1 LALTE 19
19
ഏലിയാ ഹോരേബിൽ
1ഏലിയാ ചെയ്ത സകല പ്രവൃത്തികളും പ്രവാചകന്മാരെ വാളുകൊണ്ടു വെട്ടിക്കൊന്നതും ആഹാബ് ഈസേബെലിനോടു പറഞ്ഞു: 2അപ്പോൾ അവൾ ഒരു ദൂതനെ ഏലിയായുടെ അടുക്കൽ അയച്ചു പറയിച്ചു: “നാളെ ഈ നേരത്തിനു മുമ്പായി നിന്റെ ജീവൻ ആ പ്രവാചകന്മാരിൽ ഒരുവൻറേതുപോലെ ഞാൻ ആക്കിത്തീർക്കുന്നില്ലെങ്കിൽ ദേവന്മാർ അതും അതിലധികവും എന്നോടു ചെയ്തുകൊള്ളട്ടെ.” 3ഏലിയാ ഭയന്നു പ്രാണരക്ഷാർഥം ഓടിപ്പോയി. യെഹൂദ്യയിലെ ബേർ-ശേബയിലെത്തി അവിടെവച്ചു തന്റെ ഭൃത്യനെ വിട്ടുപിരിഞ്ഞു. 4തുടർന്നു മരുഭൂമിയിലൂടെ ഒരു ദിവസത്തെ യാത്ര ചെയ്ത് ഒരു മുൾച്ചെടിയുടെ തണൽപറ്റി ഇരുന്നു; മരിച്ചാൽ മതി എന്നു പ്രവാചകൻ ആഗ്രഹിച്ചു. അതിനുവേണ്ടി പ്രാർഥിച്ചു: “സർവേശ്വരാ, എനിക്കു മതിയായി, എന്റെ പ്രാണനെ എടുത്തുകൊണ്ടാലും; എന്റെ പിതാക്കന്മാരെക്കാൾ ഞാൻ നല്ലവനല്ലല്ലോ.” 5പ്രവാചകൻ ആ ചെടിയുടെ തണലിൽ കിടന്നുറങ്ങി; ഒരു മാലാഖ പ്രവാചകനെ തട്ടിയുണർത്തിയിട്ട് പറഞ്ഞു: “എഴുന്നേറ്റു ഭക്ഷിക്കുക.” 6അദ്ദേഹം എഴുന്നേറ്റു നോക്കിയപ്പോൾ കനലിൽ ചുട്ടെടുത്ത അടയും ഒരു ഭരണി വെള്ളവും തലയ്‍ക്കൽ ഇരിക്കുന്നതു കണ്ടു. അതു ഭക്ഷിച്ചതിനുശേഷം പ്രവാചകൻ വീണ്ടും കിടന്നു. 7സർവേശ്വരന്റെ ദൂതൻ ഏലിയായെ വീണ്ടും തട്ടിയുണർത്തി, “എഴുന്നേറ്റു ഭക്ഷിക്കുക, നിനക്കു ദൂരയാത്ര ചെയ്യാനുണ്ടല്ലോ” എന്നു പറഞ്ഞു. 8അദ്ദേഹം എഴുന്നേറ്റു ഭക്ഷണപാനീയങ്ങൾ കഴിച്ചു. അതിന്റെ ശക്തികൊണ്ടു നാല്പതു പകലും നാല്പതു രാവും യാത്ര ചെയ്തു ദൈവത്തിന്റെ പർവതമായ ഹോരേബിൽ എത്തി; 9അവിടെ ഒരു ഗുഹയിൽ ഏലിയാ പാർത്തു; അവിടെവച്ചു സർവേശ്വരൻ പ്രവാചകനോടു ഏലിയായേ, നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. 10ഏലിയാ ഉത്തരം പറഞ്ഞു: സർവശക്തനായ ദൈവമേ, ഞാൻ അങ്ങയെ എപ്പോഴും ശുഷ്കാന്തിയോടെ സേവിക്കുന്നു; ഇസ്രായേൽജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു; അവർ അങ്ങയുടെ യാഗപീഠങ്ങൾ തകർക്കുകയും അവിടുത്തെ പ്രവാചകന്മാരെ സംഹരിക്കുകയും ചെയ്തു; ഞാൻ ഒരാൾ മാത്രമേ ശേഷിച്ചിട്ടുള്ളൂ; എന്നെയും കൊല്ലാൻ അവർ ശ്രമിക്കുകയാണ്.”
11“നീ മലയിൽ കയറി എന്റെ മുമ്പാകെ നില്‌ക്കുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു. പിന്നീട് സർവേശ്വരൻ ആ വഴി കടന്നുപോയി. അപ്പോൾ മലകളെ പിളർക്കുകയും പാറകളെ തകർക്കുകയും ചെയ്ത ഒരു കൊടുങ്കാറ്റ് അടിച്ചു. എന്നാൽ കൊടുങ്കാറ്റിൽ സർവേശ്വരൻ ഇല്ലായിരുന്നു; കാറ്റിനു ശേഷം ഭൂകമ്പമുണ്ടായി; ഭൂകമ്പത്തിലും അവിടുന്ന് ഇല്ലായിരുന്നു. 12ഭൂകമ്പത്തിനു ശേഷം അഗ്നി ഉണ്ടായി; അഗ്നിയിലും സർവേശ്വരൻ ഇല്ലായിരുന്നു. അഗ്നി കെട്ടടങ്ങിയപ്പോൾ ഒരു മൃദുസ്വരം കേട്ടു; 13ഉടനെ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു ഗുഹാമുഖത്തു ചെന്നുനിന്നു. “നീ ഇവിടെ എന്തു ചെയ്യുന്നു” എന്ന ചോദ്യം അദ്ദേഹം കേട്ടു.” 14ഏലിയാ പ്രതിവചിച്ചു: “സർവശക്തനായ സർവേശ്വരാ, ഞാൻ അങ്ങയെമാത്രം ശുഷ്കാന്തിയോടെ സേവിച്ചുവരുന്നു; എന്നാൽ ഇസ്രായേൽജനം അങ്ങയോടു ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചു; അവിടുത്തെ യാഗപീഠങ്ങൾ തകർത്തു; അങ്ങയുടെ പ്രവാചകന്മാരെ അവർ കൊന്നുകളഞ്ഞു; ഞാൻ ഒരാൾ മാത്രം ശേഷിച്ചിരിക്കുന്നു; എന്നെയും കൊല്ലാൻ അവർ ശ്രമിക്കുകയാണ്.”
15സർവേശ്വരൻ ഏലിയായോടു പറഞ്ഞു: “നീ ദമാസ്കസിനടുത്തുള്ള വിജനപ്രദേശത്തേക്കു മടങ്ങിപ്പോകുക; അവിടെച്ചെന്ന് ഹസായേലിനെ സിറിയായുടെ രാജാവായി അഭിഷേകം ചെയ്യണം. 16നിംശിയുടെ മകൻ യേഹൂവിനെ ഇസ്രായേലിന്റെ രാജാവായും ആബേൽ-മെഹോലക്കാരനായ ശാഫാത്തിന്റെ മകൻ എലീശയെ നിനക്കുപകരം പ്രവാചകനായും അഭിഷേകം ചെയ്യുക. 17ഹസായേലിന്റെ കൈയിൽനിന്നു രക്ഷപെടുന്നവനെ യേഹൂ വധിക്കും. യേഹൂവിൽനിന്നു രക്ഷപെടുന്നവനെ എലീശ വധിക്കും; 18എന്നാൽ ബാൽവിഗ്രഹത്തിന്റെ മുമ്പിൽ മുട്ടുമടക്കുകയോ അതിനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാൻ ഇസ്രായേലിൽ ശേഷിപ്പിക്കും.
എലീശയെ വിളിക്കുന്നു
19ഏലിയാ അവിടെനിന്നു പുറപ്പെട്ട് ശാഫാത്തിന്റെ പുത്രനായ എലീശയുടെ അടുക്കൽ എത്തി. അയാൾ പന്ത്രണ്ട് ഏർ കാള പൂട്ടി ഉഴുതുകൊണ്ടിരിക്കുക ആയിരുന്നു. പന്ത്രണ്ടാമത്തെ നിരയിലായിരുന്നു എലീശ. എലീശയുടെ അടുക്കലെത്തിയപ്പോൾ ഏലിയാ തന്റെ മേലങ്കി ഊരി അയാളുടെ മേലിട്ടു. 20അയാൾ ഉടൻതന്നെ കാളകളെ വിട്ടു ഏലിയായുടെ അടുക്കലേക്ക് ഓടിച്ചെന്നു പറഞ്ഞു: “ഞാൻ മാതാപിതാക്കന്മാരെ ചുംബിച്ചു യാത്രപറഞ്ഞിട്ട് അങ്ങയെ അനുഗമിക്കാം.” “അങ്ങനെയാകട്ടെ, ഞാൻ നിന്നെ തടസ്സപ്പെടുത്തുന്നില്ല” ഏലിയാ പറഞ്ഞു. 21എലീശ പോയി ഒരു ഏർ കാളയെ കൊന്ന് കലപ്പ വിറകായി ഉപയോഗിച്ചു മാംസം പാകംചെയ്തു; അതു ജനത്തിനു കൊടുത്തു, അവർ അതു ഭക്ഷിച്ചു. പിന്നീട് അയാൾ ഏലിയായെ അനുഗമിച്ച് അദ്ദേഹത്തിന്റെ ശുശ്രൂഷകനായിത്തീർന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 LALTE 19: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.