1 LALTE 20
20
സിറിയായുമായുള്ള യുദ്ധം
1സിറിയാരാജാവായ ബെൻ-ഹദദ് യുദ്ധത്തിനൊരുങ്ങി. മുപ്പത്തിരണ്ടു രാജാക്കന്മാർ തങ്ങളുടെ കുതിരകളോടും രഥങ്ങളോടും കൂടെ ബെൻ-ഹദദ്‍രാജാവിന്റെ പക്ഷം ചേർന്നു. അയാൾ ശമര്യാപട്ടണത്തെ വളഞ്ഞ് അതിനെ ആക്രമിച്ചു. 2ബെൻ-ഹദദ് ദൂതന്മാരെ ശമര്യയിലേക്ക് അയച്ച് ഇസ്രായേൽരാജാവായ ആഹാബിനെ ഇങ്ങനെ അറിയിച്ചു: 3“നിന്റെ വെള്ളിയും സ്വർണവും എനിക്കുള്ളതാണ്; നിന്റെ സുന്ദരികളായ ഭാര്യമാരും മക്കളും എൻറേതായിരിക്കും.” 4ഇസ്രായേൽരാജാവ് ഇപ്രകാരം മറുപടി നല്‌കി. “എന്റെ പ്രഭോ, അങ്ങു പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും അങ്ങയുടേതു തന്നെ.” 5ബെൻ-ഹദദിന്റെ ദൂതന്മാർ വീണ്ടും വന്നു പറഞ്ഞു: “ബെൻ-ഹദദ് കല്പിക്കുന്നു, നിന്റെ വെള്ളിയും സ്വർണവും ഭാര്യമാരും മക്കളും എനിക്കുള്ളതാണെന്നു ഞാൻ പറഞ്ഞിരുന്നല്ലോ; 6നാളെ ഈ സമയത്ത് ഞാൻ എന്റെ സേവകരെ അയയ്‍ക്കും. അവർ നിന്റെയും നിന്റെ സേവകരുടെയും വീടുകൾ പരിശോധിച്ച് അവർക്ക് വിലപിടിപ്പുള്ളതായി തോന്നുന്നതെല്ലാം എടുത്തുകൊണ്ടുപോരും.”
7ആഹാബ്‍രാജാവ്, രാജ്യത്തുള്ള എല്ലാ നേതാക്കന്മാരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഈ മനുഷ്യൻ നമ്മെ നശിപ്പിക്കാൻ ഉദ്ദേശിക്കുന്നു. എന്റെ ഭാര്യമാർ, മക്കൾ, സ്വർണം, വെള്ളി എന്നിവ ആവശ്യപ്പെട്ടുകൊണ്ടു ദൂതന്മാരെ അയച്ചിരുന്നു; ഞാൻ അതെല്ലാം സമ്മതിക്കുകയും ചെയ്തു.” 8ഇതു കേട്ടു നേതാക്കന്മാരും ജനങ്ങളും പറഞ്ഞു: “അയാൾ പറയുന്നതു സമ്മതിക്കരുത്, ഒന്നും കൊടുക്കയുമരുത്.” 9അതനുസരിച്ച് ആഹാബ് ബെൻ-ഹദദിന്റെ ദൂതന്മാരോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനോടു പറയുക: അദ്ദേഹം ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാൻ സമ്മതിച്ചിരുന്നു; എന്നാൽ ഇത്തവണ ആവശ്യപ്പെട്ടതു സമ്മതിക്കാൻ എനിക്കു നിവൃത്തിയില്ല. “ദൂതന്മാർ മടങ്ങിപ്പോയി വിവരമറിയിച്ചു. 10മറ്റൊരു സന്ദേശവുമായി ബെൻ-ഹദദിന്റെ ദൂതന്മാർ വീണ്ടും ആഹാബിന്റെ അടുക്കൽ വന്നു. “നിന്റെ ഈ പട്ടണം നശിപ്പിക്കുന്നതിന് ആവശ്യമായ സൈനികരെ ഞാൻ കൊണ്ടുവരും; അവർക്ക് ഓരോ പിടിവീതം എടുക്കാൻ ശമര്യയിലെ മണ്ണു തികയുമെങ്കിൽ ദേവന്മാർ എന്നെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.” 11അപ്പോൾ ഇസ്രായേൽരാജാവു പറഞ്ഞു; “ബെൻ-ഹദദിനോടു പറയുക; യുദ്ധത്തിനു മുമ്പല്ല, പിമ്പാണു വമ്പു പറയേണ്ടത്. 12ബെൻ-ഹദദും മറ്റു രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ ഇരുന്നു കുടിച്ചു മദിക്കുമ്പോഴായിരുന്നു ആഹാബിന്റെ മറുപടി ലഭിച്ചത്. ഉടൻതന്നെ യുദ്ധത്തിനു പുറപ്പെടാൻ ബെൻ-ഹദദ് സൈന്യത്തിന് ഉത്തരവു നല്‌കി; അവർ നഗരത്തിന് എതിരെ നിലയുറപ്പിച്ചു.
13അപ്പോൾ ഒരു പ്രവാചകൻ ഇസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കൽ വന്നു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ വലിയ സൈന്യത്തെ കണ്ടു നീ ഭയപ്പെടേണ്ടാ; അവരുടെമേൽ ഞാൻ ഇന്നു നിനക്കു വിജയം നല്‌കും. ഞാൻ സർവേശ്വരനെന്നു നീ അറിയും.” 14“ആരാണു യുദ്ധം ചെയ്യുക” എന്നു ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ യുവസേനാനികൾ യുദ്ധം ചെയ്യട്ടെ” എന്നു സർവേശ്വരൻ കല്പിക്കുന്നതായി പ്രവാചകൻ പറഞ്ഞു. “ആരാണു യുദ്ധം ആരംഭിക്കേണ്ടത്” എന്ന് ആഹാബ് ചോദിച്ചപ്പോൾ, “നീ തന്നെ” എന്നു പ്രവാചകൻ പ്രതിവചിച്ചു. 15ദേശാധിപതികളുടെ യുവസേനാനികളെ രാജാവു അണിനിരത്തി; അവർ ഇരുനൂറ്റി മുപ്പത്തിരണ്ടു പേർ ഉണ്ടായിരുന്നു. പിന്നീട് ഇസ്രായേൽപട്ടാളത്തെയും അണിനിരത്തി; അവർ ഏഴായിരം പേർ ആയിരുന്നു. 16ഉച്ചസമയത്ത് ബെൻ-ഹദദും കൂടെയുള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉന്മത്തരായിക്കൊണ്ടിരുന്നു. 17അപ്പോൾ യുവസൈനികർ യുദ്ധത്തിനുവേണ്ടി ആദ്യം പുറപ്പെട്ടു. ശമര്യയിൽനിന്നു സൈന്യം വരുന്നുണ്ടെന്നു ബെൻ-ഹദദിന്റെ കാവൽസൈന്യം അയാളെ അറിയിച്ചു. 18“അവർ വരുന്നതു സമാധാനത്തിനായാലും യുദ്ധത്തിനായാലും അവരെ ജീവനോടെ പിടിക്കണമെന്നു” ബെൻ-ഹദദ് കല്പിച്ചു.
19യുവസൈനികരെ ഇസ്രായേൽസൈന്യം അനുഗമിച്ചു. 20ഓരോരുത്തനും തനിക്കെതിരേ വന്നവനെ വധിച്ചു; സിറിയാക്കാർ പരാജയപ്പെട്ട് ഓടി; ഇസ്രായേൽസൈന്യം അവരെ പിന്തുടർന്നു. ബെൻ-ഹദദ് കുതിരപ്പുറത്തു കയറി രക്ഷപെട്ടു; ഏതാനും കുതിരപ്പടയാളികളും അയാളുടെ കൂടെ ഉണ്ടായിരുന്നു. 21ഇസ്രായേൽരാജാവ് പടക്കളത്തിലെത്തി കുതിരകളും രഥങ്ങളും കൈവശപ്പെടുത്തി; സിറിയാക്കാരെ കൂട്ടക്കൊല ചെയ്തു.
22പ്രവാചകൻ ഇസ്രായേൽരാജാവിനോടു വീണ്ടും പറഞ്ഞു: “മടങ്ങിപ്പോയി നിന്റെ സൈന്യത്തെ കൂടുതൽ ശക്തമാക്കുക; അടുത്ത വസന്തകാലത്ത് സിറിയാരാജാവ് വീണ്ടും ആക്രമിക്കും.”
സിറിയാക്കാർ വീണ്ടും ആക്രമിക്കുന്നു
23ബെൻ-ഹദദ്‍രാജാവിന്റെ സേവകന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദേവന്മാർ ഗിരിദേവന്മാരാണ്; അതുകൊണ്ടാണ് അവർ നമ്മെ പരാജയപ്പെടുത്തിയത്. സമതലത്തിൽ വച്ചു യുദ്ധം ചെയ്താൽ നമുക്ക് അവരെ നിശ്ചയമായും പരാജയപ്പെടുത്താം. 24മാത്രമല്ല മുപ്പത്തിരണ്ടു രാജാക്കന്മാർക്കു പകരം സൈന്യാധിപന്മാരെ നിയമിക്കണം. 25നഷ്ടപ്പെട്ട സൈന്യത്തിനു തുല്യമായ മറ്റൊരു സൈന്യത്തെ സംഘടിപ്പിക്കണം. കുതിരയ്‍ക്കു കുതിര, രഥത്തിനു രഥം. അതിനുശേഷം സമതലത്തിൽവച്ച് നമുക്ക് യുദ്ധം ചെയ്യാം. ഇത്തവണ നാം അവരെ പരാജയപ്പെടുത്തും. ബെൻ-ഹദദ് അവരുടെ ഉപദേശം സ്വീകരിച്ച് അതുപോലെ പ്രവർത്തിച്ചു.
26അടുത്ത വസന്തത്തിൽ ബെൻ-ഹദദ് തന്റെ സൈന്യങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി; ഇസ്രായേലിനോടു യുദ്ധം ചെയ്യാൻ അഫേക്കിലേക്കു പുറപ്പെട്ടു. 27ഇസ്രായേല്യരും യുദ്ധസന്നാഹങ്ങളോടുകൂടി അവിടെ എത്തി; അവർ രണ്ടു സംഘങ്ങളായി പാളയമടിച്ചു. ദേശം നിറഞ്ഞിരുന്ന സിറിയൻ പട്ടാളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇസ്രായേൽസൈന്യം രണ്ടു ചെറിയ ആട്ടിൻപറ്റംപോലെ മാത്രമായിരുന്നു. 28ഒരു പ്രവാചകൻ ആഹാബിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘ഞാൻ ഗിരിദേവനാണ്; സമതലപ്രദേശത്തെ ദേവനല്ല’ എന്നു സിറിയാക്കാർ പറയുന്നതുകൊണ്ട് ഈ വലിയ സൈന്യത്തിന്റെമേൽ ഞാൻ നിനക്കു വിജയം നല്‌കും; ഞാൻ സർവേശ്വരനാണെന്നു നിങ്ങൾ അറിയും.”
29സിറിയൻസൈന്യവും ഇസ്രായേൽസൈന്യവും അഭിമുഖമായി ഏഴു ദിവസം തങ്ങളുടെ പാളയങ്ങളിൽ കഴിഞ്ഞുകൂടി. ഏഴാം ദിവസം യുദ്ധമാരംഭിച്ചു; ഒറ്റ ദിവസംകൊണ്ട് ഇസ്രായേല്യർ ഒരു ലക്ഷം സിറിയൻ ഭടന്മാരെ വധിച്ചു. 30ശേഷിച്ച ഇരുപത്തി ഏഴായിരം പേർ അഫേക്കിലേക്ക് ഓടിപ്പോയി. അവരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദ് ഓടി പട്ടണത്തിലെ ഒരു ഉള്ളറയിൽ കയറി ഒളിച്ചു. 31സേവകന്മാർ ബെൻ-ഹദദിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “ഇസ്രായേൽരാജാക്കന്മാർ കരുണയുള്ളവരാണെന്നു കേട്ടിട്ടുണ്ട്; അതുകൊണ്ട് ചണവസ്ത്രം ധരിച്ച് കഴുത്തിൽ കയറു ചുറ്റി ഇസ്രായേൽരാജാവിന്റെ അടുക്കലേക്കു പോകാൻ ഞങ്ങളെ അനുവദിക്കുക; ഒരുപക്ഷേ അദ്ദേഹം അങ്ങയുടെ ജീവൻ രക്ഷിച്ചേക്കും.”
32അവർ ചണവസ്ത്രം ധരിച്ച് കഴുത്തിൽ കയറു ചുറ്റി ആഹാബിന്റെ അടുക്കൽ ചെന്നു: “എന്റെ ജീവനെ രക്ഷിക്കണമേ എന്ന് അങ്ങയുടെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. “അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അയാൾ എനിക്ക് ഒരു സഹോദരനെപ്പോലെയാണ്.” എന്ന് ആഹാബ് പ്രതിവചിച്ചു. 33ബെൻ-ഹദദിന്റെ സേവകന്മാർ ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. ആഹാബ് സഹോദരൻ എന്ന പദം ഉപയോഗിച്ചപ്പോൾ അതുതന്നെ തക്കസമയമെന്നു കരുതി, “ബെൻ-ഹദദ് അങ്ങയുടെ സഹോദരൻ തന്നെയാണ്” എന്ന് അവർ പറഞ്ഞു; “അയാളെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്ന് ആഹാബ് കല്പിച്ചു. ബെൻ-ഹദദ് അവിടെ എത്തിയപ്പോൾ ആഹാബ് അയാളെ സ്വന്തം രഥത്തിലേക്കു ക്ഷണിച്ച് അടുക്കൽ ഇരുത്തി; 34ബെൻ-ഹദദ് അദ്ദേഹത്തോടു പറഞ്ഞു. “എന്റെ പിതാവ് അങ്ങയുടെ പിതാവിൽനിന്ന് പിടിച്ചെടുത്ത പട്ടണങ്ങളെല്ലാം ഞാൻ മടക്കിത്തരാം; എന്റെ പിതാവ് ശമര്യയിൽ ചെയ്തതുപോലെ ദമാസ്കസിൽ അങ്ങേക്ക് ഒരു കച്ചവടകേന്ദ്രം തുറക്കുകയും ചെയ്യാം.” “ഈ ഉടമ്പടി അനുസരിച്ച് ഞാൻ നിങ്ങളെ വിട്ടയയ്‍ക്കാം” എന്ന് ആഹാബ് പ്രതിവചിച്ചു. ആഹാബ് ബെൻ-ഹദദുമായി ഒരു ഉടമ്പടി ഉണ്ടാക്കിയ ശേഷം അയാളെ വിട്ടയച്ചു.
ആഹാബിനെതിരായുള്ള പ്രവചനം
35സർവേശ്വരന്റെ കല്പനയനുസരിച്ചു പ്രവാചകഗണത്തിൽപ്പെട്ട ഒരാൾ “എന്നെ അടിക്കുക” എന്നു മറ്റൊരു പ്രവാചകനോടു പറഞ്ഞു. എന്നാൽ അയാൾ അതിനു വിസമ്മതിച്ചു. 36അപ്പോൾ ഒന്നാമൻ പറഞ്ഞു: “സർവേശ്വരന്റെ കല്പന അനുസരിക്കാഞ്ഞതുകൊണ്ട് നീ ഇവിടെനിന്നു പോയാൽ ഉടനെ ഒരു സിംഹം നിന്നെ കൊല്ലും.” അവൻ അവിടെനിന്നുപോയ ഉടൻതന്നെ ഒരു സിംഹം അവനെതിരേ വന്ന് അവനെ കൊന്നു. 37അയാൾ മറ്റൊരാളെ സമീപിച്ചു തന്നെ അടിക്കാൻ പറഞ്ഞു; അയാൾ അടിച്ചു മുറിവേല്പിച്ചു. 38അതിനുശേഷം പ്രവാചകൻ അവിടെനിന്നു പോയി, മുഖംമൂടി ധരിച്ച് വഴിയിൽ രാജാവിനെ കാത്തുനിന്നു. 39രാജാവ് ആ വഴി കടന്നുപോകുമ്പോൾ പ്രവാചകൻ വിളിച്ചുപറഞ്ഞു: “ഈ ദാസൻ യുദ്ധക്കളത്തിൽ പോയിരുന്നു; അപ്പോൾ ഒരു പടയാളി എന്റെയടുക്കൽ മറ്റൊരാളെ കൊണ്ടുവന്നിട്ടു പറഞ്ഞു: ‘ഇവനെ സൂക്ഷിച്ചുകൊള്ളുക; ഇവൻ കടന്നുകളഞ്ഞാൽ നിന്റെ ജീവൻ അവന്റെ ജീവനു പകരം കൊടുക്കേണ്ടിവരും.” 40അല്ലെങ്കിൽ ഒരു താലന്ത് വെള്ളി പിഴ കൊടുക്കേണ്ടിവരും. എന്നാൽ അടിയൻ പല കാര്യങ്ങളിൽ വ്യാപൃതനായിരുന്നതുകൊണ്ട് അവൻ കടന്നുകളഞ്ഞു. അപ്പോൾ രാജാവു പ്രതിവചിച്ചു. “നീ തന്നെ നിന്റെ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു; അത് അങ്ങനെതന്നെ സംഭവിക്കട്ടെ.”
41ഉടനെ രാജാവ് അയാളുടെ മുഖംമൂടി നീക്കി; അയാൾ ഒരു പ്രവാചകനാണെന്നു രാജാവിന് അപ്പോൾ മനസ്സിലായി. 42പ്രവാചകൻ രാജാവിനോടു പറഞ്ഞു: “സർവേശ്വരന്റെ വാക്കുകൾ ശ്രദ്ധിക്കുക, നശിപ്പിക്കാൻ ഞാൻ നിശ്ചയിച്ചിരുന്നവനെ നീ വിട്ടയച്ചു. അതുകൊണ്ട് അവന്റെ ജീവനു പകരം നിന്റെ ജീവൻ നീ നല്‌കണം; അവന്റെ സൈനികർക്കു പകരം നിന്റെ സൈന്യം നശിപ്പിക്കപ്പെടും.”
43രാജാവ് ദുഃഖത്തോടും നീരസത്തോടും കൂടി ശമര്യയിലെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 LALTE 20: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.