യഹോവയുടെ നാമം സംബന്ധിച്ച് ശലോമോനുള്ള പ്രശസ്തി കേട്ടിട്ട് ശേബാരാജ്ഞി കഠിനമായ ചോദ്യങ്ങളുമായി അദ്ദേഹത്തെ പരീക്ഷിക്കാൻ വന്നു. സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വർണവും വിലപിടിപ്പുള്ള രത്നക്കല്ലുകളും വഹിക്കുന്ന ഒട്ടകങ്ങളുമായി വമ്പിച്ച പരിവാരങ്ങളോടെയാണ് രാജ്ഞി ജെറുശലേമിൽ എത്തിയത്. അവൾ ശലോമോന്റെ അടുക്കലെത്തി തന്റെ മനസ്സിൽ നിരൂപിച്ചിരുന്ന സകലകാര്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു. അവളുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ മറുപടി നൽകി; വിശദീകരണം കൊടുക്കാൻ കഴിയാത്തവിധം യാതൊന്നും രാജാവിന് അജ്ഞാതമായിരുന്നില്ല. ശലോമോന്റെ ജ്ഞാനം, അദ്ദേഹം പണിയിച്ച അരമന, മേശയിലെ വിഭവങ്ങൾ, ഉദ്യോഗസ്ഥരുടെ ഇരിപ്പ്, പ്രത്യേക വേഷവിധാനമണിഞ്ഞ പരിചാരകവൃന്ദങ്ങളുടെ നിൽപ്പ്, പാനപാത്രവാഹകർ, യഹോവയുടെ ആലയത്തിൽ അർപ്പിച്ച ഹോമയാഗങ്ങൾ എന്നിവയെല്ലാം കണ്ടപ്പോൾ ശേബാരാജ്ഞി വിസ്മയസ്തബ്ധയായി. അവൾ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും എന്റെ സ്വന്തംനാട്ടിൽവെച്ചു ഞാൻ കേട്ട വാർത്ത സത്യംതന്നെ. പക്ഷേ, ഇവിടെയെത്തി എന്റെ സ്വന്തം കണ്ണുകൾകൊണ്ടു നേരിൽ കാണുന്നതുവരെ ഈ കാര്യങ്ങൾ ഞാൻ വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ ഇതിൽ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. അങ്ങയുടെ ജ്ഞാനവും ധനസമ്പത്തും ഞാൻ കേട്ടതിനെക്കാൾ എത്രയോ അധികമാണ്. അങ്ങയുടെ ജനം എത്ര ഭാഗ്യംചെന്നവർ! അങ്ങയുടെ ജ്ഞാനവചനങ്ങൾ എപ്പോഴും കേൾക്കുന്ന അങ്ങയുടെ സേവകരും എത്ര ഭാഗ്യശാലികൾ! അങ്ങയിൽ പ്രസാദിച്ച് അങ്ങയെ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ പ്രതിഷ്ഠിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. യഹോവയ്ക്ക് ഇസ്രായേലിനോടുള്ള നിത്യമായ സ്നേഹംനിമിത്തം യഹോവ അങ്ങയെ നീതിയും ധർമവും പരിപാലിക്കാൻ രാജാവാക്കിയിരിക്കുന്നു.” അവൾ നൂറ്റിയിരുപതു താലന്തു സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും വിലപിടിപ്പുള്ള രത്നങ്ങളും രാജാവിനു സമ്മാനിച്ചു. ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ പിന്നീടൊരിക്കലും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. (ഇതു കൂടാതെ, ഹീരാമിന്റെ കപ്പലുകൾ ഓഫീറിൽനിന്ന് സ്വർണവും ധാരാളം ചന്ദനത്തടികളും വിലപിടിപ്പുള്ള രത്നങ്ങളും കൊണ്ടുവന്നു. യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും തൂണുകൾ നിർമിക്കുന്നതിനും ഗായകർക്കുവേണ്ടി കിന്നരങ്ങളും വീണകളും ഉണ്ടാക്കുന്നതിനും രാജാവ് ആ ചന്ദനത്തടികൾ ഉപയോഗിച്ചു. അതിനുശേഷം, ഇത്രയധികം ചന്ദനത്തടികൾ ഇന്നോളം ഇറക്കുമതി ചെയ്തിട്ടില്ല; കാണാനും കഴിഞ്ഞിട്ടില്ല.) ശലോമോൻരാജാവ് ശേബാരാജ്ഞിക്ക് ഔദാര്യപൂർവം നൽകിയ രാജകീയ സമ്മാനങ്ങൾക്കുപുറമേ, ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു നൽകി. അതിനുശേഷം, അവൾ പരിവാരസമേതം സ്വദേശത്തേക്കു മടങ്ങിപ്പോയി.
1 രാജാക്കന്മാർ 10 വായിക്കുക
കേൾക്കുക 1 രാജാക്കന്മാർ 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാക്കന്മാർ 10:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ