1 രാജാ. 10:1-13

1 രാജാ. 10:1-13 IRVMAL

ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്‍റെ കീർത്തി കേട്ടിട്ടു കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിനു വന്നു. അവൾ വലിയോരു പരിവാരത്തോടും, സുഗന്ധവർഗ്ഗവും ധാരാളം പൊന്നും രത്നവും ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്‍റെ അടുക്കൽവന്ന് തന്‍റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോടു സംസാരിച്ചു. അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; അവൾക്കു വിശദീകരിച്ചു കൊടുക്കാൻ കഴിയാത്തതായി ഒന്നും രാജാവിന് ഉണ്ടായിരുന്നില്ല. ശലോമോന്‍റെ ജ്ഞാനബാഹുല്യവും അവൻ പണിത അരമനയും അവന്‍റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും, പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്‍റെ എഴുന്നെള്ളത്തിന്‍റെ പാതകളും കണ്ടിട്ട് ശെബാരാജ്ഞി അമ്പരന്നുപോയി. അവൾ രാജാവിനോടു പറഞ്ഞത്: “നിന്‍റെ വാക്കുകളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്‍റെ ദേശത്തുവച്ചു കേട്ട വർത്തമാനം സത്യം തന്നെ. ഞാൻ വന്ന് എന്‍റെ കണ്ണുകൊണ്ട് കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചിരുന്നില്ല. എന്നാൽ യാഥാർത്ഥ്യത്തിന്‍റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. നിന്‍റെ ജ്ഞാനവും ധനവും ഞാൻ കേട്ട പ്രശസ്തിയേക്കാൾ വളരെ അധികമാകുന്നു. നിന്‍റെ ജനങ്ങളും നിന്‍റെ മുമ്പിൽനിന്നു എപ്പോഴും ജ്ഞാനം കേൾക്കുന്ന ഈ ഭൃത്യന്മാരും എത്രയോ ഭാഗ്യവാന്മാർ! നിന്നെ യിസ്രായേലിന്‍റെ സിംഹാസനത്തിൽ ഇരുത്തുവാൻ പ്രസാദിച്ച നിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ട് നീതിയും ന്യായവും നടത്തേണ്ടതിനു നിന്നെ രാജാവാക്കിയിരിക്കുന്നു.” അവൾ രാജാവിന് ഏകദേശം 4,000 കിലോഗ്രാം പൊന്നും അനവധി സുഗന്ധദ്രവ്യങ്ങളും വിലയേറിയ രത്നങ്ങളും കൊടുത്തു. ശെബാരാജ്ഞി ശലോമോൻ രാജാവിന് കൊടുത്തതുപോലെ സുഗന്ധദ്രവ്യങ്ങൾ പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല. ഹീരാമിന്‍റെ കപ്പലുകൾ ഓഫീരിൽ നിന്ന് പൊന്നു കൊണ്ടുവന്നതുകൂടാതെ അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു. രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും പടികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ ലഭിച്ചിട്ടില്ല, ആരും കണ്ടിട്ടുമില്ല. ശെബാരാജ്ഞിക്കു രാജകീയ നിലവാരം അനുസരിച്ച് കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതെല്ലാം ശലോമോൻ രാജാവ് അവൾക്ക് കൊടുത്തു. അങ്ങനെ അവൾ തന്‍റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.