ-ഹദദ് കല്പിച്ചു. യുവസൈനികരെ ഇസ്രായേൽസൈന്യം അനുഗമിച്ചു. ഓരോരുത്തനും തനിക്കെതിരേ വന്നവനെ വധിച്ചു; സിറിയാക്കാർ പരാജയപ്പെട്ട് ഓടി; ഇസ്രായേൽസൈന്യം അവരെ പിന്തുടർന്നു. ബെൻ-ഹദദ് കുതിരപ്പുറത്തു കയറി രക്ഷപെട്ടു; ഏതാനും കുതിരപ്പടയാളികളും അയാളുടെ കൂടെ ഉണ്ടായിരുന്നു. ഇസ്രായേൽരാജാവ് പടക്കളത്തിലെത്തി കുതിരകളും രഥങ്ങളും കൈവശപ്പെടുത്തി; സിറിയാക്കാരെ കൂട്ടക്കൊല ചെയ്തു. പ്രവാചകൻ ഇസ്രായേൽരാജാവിനോടു വീണ്ടും പറഞ്ഞു: “മടങ്ങിപ്പോയി നിന്റെ സൈന്യത്തെ കൂടുതൽ ശക്തമാക്കുക; അടുത്ത വസന്തകാലത്ത് സിറിയാരാജാവ് വീണ്ടും ആക്രമിക്കും.”

1 LALTE 20 വായിക്കുക