1 KORINTH 15

15
ക്രിസ്തുവിന്റെ പുനരുത്ഥാനം
1സഹോദരരേ, ഞാൻ നിങ്ങളോടു പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതുമായ സദ്‍വാർത്ത നിങ്ങളെ അനുസ്മരിപ്പിക്കുന്നു. അതിലാണല്ലോ നിങ്ങളുടെ വിശ്വാസം ഉറച്ചു നില്‌ക്കുന്നത്. 2ഞാൻ നിങ്ങളോടു പ്രസംഗിച്ച ആ സുവിശേഷം നിങ്ങൾ മുറുകെപ്പിടിക്കുന്നെങ്കിൽ അതിലൂടെ നിങ്ങൾ രക്ഷിക്കപ്പെടുന്നു. അല്ലാത്തപക്ഷം നിങ്ങൾ വിശ്വസിച്ചതു വെറുതെ ആയി എന്നു വരും.
3-5എന്നെ ഭരമേല്പിച്ച പരമപ്രധാനമായ കാര്യം ഞാൻ നിങ്ങളെ ഏല്പിച്ചു. ആ സന്ദേശം ഇതാണ്: തിരുവെഴുത്തുകളിൽ കാണുന്നതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു; തിരുവെഴുത്തുകളിൽ കാണുന്നതുപോലെതന്നെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്‌ക്കുകയും ചെയ്തു. പത്രോസിനും പിന്നീടു പന്ത്രണ്ട് അപ്പോസ്തോലന്മാർക്കും പ്രത്യക്ഷനായി; 6അനന്തരം അവിടുത്തെ അനുയായികളായ അഞ്ഞൂറിൽപരം ആളുകൾ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ അവർക്കും പ്രത്യക്ഷനായി. അവരിൽ ചിലരെല്ലാം അന്തരിച്ചെങ്കിലും, മിക്കപേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. 7അനന്തരം യാക്കോബിനും പിന്നീട് അപ്പോസ്തോലന്മാർക്കും ദർശനം നല്‌കി.
8ഏറ്റവും ഒടുവിൽ അകാലജാതനെപ്പോലെയുള്ള എനിക്കും അവിടുന്നു പ്രത്യക്ഷപ്പെട്ടു. 9ഞാൻ അപ്പോസ്തോലന്മാരിൽ ഏറ്റവും എളിയവനാണല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ ദ്രോഹിച്ചിരുന്നവനാണ്. അതുകൊണ്ട് അപ്പോസ്തോലൻ എന്ന പേരിന് അർഹനല്ല. 10ദൈവകൃപമൂലം മാത്രമാണു ഞാൻ അപ്പോസ്തോലൻ ആയിരിക്കുന്നത്. ദൈവം എനിക്കു നല്‌കിയ കൃപ നിഷ്ഫലമായില്ല. മറ്റുള്ള എല്ലാ അപ്പോസ്തോലന്മാരെയുംകാൾ അധികം ഞാൻ അധ്വാനിച്ചു. ഞാൻ തനിയെ എന്തെങ്കിലും ചെയ്തു എന്നല്ല, ദൈവത്തിന്റെ കൃപ എന്നോടുകൂടി പ്രവർത്തിച്ചു എന്നതാണു വാസ്തവം. 11ഞാനാകട്ടെ, അവരാകട്ടെ, ആരുതന്നെ ആയാലും, ഞങ്ങൾ എല്ലാവരും പ്രസംഗിക്കുന്നത് ഇതാണ്; നിങ്ങൾ വിശ്വസിച്ചതും ഇതുതന്നെ.
നമ്മുടെ പുനരുത്ഥാനം
12ക്രിസ്തു മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം പ്രഘോഷിക്കപ്പെടുമ്പോൾ മരിച്ചവർ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയില്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ സാധൂകരിക്കും? 13മരിച്ചവരുടെ പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ലാ എന്നുവരും. 14ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, പിന്നെ ഞങ്ങൾക്ക് പ്രസംഗിക്കുവാൻ ഒന്നുമില്ല; നിങ്ങൾക്കു വിശ്വസിക്കുവാനും ഒന്നുമില്ല. 15-16മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ല. പുനരുദ്ധാനം ഇല്ലെങ്കിൽ ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്ന സാക്ഷ്യം ഞങ്ങൾ ദൈവത്തിനെതിരെ പറയുന്ന കള്ളസാക്ഷ്യം ആയിരിക്കും. 17ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം. നിങ്ങൾ ഇന്നും നിങ്ങളുടെ പാപത്തിൽ തന്നെ കഴിയുന്നു. 18മരണമടഞ്ഞ ക്രിസ്തുവിശ്വാസികൾ നശിച്ചുപോയി എന്നു വരും. 19നാം ഈ ആയുസ്സിൽ മാത്രമാണ് ക്രിസ്തുവിൽ പ്രത്യാശവച്ചിരിക്കുന്നത് എങ്കിൽ നാം മറ്റുള്ള എല്ലാവരെയുംകാൾ ദയനീയരാണ്.
20ക്രിസ്തു ഉത്ഥാനം ചെയ്യപ്പെട്ട് മരണനിദ്രയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവരിൽ ഒന്നാമനായിത്തീർന്നിരിക്കുന്നു. 21ഒരു മനുഷ്യൻ മുഖേന മരണം വന്നതുപോലെ തന്നെ, ഒരു മനുഷ്യൻ മുഖേന മരിച്ചവരുടെ പുനരുത്ഥാനവും വരുന്നു. 22ആദാമിനോടുള്ള ഐക്യത്താൽ എല്ലാവരും മരിക്കുന്നതുപോലെ, ക്രിസ്തുവിനോടുള്ള ഐക്യത്താൽ എല്ലാവർക്കും ജീവൻ നല്‌കപ്പെടും. 23എന്നാൽ ഓരോ വ്യക്തിയും യഥാക്രമം ഉത്ഥാനം ചെയ്യപ്പെടും; ആദ്യം ക്രിസ്തു; പിന്നീട് അവിടുത്തെ ആഗമനവേളയിൽ അവിടുത്തേക്കുള്ളവരും. 24ക്രിസ്തു സകല ആത്മീയാധികാരികളെയും, ഭരണാധിപന്മാരെയും ശക്തികളെയും ജയിച്ച് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും; അപ്പോൾ അന്ത്യം വന്നുചേരും. 25എല്ലാ ശത്രുക്കളെയും തോല്പിച്ച് അടിപ്പെടുത്തുന്നതുവരെ, ക്രിസ്തു രാജാവായി വാഴേണ്ടതാണ്. 26കീഴടക്കേണ്ട അവസാനത്തെ ശത്രു മരണമായിരിക്കും. 27‘സമസ്തവും തന്റെ കാൽക്കീഴിലാക്കി’ എന്നു വേദലിഖിതത്തിൽ‍ കാണുന്നു. സമസ്തവും എന്നു പറയുന്നതിൽ ക്രിസ്തുവിനു സകലവും അധീനമാക്കിക്കൊടുത്ത ദൈവം ഉൾപ്പെടുന്നില്ല എന്നു സ്പഷ്ടം. 28എന്നാൽ സമസ്ത കാര്യങ്ങളും ക്രിസ്തുവിന്റെ ഭരണത്തിനു വിധേയമാകുമ്പോൾ, സകലവും തനിക്ക് അധീനമാക്കിക്കൊടുത്ത ദൈവത്തിന് പുത്രൻ സ്വയം വിധേയനാക്കും. അങ്ങനെ ദൈവം സർവാധിപതിയായി വാഴും.
29മരിച്ചവർക്കുവേണ്ടി സ്നാപനം ചെയ്യപ്പെടുന്നവരെക്കുറിച്ച് എന്താണു പറയുക? അതുകൊണ്ട് എന്തു സാധിക്കാമെന്നാണ് അവരുടെ പ്രത്യാശ? ചിലർ വാദിക്കുന്നതുപോലെ മരിച്ചവർ ഉയിർപ്പിക്കപ്പെടുകയില്ല എന്നുള്ളത് വാസ്തവമാണെങ്കിൽ മരിച്ചവർക്കുവേണ്ടി സ്നാപനം സ്വീകരിക്കുന്നവർ എന്തിന് അങ്ങനെ ചെയ്യുന്നു? 30ഞങ്ങൾതന്നെയും നാൾതോറും അപകടങ്ങളെ നേരിട്ടുകൊണ്ട് എന്തിനു മുമ്പോട്ടു പോകണം? 31സോദരരേ, ക്രിസ്തുവിലുള്ള വിശ്വാസം സംബന്ധിച്ച് നിങ്ങളെപ്പറ്റി എനിക്കുള്ള അഭിമാനം മുൻനിറുത്തി ഞാൻ പറയുന്നു: നിത്യേന ഞാൻ മരണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. 32എഫെസൊസിൽവച്ചു “വന്യമൃഗങ്ങളോടു” പോരാടിയതുകൊണ്ട് ലൗകികമായി നോക്കുമ്പോൾ എനിക്ക് എന്തു പ്രയോജനം? മരിച്ചവർ ഉത്ഥാനം ചെയ്യപ്പെടുന്നില്ലെങ്കിൽ “നമുക്കു തിന്നും കുടിച്ചും ഉല്ലസിക്കാം; നാളെ മരിക്കുമല്ലോ.”
33നിങ്ങളെ ആരും വഴിതെറ്റിക്കരുത്. “അധമന്മാരുടെ സംസർഗം സജ്ജനങ്ങളെ ദുഷിപ്പിക്കുന്നു.” 34പാപമാർഗങ്ങളിൽനിന്നു പിന്തിരിഞ്ഞ് സുബോധമുള്ളവരായിത്തീരുക. നിങ്ങളിൽ ചിലർക്കു ദൈവത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. നിങ്ങൾ ലജ്ജിക്കേണ്ടതിനാണ് ഞാനിതു പറയുന്നത്.
ശരീരത്തിന്റെ ഉയിർപ്പ്
35“മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടും?” എന്നും “അവരുടെ ശരീരം എങ്ങനെയുള്ളതായിരിക്കും?” എന്നും ചിലർ ചോദിച്ചേക്കാം. 36ഭോഷാ, നീ വിതയ്‍ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കിൽ വീണ്ടും ജീവൻ പ്രാപിച്ചു മുളച്ചു വളരുകയില്ല. 37കോതമ്പിന്റെയോ മറ്റേതെങ്കിലും ധാന്യത്തിന്റെയോ ഒരു മണി മാത്രമായിരിക്കും നിങ്ങൾ വിതയ്‍ക്കുന്നത്; അല്ലാതെ വളർച്ചയെത്തിയ ചെടിയല്ല നടുന്നത്. 38തനിക്കിഷ്ടമുള്ള ശരീരം ദൈവം ആ വിത്തിനു നല്‌കുന്നു; ഓരോ വിത്തിനും അതതിൻറേതായ ശരീരം നല്‌കപ്പെടുന്നു.
39എല്ലാ ജീവികളുടെയും മാംസം ഒരേ തരത്തിലുള്ളതല്ലല്ലോ; മനുഷ്യരുടെ മാംസം ഒരു തരത്തിലുള്ളതാണെങ്കിൽ മൃഗങ്ങളുടെ മാംസം വേറൊരു തരത്തിലുള്ളതാണ്. പക്ഷികളുടെ മാംസം വേറെ, മത്സ്യമാംസവും വേറെ.
40സ്വർഗീയ ശരീരങ്ങളുണ്ട്, ഭൗതികശരീരങ്ങളുമുണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഭൗതികശരീരങ്ങളുടെ തേജസ്സിൽനിന്നു വിഭിന്നമാണ്. 41സൂര്യന് അതിൻറേതായ തേജസ്സുണ്ട്. ചന്ദ്രന്റെ തേജസ്സ് മറ്റൊന്നാണ്. നക്ഷത്രങ്ങളുടെ തേജസ്സ് വേറൊന്ന്; തേജസ്സിന്റെ കാര്യത്തിൽ ഒരു നക്ഷത്രം മറ്റൊന്നിൽനിന്നു വ്യത്യസ്തമാണ്.
42മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള സ്ഥിതിവിശേഷവും ഇതുപോലെയായിരിക്കും. സംസ്കരിക്കുന്ന ശരീരം നശ്വരം; ഉയിർത്തെഴുന്നേല്‌ക്കുന്ന ശരീരം അനശ്വരം. 43സംസ്കരിക്കുമ്പോൾ ഹീനവും ദുർബലവുമായിരിക്കും. ഉയിർത്തെഴുന്നേല്‌ക്കുമ്പോൾ തേജോമയവും ശക്തവുമായിരിക്കും. 44ഭൗതികശരീരമാണു സംസ്കരിക്കുന്നത്; ഉയിർത്തെഴുന്നേല്‌ക്കുന്നത് ആത്മീയശരീരവും. ഭൗതികശരീരം ഉള്ളതുപോലെ ആത്മീയശരീരവുമുണ്ട്. 45ആദിമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായി സൃഷ്‍ടിക്കപ്പെട്ടു എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്; എന്നാൽ ഒടുവിലത്തെ ആദാം ജീവദായകനായ ആത്മാവാകുന്നു. 46ആത്മീയമായതല്ല ആദ്യമുണ്ടായത്. പ്രത്യുത ആദ്യം ഭൗതികമായതും പിന്നീട് ആത്മീയമായതും ഉണ്ടായി. 47ആദ്യത്തെ മനുഷ്യൻ ഭൂമിയിലെ മണ്ണിൽ നിന്നുള്ളവനാണ്. രണ്ടാമത്തെ മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവനത്രേ. 48മണ്ണിൽനിന്ന് ഉണ്ടായവനെപ്പോലെയാണ്, മൺമയരായ എല്ലാവരും; സ്വർഗത്തിൽനിന്നുള്ളവനെപ്പോലെയാണ് സ്വർഗീയരായ എല്ലാവരും. 49മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ടവന്റെ രൂപസാദൃശ്യം നാം ധരിച്ചതുപോലെ തന്നെ, സ്വർഗത്തിൽനിന്നു വന്ന മനുഷ്യന്റെ രൂപസാദൃശ്യവും #15:49 ‘നാം ധരിക്കും’- ചില കൈയെഴുത്തു പ്രതികളിൽ ‘നാം ധരിക്കുക’ (let us wear) എന്നാണ്.ധരിക്കും.
50സഹോദരരേ, മാംസരക്തങ്ങൾക്ക് ദൈവരാജ്യം അവകാശമാക്കുവാൻ കഴിയുകയില്ല; നശ്വരമായതിന് അനശ്വരമായതിനെ സ്വന്തമാക്കുവാനും സാധ്യമല്ല.
51,52ഞാൻ പറയുന്ന ഈ രഹസ്യസത്യം നിങ്ങൾ ശ്രദ്ധിക്കുക; നാം എല്ലാവരും മരിക്കുകയില്ല; എന്നാൽ അവസാനത്തെ കാഹളം മുഴക്കുമ്പോൾ എല്ലാവരും പെട്ടെന്ന് ഒരു നിമിഷമാത്രയിൽ രൂപാന്തരപ്പെടും; കാഹളം മുഴക്കുമ്പോൾ മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കും; അവർ അനശ്വരരായിരിക്കും. നാമെല്ലാവരും രൂപാന്തരം പ്രാപിക്കുകയും ചെയ്യും. 53ഈ നശ്വരമായത് അനശ്വരമായും, മർത്യമായത് അമർത്യമായും രൂപാന്തരപ്പെടേണ്ടതാണ്. 54അതുകൊണ്ട് ഈ നശ്വരമായത് അനശ്വരമായും മർത്യമായത് അമർത്യമായും തീരുമ്പോൾ ‘മരണത്തെ ഉന്മൂലനം ചെയ്തു; വിജയം പൂർത്തിയായി’ എന്ന വേദലിഖിതം യഥാർഥമായിത്തീരും.
55‘ഹേ മരണമേ, നിന്റെ വിജയമെവിടെ?
വേദനിപ്പിക്കുന്ന നിന്റെ വിഷമുള്ള് എവിടെ?’
56വേദനിപ്പിക്കുവാനുള്ള ശക്തി മരണത്തിനുണ്ടാകുന്നത് പാപം മൂലമാണ്; പാപത്തിന്റെ ശക്തി നിയമംമൂലവും. 57എന്നാൽ കർത്താവായ യേശുക്രിസ്തു മുഖേന നമുക്കു വിജയം നല്‌കുന്ന ദൈവത്തിനു സ്തോത്രം!
58അതുകൊണ്ട് എന്റെ പ്രിയ സഹോദരരേ, നിങ്ങൾ ഉറച്ച് അചഞ്ചലരായി നില്‌ക്കുക. കർത്താവിനുവേണ്ടിയുള്ള പ്രയത്നത്തിൽ ഉത്തരോത്തരം വ്യാപൃതരാകുക. കർത്താവിൽ നിങ്ങളുടെ യാതൊരു പ്രയത്നവും വ്യർഥമാകുകയില്ലെന്നു നിങ്ങൾക്ക് അറിയാമല്ലോ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 KORINTH 15: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക