1 LALTE 10:1-13

1 LALTE 10:1-13 MALCLBSI

ശലോമോന്റെ കീർത്തിയെപ്പറ്റി കേട്ടറിഞ്ഞ ശെബാരാജ്ഞി അദ്ദേഹത്തെ പരീക്ഷിക്കാൻ ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ഏതാനും ചോദ്യങ്ങളുമായി അദ്ദേഹത്തിന്റെ സമീപത്തെത്തി. ഒട്ടകപ്പുറത്ത് സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും ഒട്ടുവളരെ സ്വർണവും കയറ്റി വലിയ പരിവാരത്തോടു കൂടെയാണു രാജ്ഞി യെരൂശലേമിൽ വന്നത്. ശലോമോനെ കണ്ടശേഷം തന്റെ മനസ്സിൽ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം രാജ്ഞി അദ്ദേഹത്തോടു ചോദിച്ചു. അവയ്‍ക്കെല്ലാം അദ്ദേഹം ഉത്തരം നല്‌കി; അദ്ദേഹത്തിനു വിശദീകരിക്കാൻ ആവാത്ത ഒരു ചോദ്യവും ഉണ്ടായിരുന്നില്ല. അങ്ങനെ ശലോമോന്റെ ജ്ഞാനം രാജ്ഞി നേരിട്ടു മനസ്സിലാക്കി; അദ്ദേഹം പണിയിച്ച കൊട്ടാരം കണ്ടു. അദ്ദേഹത്തിന്റെ ഭക്ഷണമേശയിലെ വിഭവങ്ങൾ, ഉദ്യോഗസ്ഥന്മാർക്കുവേണ്ടിയുള്ള സജ്ജീകരണങ്ങൾ, ഉദ്യോഗസ്ഥന്മാരുടെ നിരകൾ, അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഭക്ഷണമേശയിലെ പരിചാരകർ, ദേവാലയത്തിലെ യാഗങ്ങൾ ഇവയെല്ലാം കണ്ടപ്പോൾ ശെബാരാജ്ഞി അമ്പരന്നുപോയി. അവർ രാജാവിനോടു പറഞ്ഞു: “അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും പറ്റി എന്റെ രാജ്യത്തു കേട്ടതു വാസ്തവംതന്നെ. നേരിൽ കാണുന്നതുവരെ ഞാൻ അതൊന്നും വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ ഉള്ളതിന്റെ പകുതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും ധനവും ഞാൻ കേട്ടിരുന്നതിലും എത്രയോ അധികം! അങ്ങയുടെ ഭാര്യമാർ എത്രമാത്രം ഭാഗ്യവതികൾ! എപ്പോഴും അങ്ങയുടെ സന്നിധിയിൽനിന്നു ജ്ഞാനവചസ്സു കേട്ടു ഗ്രഹിക്കുന്ന ഉദ്യോഗസ്ഥന്മാർ എത്ര ഭാഗ്യവാന്മാർ! അങ്ങിൽ പ്രസാദിച്ച് ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ അങ്ങയെ വാഴിച്ച സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമായതിനാൽ നീതിയും ന്യായവും നടത്താൻ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നു.” രാജ്ഞി കൊണ്ടുവന്നിരുന്ന സമ്മാനങ്ങളെല്ലാം ശലോമോനു കൊടുത്തു. നൂറ്റിരുപതു താലന്ത് സ്വർണവും ധാരാളം രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും ശലോമോനു ലഭിച്ചു; ശെബാരാജ്ഞിയിൽനിന്നു ലഭിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ മറ്റാരിൽനിന്നും ശലോമോന് ലഭിച്ചിട്ടില്ല. ഓഫീരിൽനിന്നു സ്വർണവുമായി വന്നിരുന്ന ഹീരാമിന്റെ കപ്പലുകളിൽ രക്തചന്ദനവും രത്നങ്ങളുംകൂടി കൊണ്ടുവന്നിരുന്നു. രാജാവ് ചന്ദനത്തടികൊണ്ടു ദേവാലയത്തിനും കൊട്ടാരത്തിനും തൂണുകളും ഗായകർക്കു വീണകളും കിന്നരങ്ങളും നിർമ്മിച്ചു. ഇത്തരം ചന്ദനത്തടികൾ യെഹൂദാദേശത്ത് അന്നുവരെയും ആരും കൊണ്ടുവന്നിരുന്നില്ല; കണ്ടിരുന്നതുമില്ല. രാജാവ് ശെബാരാജ്ഞിക്കു ധാരാളം സമ്മാനങ്ങൾ നല്‌കിയതു കൂടാതെ അവർ ആഗ്രഹിച്ചതും ചോദിച്ചതുമായ സകലതും നല്‌കി; പരിവാരസമേതം അവർ സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു.

1 LALTE 10 വായിക്കുക