1 രാജാക്കന്മാർ 10:1-13
1 രാജാക്കന്മാർ 10:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോനുള്ള കീർത്തി കേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിനു വന്നു. അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു. അവളുടെ സകല ചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിനു മറപൊരുളായിരുന്നില്ല. ശെബാരാജ്ഞി ശലോമോന്റെ സകല ജ്ഞാനവും അവൻ പണിത അരമനയും അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി. അവൾ രാജാവിനോടു പറഞ്ഞത് എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവച്ചു കേട്ട വർത്തമാനം സത്യംതന്നെ. ഞാൻ വന്ന് എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു. നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ. നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിനു നിന്നെ രാജാവാക്കിയിരിക്കുന്നു. അവൾ രാജാവിന് നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിനു കൊടുത്ത സുഗന്ധവർഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല. ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്ന് അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു. രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല. ശലോമോൻരാജാവ് സ്വമേധയാ ശെബാരാജ്ഞിക്കു രാജൗചിത്യംപോലെ കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
1 രാജാക്കന്മാർ 10:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോന്റെ കീർത്തിയെപ്പറ്റി കേട്ടറിഞ്ഞ ശെബാരാജ്ഞി അദ്ദേഹത്തെ പരീക്ഷിക്കാൻ ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ഏതാനും ചോദ്യങ്ങളുമായി അദ്ദേഹത്തിന്റെ സമീപത്തെത്തി. ഒട്ടകപ്പുറത്ത് സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും ഒട്ടുവളരെ സ്വർണവും കയറ്റി വലിയ പരിവാരത്തോടു കൂടെയാണു രാജ്ഞി യെരൂശലേമിൽ വന്നത്. ശലോമോനെ കണ്ടശേഷം തന്റെ മനസ്സിൽ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം രാജ്ഞി അദ്ദേഹത്തോടു ചോദിച്ചു. അവയ്‍ക്കെല്ലാം അദ്ദേഹം ഉത്തരം നല്‌കി; അദ്ദേഹത്തിനു വിശദീകരിക്കാൻ ആവാത്ത ഒരു ചോദ്യവും ഉണ്ടായിരുന്നില്ല. അങ്ങനെ ശലോമോന്റെ ജ്ഞാനം രാജ്ഞി നേരിട്ടു മനസ്സിലാക്കി; അദ്ദേഹം പണിയിച്ച കൊട്ടാരം കണ്ടു. അദ്ദേഹത്തിന്റെ ഭക്ഷണമേശയിലെ വിഭവങ്ങൾ, ഉദ്യോഗസ്ഥന്മാർക്കുവേണ്ടിയുള്ള സജ്ജീകരണങ്ങൾ, ഉദ്യോഗസ്ഥന്മാരുടെ നിരകൾ, അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഭക്ഷണമേശയിലെ പരിചാരകർ, ദേവാലയത്തിലെ യാഗങ്ങൾ ഇവയെല്ലാം കണ്ടപ്പോൾ ശെബാരാജ്ഞി അമ്പരന്നുപോയി. അവർ രാജാവിനോടു പറഞ്ഞു: “അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും പറ്റി എന്റെ രാജ്യത്തു കേട്ടതു വാസ്തവംതന്നെ. നേരിൽ കാണുന്നതുവരെ ഞാൻ അതൊന്നും വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ ഉള്ളതിന്റെ പകുതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും ധനവും ഞാൻ കേട്ടിരുന്നതിലും എത്രയോ അധികം! അങ്ങയുടെ ഭാര്യമാർ എത്രമാത്രം ഭാഗ്യവതികൾ! എപ്പോഴും അങ്ങയുടെ സന്നിധിയിൽനിന്നു ജ്ഞാനവചസ്സു കേട്ടു ഗ്രഹിക്കുന്ന ഉദ്യോഗസ്ഥന്മാർ എത്ര ഭാഗ്യവാന്മാർ! അങ്ങിൽ പ്രസാദിച്ച് ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ അങ്ങയെ വാഴിച്ച സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമായതിനാൽ നീതിയും ന്യായവും നടത്താൻ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നു.” രാജ്ഞി കൊണ്ടുവന്നിരുന്ന സമ്മാനങ്ങളെല്ലാം ശലോമോനു കൊടുത്തു. നൂറ്റിരുപതു താലന്ത് സ്വർണവും ധാരാളം രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും ശലോമോനു ലഭിച്ചു; ശെബാരാജ്ഞിയിൽനിന്നു ലഭിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ മറ്റാരിൽനിന്നും ശലോമോന് ലഭിച്ചിട്ടില്ല. ഓഫീരിൽനിന്നു സ്വർണവുമായി വന്നിരുന്ന ഹീരാമിന്റെ കപ്പലുകളിൽ രക്തചന്ദനവും രത്നങ്ങളുംകൂടി കൊണ്ടുവന്നിരുന്നു. രാജാവ് ചന്ദനത്തടികൊണ്ടു ദേവാലയത്തിനും കൊട്ടാരത്തിനും തൂണുകളും ഗായകർക്കു വീണകളും കിന്നരങ്ങളും നിർമ്മിച്ചു. ഇത്തരം ചന്ദനത്തടികൾ യെഹൂദാദേശത്ത് അന്നുവരെയും ആരും കൊണ്ടുവന്നിരുന്നില്ല; കണ്ടിരുന്നതുമില്ല. രാജാവ് ശെബാരാജ്ഞിക്കു ധാരാളം സമ്മാനങ്ങൾ നല്‌കിയതു കൂടാതെ അവർ ആഗ്രഹിച്ചതും ചോദിച്ചതുമായ സകലതും നല്‌കി; പരിവാരസമേതം അവർ സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു.
1 രാജാക്കന്മാർ 10:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്‍റെ കീർത്തി കേട്ടിട്ടു കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിനു വന്നു. അവൾ വലിയോരു പരിവാരത്തോടും, സുഗന്ധവർഗ്ഗവും ധാരാളം പൊന്നും രത്നവും ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്‍റെ അടുക്കൽവന്ന് തന്‍റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോടു സംസാരിച്ചു. അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; അവൾക്കു വിശദീകരിച്ചു കൊടുക്കാൻ കഴിയാത്തതായി ഒന്നും രാജാവിന് ഉണ്ടായിരുന്നില്ല. ശലോമോന്‍റെ ജ്ഞാനബാഹുല്യവും അവൻ പണിത അരമനയും അവന്റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും, പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്‍റെ എഴുന്നെള്ളത്തിന്‍റെ പാതകളും കണ്ടിട്ട് ശെബാരാജ്ഞി അമ്പരന്നുപോയി. അവൾ രാജാവിനോടു പറഞ്ഞത്: “നിന്‍റെ വാക്കുകളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവച്ചു കേട്ട വർത്തമാനം സത്യം തന്നെ. ഞാൻ വന്ന് എന്‍റെ കണ്ണുകൊണ്ട് കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചിരുന്നില്ല. എന്നാൽ യാഥാർത്ഥ്യത്തിന്‍റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. നിന്‍റെ ജ്ഞാനവും ധനവും ഞാൻ കേട്ട പ്രശസ്തിയേക്കാൾ വളരെ അധികമാകുന്നു. നിന്‍റെ ജനങ്ങളും നിന്‍റെ മുമ്പിൽനിന്നു എപ്പോഴും ജ്ഞാനം കേൾക്കുന്ന ഈ ഭൃത്യന്മാരും എത്രയോ ഭാഗ്യവാന്മാർ! നിന്നെ യിസ്രായേലിന്‍റെ സിംഹാസനത്തിൽ ഇരുത്തുവാൻ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ട് നീതിയും ന്യായവും നടത്തേണ്ടതിനു നിന്നെ രാജാവാക്കിയിരിക്കുന്നു.” അവൾ രാജാവിന് ഏകദേശം 4,000 കിലോഗ്രാം പൊന്നും അനവധി സുഗന്ധദ്രവ്യങ്ങളും വിലയേറിയ രത്നങ്ങളും കൊടുത്തു. ശെബാരാജ്ഞി ശലോമോൻ രാജാവിന് കൊടുത്തതുപോലെ സുഗന്ധദ്രവ്യങ്ങൾ പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല. ഹീരാമിന്‍റെ കപ്പലുകൾ ഓഫീരിൽ നിന്ന് പൊന്നു കൊണ്ടുവന്നതുകൂടാതെ അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു. രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും പടികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ ലഭിച്ചിട്ടില്ല, ആരും കണ്ടിട്ടുമില്ല. ശെബാരാജ്ഞിക്കു രാജകീയ നിലവാരം അനുസരിച്ച് കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതെല്ലാം ശലോമോൻ രാജാവ് അവൾക്ക് കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
1 രാജാക്കന്മാർ 10:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീർത്തി കേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന്നു വന്നു. അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽവന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു. അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല. ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി. അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ. ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു. നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ. നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു. അവൾ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന്നു കൊടുത്ത സുഗന്ധവർഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല. ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു. രാജാവു ചന്ദനംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല. ശലോമോൻരാജാവു സ്വമേധയാ ശെബാരാജ്ഞിക്കു രാജൗചിത്യംപോലെ കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോൻരാജാവു അവൾക്കു കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
1 രാജാക്കന്മാർ 10:1-13 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ നാമം സംബന്ധിച്ച് ശലോമോനുള്ള പ്രശസ്തി കേട്ടിട്ട് ശേബാരാജ്ഞി കഠിനമായ ചോദ്യങ്ങളുമായി അദ്ദേഹത്തെ പരീക്ഷിക്കാൻ വന്നു. സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വർണവും വിലപിടിപ്പുള്ള രത്നക്കല്ലുകളും വഹിക്കുന്ന ഒട്ടകങ്ങളുമായി വമ്പിച്ച പരിവാരങ്ങളോടെയാണ് രാജ്ഞി ജെറുശലേമിൽ എത്തിയത്. അവൾ ശലോമോന്റെ അടുക്കലെത്തി തന്റെ മനസ്സിൽ നിരൂപിച്ചിരുന്ന സകലകാര്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു. അവളുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ മറുപടി നൽകി; വിശദീകരണം കൊടുക്കാൻ കഴിയാത്തവിധം യാതൊന്നും രാജാവിന് അജ്ഞാതമായിരുന്നില്ല. ശലോമോന്റെ ജ്ഞാനം, അദ്ദേഹം പണിയിച്ച അരമന, മേശയിലെ വിഭവങ്ങൾ, ഉദ്യോഗസ്ഥരുടെ ഇരിപ്പ്, പ്രത്യേക വേഷവിധാനമണിഞ്ഞ പരിചാരകവൃന്ദങ്ങളുടെ നിൽപ്പ്, പാനപാത്രവാഹകർ, യഹോവയുടെ ആലയത്തിൽ അർപ്പിച്ച ഹോമയാഗങ്ങൾ എന്നിവയെല്ലാം കണ്ടപ്പോൾ ശേബാരാജ്ഞി വിസ്മയസ്തബ്ധയായി. അവൾ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും എന്റെ സ്വന്തംനാട്ടിൽവെച്ചു ഞാൻ കേട്ട വാർത്ത സത്യംതന്നെ. പക്ഷേ, ഇവിടെയെത്തി എന്റെ സ്വന്തം കണ്ണുകൾകൊണ്ടു നേരിൽ കാണുന്നതുവരെ ഈ കാര്യങ്ങൾ ഞാൻ വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ ഇതിൽ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. അങ്ങയുടെ ജ്ഞാനവും ധനസമ്പത്തും ഞാൻ കേട്ടതിനെക്കാൾ എത്രയോ അധികമാണ്. അങ്ങയുടെ ജനം എത്ര ഭാഗ്യംചെന്നവർ! അങ്ങയുടെ ജ്ഞാനവചനങ്ങൾ എപ്പോഴും കേൾക്കുന്ന അങ്ങയുടെ സേവകരും എത്ര ഭാഗ്യശാലികൾ! അങ്ങയിൽ പ്രസാദിച്ച് അങ്ങയെ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ പ്രതിഷ്ഠിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. യഹോവയ്ക്ക് ഇസ്രായേലിനോടുള്ള നിത്യമായ സ്നേഹംനിമിത്തം യഹോവ അങ്ങയെ നീതിയും ധർമവും പരിപാലിക്കാൻ രാജാവാക്കിയിരിക്കുന്നു.” അവൾ നൂറ്റിയിരുപതു താലന്തു സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും വിലപിടിപ്പുള്ള രത്നങ്ങളും രാജാവിനു സമ്മാനിച്ചു. ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ പിന്നീടൊരിക്കലും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. (ഇതു കൂടാതെ, ഹീരാമിന്റെ കപ്പലുകൾ ഓഫീറിൽനിന്ന് സ്വർണവും ധാരാളം ചന്ദനത്തടികളും വിലപിടിപ്പുള്ള രത്നങ്ങളും കൊണ്ടുവന്നു. യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും തൂണുകൾ നിർമിക്കുന്നതിനും ഗായകർക്കുവേണ്ടി കിന്നരങ്ങളും വീണകളും ഉണ്ടാക്കുന്നതിനും രാജാവ് ആ ചന്ദനത്തടികൾ ഉപയോഗിച്ചു. അതിനുശേഷം, ഇത്രയധികം ചന്ദനത്തടികൾ ഇന്നോളം ഇറക്കുമതി ചെയ്തിട്ടില്ല; കാണാനും കഴിഞ്ഞിട്ടില്ല.) ശലോമോൻരാജാവ് ശേബാരാജ്ഞിക്ക് ഔദാര്യപൂർവം നൽകിയ രാജകീയ സമ്മാനങ്ങൾക്കുപുറമേ, ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു നൽകി. അതിനുശേഷം, അവൾ പരിവാരസമേതം സ്വദേശത്തേക്കു മടങ്ങിപ്പോയി.