1 കൊരിന്ത്യർ 15:29-58
1 കൊരിന്ത്യർ 15:29-58 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അല്ല, മരിച്ചവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്? ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നത് എന്തിന്? സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു. ഞാൻ എഫെസൊസിൽവച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്ക് എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ. വഞ്ചിക്കപ്പെടരുത്, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.” നീതിക്കു നിർമദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജയ്ക്കായി പറയുന്നു. പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. മൂഢാ, നീ വിതയ്ക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന് ഒരു ശരീരവും ഓരോ വിത്തിന് അതതിന്റെ ശരീരവും കൊടുക്കുന്നു. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറേ, കന്നുകാലികളുടെ മാംസം വേറേ; പക്ഷികളുടെ മാംസം വേറേ, മത്സ്യങ്ങളുടെ മാംസവും വേറേ. സ്വർഗീയശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്; സ്വർഗീയശരീരങ്ങളുടെ തേജസ്സു വേറേ, ഭൗമശരീരങ്ങളുടെ തേജസ്സു വേറേ. സൂര്യന്റെ തേജസ്സു വേറേ, ചന്ദ്രന്റെ തേജസ്സു വേറേ, നക്ഷത്രങ്ങളുടെ തേജസ്സു വേറേ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണംതന്നെ. ദ്രവത്വത്തിൽ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗീയനെപ്പോലെ സ്വർഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗീയന്റെ പ്രതിമയും ധരിക്കും. സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്തോത്രം. ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർഥമല്ല എന്ന് അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർധിച്ചുവരുന്നവരും ആകുവിൻ.
1 കൊരിന്ത്യർ 15:29-58 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മരിച്ചവർക്കുവേണ്ടി സ്നാപനം ചെയ്യപ്പെടുന്നവരെക്കുറിച്ച് എന്താണു പറയുക? അതുകൊണ്ട് എന്തു സാധിക്കാമെന്നാണ് അവരുടെ പ്രത്യാശ? ചിലർ വാദിക്കുന്നതുപോലെ മരിച്ചവർ ഉയിർപ്പിക്കപ്പെടുകയില്ല എന്നുള്ളത് വാസ്തവമാണെങ്കിൽ മരിച്ചവർക്കുവേണ്ടി സ്നാപനം സ്വീകരിക്കുന്നവർ എന്തിന് അങ്ങനെ ചെയ്യുന്നു? ഞങ്ങൾതന്നെയും നാൾതോറും അപകടങ്ങളെ നേരിട്ടുകൊണ്ട് എന്തിനു മുമ്പോട്ടു പോകണം? സോദരരേ, ക്രിസ്തുവിലുള്ള വിശ്വാസം സംബന്ധിച്ച് നിങ്ങളെപ്പറ്റി എനിക്കുള്ള അഭിമാനം മുൻനിറുത്തി ഞാൻ പറയുന്നു: നിത്യേന ഞാൻ മരണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എഫെസൊസിൽവച്ചു “വന്യമൃഗങ്ങളോടു” പോരാടിയതുകൊണ്ട് ലൗകികമായി നോക്കുമ്പോൾ എനിക്ക് എന്തു പ്രയോജനം? മരിച്ചവർ ഉത്ഥാനം ചെയ്യപ്പെടുന്നില്ലെങ്കിൽ “നമുക്കു തിന്നും കുടിച്ചും ഉല്ലസിക്കാം; നാളെ മരിക്കുമല്ലോ.” നിങ്ങളെ ആരും വഴിതെറ്റിക്കരുത്. “അധമന്മാരുടെ സംസർഗം സജ്ജനങ്ങളെ ദുഷിപ്പിക്കുന്നു.” പാപമാർഗങ്ങളിൽനിന്നു പിന്തിരിഞ്ഞ് സുബോധമുള്ളവരായിത്തീരുക. നിങ്ങളിൽ ചിലർക്കു ദൈവത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. നിങ്ങൾ ലജ്ജിക്കേണ്ടതിനാണ് ഞാനിതു പറയുന്നത്. “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടും?” എന്നും “അവരുടെ ശരീരം എങ്ങനെയുള്ളതായിരിക്കും?” എന്നും ചിലർ ചോദിച്ചേക്കാം. ഭോഷാ, നീ വിതയ്‍ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കിൽ വീണ്ടും ജീവൻ പ്രാപിച്ചു മുളച്ചു വളരുകയില്ല. കോതമ്പിന്റെയോ മറ്റേതെങ്കിലും ധാന്യത്തിന്റെയോ ഒരു മണി മാത്രമായിരിക്കും നിങ്ങൾ വിതയ്‍ക്കുന്നത്; അല്ലാതെ വളർച്ചയെത്തിയ ചെടിയല്ല നടുന്നത്. തനിക്കിഷ്ടമുള്ള ശരീരം ദൈവം ആ വിത്തിനു നല്‌കുന്നു; ഓരോ വിത്തിനും അതതിൻറേതായ ശരീരം നല്‌കപ്പെടുന്നു. എല്ലാ ജീവികളുടെയും മാംസം ഒരേ തരത്തിലുള്ളതല്ലല്ലോ; മനുഷ്യരുടെ മാംസം ഒരു തരത്തിലുള്ളതാണെങ്കിൽ മൃഗങ്ങളുടെ മാംസം വേറൊരു തരത്തിലുള്ളതാണ്. പക്ഷികളുടെ മാംസം വേറെ, മത്സ്യമാംസവും വേറെ. സ്വർഗീയ ശരീരങ്ങളുണ്ട്, ഭൗതികശരീരങ്ങളുമുണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഭൗതികശരീരങ്ങളുടെ തേജസ്സിൽനിന്നു വിഭിന്നമാണ്. സൂര്യന് അതിൻറേതായ തേജസ്സുണ്ട്. ചന്ദ്രന്റെ തേജസ്സ് മറ്റൊന്നാണ്. നക്ഷത്രങ്ങളുടെ തേജസ്സ് വേറൊന്ന്; തേജസ്സിന്റെ കാര്യത്തിൽ ഒരു നക്ഷത്രം മറ്റൊന്നിൽനിന്നു വ്യത്യസ്തമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള സ്ഥിതിവിശേഷവും ഇതുപോലെയായിരിക്കും. സംസ്കരിക്കുന്ന ശരീരം നശ്വരം; ഉയിർത്തെഴുന്നേല്‌ക്കുന്ന ശരീരം അനശ്വരം. സംസ്കരിക്കുമ്പോൾ ഹീനവും ദുർബലവുമായിരിക്കും. ഉയിർത്തെഴുന്നേല്‌ക്കുമ്പോൾ തേജോമയവും ശക്തവുമായിരിക്കും. ഭൗതികശരീരമാണു സംസ്കരിക്കുന്നത്; ഉയിർത്തെഴുന്നേല്‌ക്കുന്നത് ആത്മീയശരീരവും. ഭൗതികശരീരം ഉള്ളതുപോലെ ആത്മീയശരീരവുമുണ്ട്. ആദിമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായി സൃഷ്‍ടിക്കപ്പെട്ടു എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്; എന്നാൽ ഒടുവിലത്തെ ആദാം ജീവദായകനായ ആത്മാവാകുന്നു. ആത്മീയമായതല്ല ആദ്യമുണ്ടായത്. പ്രത്യുത ആദ്യം ഭൗതികമായതും പിന്നീട് ആത്മീയമായതും ഉണ്ടായി. ആദ്യത്തെ മനുഷ്യൻ ഭൂമിയിലെ മണ്ണിൽ നിന്നുള്ളവനാണ്. രണ്ടാമത്തെ മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവനത്രേ. മണ്ണിൽനിന്ന് ഉണ്ടായവനെപ്പോലെയാണ്, മൺമയരായ എല്ലാവരും; സ്വർഗത്തിൽനിന്നുള്ളവനെപ്പോലെയാണ് സ്വർഗീയരായ എല്ലാവരും. മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ടവന്റെ രൂപസാദൃശ്യം നാം ധരിച്ചതുപോലെ തന്നെ, സ്വർഗത്തിൽനിന്നു വന്ന മനുഷ്യന്റെ രൂപസാദൃശ്യവും ധരിക്കും. സഹോദരരേ, മാംസരക്തങ്ങൾക്ക് ദൈവരാജ്യം അവകാശമാക്കുവാൻ കഴിയുകയില്ല; നശ്വരമായതിന് അനശ്വരമായതിനെ സ്വന്തമാക്കുവാനും സാധ്യമല്ല. ഞാൻ പറയുന്ന ഈ രഹസ്യസത്യം നിങ്ങൾ ശ്രദ്ധിക്കുക; നാം എല്ലാവരും മരിക്കുകയില്ല; എന്നാൽ അവസാനത്തെ കാഹളം മുഴക്കുമ്പോൾ എല്ലാവരും പെട്ടെന്ന് ഒരു നിമിഷമാത്രയിൽ രൂപാന്തരപ്പെടും; കാഹളം മുഴക്കുമ്പോൾ മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കും; അവർ അനശ്വരരായിരിക്കും. നാമെല്ലാവരും രൂപാന്തരം പ്രാപിക്കുകയും ചെയ്യും. ഈ നശ്വരമായത് അനശ്വരമായും, മർത്യമായത് അമർത്യമായും രൂപാന്തരപ്പെടേണ്ടതാണ്. അതുകൊണ്ട് ഈ നശ്വരമായത് അനശ്വരമായും മർത്യമായത് അമർത്യമായും തീരുമ്പോൾ ‘മരണത്തെ ഉന്മൂലനം ചെയ്തു; വിജയം പൂർത്തിയായി’ എന്ന വേദലിഖിതം യഥാർഥമായിത്തീരും. ‘ഹേ മരണമേ, നിന്റെ വിജയമെവിടെ? വേദനിപ്പിക്കുന്ന നിന്റെ വിഷമുള്ള് എവിടെ?’ വേദനിപ്പിക്കുവാനുള്ള ശക്തി മരണത്തിനുണ്ടാകുന്നത് പാപം മൂലമാണ്; പാപത്തിന്റെ ശക്തി നിയമംമൂലവും. എന്നാൽ കർത്താവായ യേശുക്രിസ്തു മുഖേന നമുക്കു വിജയം നല്‌കുന്ന ദൈവത്തിനു സ്തോത്രം! അതുകൊണ്ട് എന്റെ പ്രിയ സഹോദരരേ, നിങ്ങൾ ഉറച്ച് അചഞ്ചലരായി നില്‌ക്കുക. കർത്താവിനുവേണ്ടിയുള്ള പ്രയത്നത്തിൽ ഉത്തരോത്തരം വ്യാപൃതരാകുക. കർത്താവിൽ നിങ്ങളുടെ യാതൊരു പ്രയത്നവും വ്യർഥമാകുകയില്ലെന്നു നിങ്ങൾക്ക് അറിയാമല്ലോ.
1 കൊരിന്ത്യർ 15:29-58 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അല്ല, മരിച്ചവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നവർ എന്ത് ചെയ്യും? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്? ഞങ്ങളും ഓരോ മണിക്കൂറും പ്രാണഭയത്തിൽ കഴിയുന്നത് എന്തിന്? സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്ക് നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു. ഞാൻ എഫെസൊസിൽവച്ച് വന്യമൃഗങ്ങളോട് യുദ്ധം ചെയ്തത് വെറും മാനുഷികം എന്നു വരികിൽ എനിക്ക് എന്ത് പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്കുക, നാളെ ചാകുമല്ലോ. വഞ്ചിക്കപ്പെടരുത്, “ദുഷിച്ച കൂട്ടുകെട്ട് സദാചാരം നശിപ്പിക്കുന്നു.” സുബോധമുള്ളവരായി ഉണരുവിൻ; പാപം ചെയ്യാതിരിക്കുവിൻ; എന്തെന്നാൽ ചിലർക്ക് ദൈവത്തെക്കുറിച്ച് പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്ക് ലജ്ജയ്ക്കായി പറയുന്നു. പക്ഷേ ചിലർ ചോദിച്ചേക്കാം; “മരിച്ചവർ എങ്ങനെ ഉയിർക്കുന്നു?” “ഏതുവിധം ശരീരത്തോടെ അവർ വരും?” മൂഢാ, നീ വിതയ്ക്കുന്നത് ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, ഗോതമ്പിൻ്റെയോ മറ്റു വല്ലതിൻ്റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന് ഒരു ശരീരവും, ഓരോ വിത്തിന് അതതിന്റെ ശരീരവും കൊടുക്കുന്നു. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, മൃഗങ്ങളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ. സ്വർഗ്ഗീയ ശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്; എന്നാൽ, സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സ് വേറെ, ഭൗമ ശരീരങ്ങളുടെ തേജസ്സ് വേറെ. സൂര്യന്‍റെ തേജസ്സ് വേറെ, ചന്ദ്രന്‍റെ തേജസ്സ് വേറെ, നക്ഷത്രങ്ങളുടെ തേജസ്സ് വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ട് വ്യത്യാസം ഉണ്ടല്ലോ. മരിച്ചവരുടെ പുനരുത്ഥാനവും അപ്രകാരം തന്നെ. നശ്വരമായതിൽ വിതയ്ക്കപ്പെടുന്നു, അനശ്വരമായതിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; ഭൗമികശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; ഭൗമികശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ട്. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുവിലത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്ന് മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവൻ്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയൻ്റെ പ്രതിമയും ധരിക്കും. സഹോദരന്മാരേ, മാംസരക്തങ്ങൾക്ക് ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴിയുകയില്ല, നശ്വരമായത് അനശ്വരമായതിനെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമ്മം നിങ്ങളോട് പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അവസാനത്തെ കാഹളം ധ്വനിക്കുമ്പോൾ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാൽ, കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ നശ്വരമായത് അനശ്വരമായതിനെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണ്ടതല്ലയോ. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നല്കുന്ന ദൈവത്തിന് സ്തോത്രം. ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കുകയാൽ കർത്താവിന്‍റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
1 കൊരിന്ത്യർ 15:29-58 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു? ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നതു എന്തിന്നു? സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു. ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ. വഞ്ചിക്കപ്പെടരുതു, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.” നീതിക്കു നിർമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു. പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ. സ്വർഗ്ഗീയ ശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ടു; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൗമ ശരീരങ്ങളുടെ തേജസ്സു വേറെ. സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും. സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
1 കൊരിന്ത്യർ 15:29-58 സമകാലിക മലയാളവിവർത്തനം (MCV)
മരിച്ചവരുടെ പുനരുത്ഥാനമേ ഇല്ലെങ്കിൽ, ചിലർ മരിച്ചവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതെന്തിന്? മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതിന് എന്താണു പ്രസക്തി? ഞങ്ങളും നാഴികതോറും ആപത്തിലാകുന്നതെന്തിന്? സഹോദരങ്ങളേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ എനിക്കു നിങ്ങളെപ്പറ്റിയുള്ള പ്രശംസയുടെ ഉറപ്പിൽ ഞാൻ തീർത്തു പറയട്ടെ, ഞാൻ ദിവസേന മരണം അഭിമുഖീകരിക്കുകയാണ്. എഫേസോസിൽവെച്ചു ഞാൻ വന്യമൃഗങ്ങളോടു പോരാടിയതു കേവലം മാനുഷികകാരണങ്ങളാൽ എങ്കിൽ അതുകൊണ്ട് എനിക്കെന്തു നേട്ടം? മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ, “നമുക്കു തിന്നുകുടിക്കാം, നാളെ നാം മരിക്കുമല്ലോ.” വഴിതെറ്റിക്കപ്പെടരുത്. “ഹീനമായ സൗഹൃദം സദ്ഗുണങ്ങളെ ദുഷിപ്പിക്കുന്നു.” നീതിബോധമുള്ളവരായിരിക്കുക. പാപംചെയ്യാതിരിക്കുക. നിങ്ങൾക്കു ലജ്ജ തോന്നുന്നതിനായിത്തന്നെ ഞാൻ പറയട്ടെ, ചിലർക്കു ദൈവത്തെക്കുറിച്ച് അറിവില്ല. “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടുന്നു? ഏതുതരം ശരീരത്തോടെ അവർ വരുന്നു?” എന്നിങ്ങനെ ചിലർ ചോദിച്ചേക്കാം. ബുദ്ധികെട്ട മനുഷ്യാ, നീ വിതയ്ക്കുന്ന വിത്തു ചാകുന്നില്ലെങ്കിൽ ജീവിപ്പിക്കപ്പെടുകയില്ല. ഉണ്ടാകാനിരിക്കുന്ന ശരീരമല്ല നീ വിതയ്ക്കുന്നത്, പിന്നെയോ ഗോതമ്പിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ വിത്തുമാത്രമാണു വിതയ്ക്കുന്നത്. എന്നാൽ ദൈവം അവിടത്തെ ഹിതപ്രകാരം, ഗോതമ്പിന് ഒരുതരം ശരീരവും, ഓരോതരം വിത്തിനും അതതിന്റെ തരം ശരീരവും നൽകുന്നു. എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം ഒരുതരം, മൃഗങ്ങളുടേതു മറ്റൊരുതരം, പക്ഷികളുടേതു വേറെ, മത്സ്യങ്ങളുടേതു വേറെ. സ്വർഗീയശരീരങ്ങളും ലൗകികശരീരങ്ങളും ഉണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഒരു വിധത്തിലുള്ളത്; ലൗകികശരീരങ്ങളുടെ തേജസ്സു മറ്റൊരു വിധത്തിലുള്ളത്. സൂര്യന്റെ തേജസ്സ് ഒരുവിധം, ചന്ദ്രന്റേതു മറ്റൊരുവിധം, നക്ഷത്രങ്ങളുടെ തേജസ്സു വേറൊരുവിധം. നക്ഷത്രവും നക്ഷത്രവുംതമ്മിൽ തേജസ്സിൽ വ്യത്യാസമുണ്ട്. മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെയാണ്. നശ്വരമായ ശരീരം വിതയ്ക്കപ്പെടുന്നു, അനശ്വരമായ ശരീരം ഉയിർപ്പിക്കപ്പെടുന്നു. അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർപ്പിക്കപ്പെടുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു. വിതയ്ക്കപ്പെടുന്നത് ഭൗതികശരീരം, ഉയിർപ്പിക്കപ്പെടുന്നതോ ആത്മികശരീരം. ഭൗതികശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്. “ആദ്യമനുഷ്യനായ ആദാം ജീവനുള്ളവനായിത്തീർന്നു” എന്നെഴുതിയിരിക്കുന്നല്ലോ; അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി. ആദ്യമുണ്ടായത് ആത്മികമല്ല, ഭൗതികമായിരുന്നു. ആത്മികം അതിനുശേഷം. ഒന്നാംമനുഷ്യൻ ഭൂമിയിൽനിന്നുള്ള മർത്യൻ; രണ്ടാംമനുഷ്യനോ സ്വർഗത്തിൽനിന്നുള്ളവൻ. ആ മർത്യനെപ്പോലെതന്നെ ശേഷം മർത്യരും, സ്വർഗത്തിൽനിന്നുള്ളവനെപ്പോലെതന്നെ സ്വർഗീയരും ആകുന്നു. നാം ആ മർത്യന്റെ സ്വരൂപം ധരിച്ചിരിക്കുന്നതുപോലെ സ്വർഗീയന്റെയും സ്വരൂപം ധരിക്കും. സഹോദരങ്ങളേ, ജഡരക്തങ്ങൾക്കു ദൈവരാജ്യം അവകാശമാക്കാൻ സാധ്യമല്ലെന്നു ഞാൻ പറയുന്നു; നശ്വരമായത് അനശ്വരതയെ അവകാശമാക്കുകയില്ല. ശ്രദ്ധിക്കുക, ഞാൻ ഒരു രഹസ്യം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രപ്രാപിക്കുകയില്ല, നാം എല്ലാവരും രൂപാന്തരപ്പെടും. അന്ത്യകാഹളധ്വനി മുഴങ്ങുമ്പോൾ, ക്ഷണനേരത്തിൽ, കണ്ണിമയ്ക്കുന്നതിനിടയിൽ മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടും; നാം രൂപാന്തരം പ്രാപിക്കുകയും ചെയ്യും. ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിക്കേണ്ടതാകുന്നു. ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു” എന്നു എഴുതിയ വചനം നിറവേറും. “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?” മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തി ന്യായപ്രമാണം. എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു. അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, നിങ്ങൾ അചഞ്ചലരായിരിക്കുക; യാതൊന്നും നിങ്ങളെ ഉലച്ചുകളയാൻ ഇടയാകരുത്. കർത്താവിൽ നിങ്ങളുടെ അധ്വാനം വ്യർഥമല്ല എന്നറിയുന്നതുകൊണ്ടു കർത്താവിന്റെ വേലയിൽ എപ്പോഴും വ്യാപൃതരായിരിക്കുക.