അല്ല, മരിച്ചവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്? ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നത് എന്തിന്? സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു. ഞാൻ എഫെസൊസിൽവച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്ക് എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ. വഞ്ചിക്കപ്പെടരുത്, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.” നീതിക്കു നിർമദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജയ്ക്കായി പറയുന്നു. പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. മൂഢാ, നീ വിതയ്ക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന് ഒരു ശരീരവും ഓരോ വിത്തിന് അതതിന്റെ ശരീരവും കൊടുക്കുന്നു. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറേ, കന്നുകാലികളുടെ മാംസം വേറേ; പക്ഷികളുടെ മാംസം വേറേ, മത്സ്യങ്ങളുടെ മാംസവും വേറേ. സ്വർഗീയശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്; സ്വർഗീയശരീരങ്ങളുടെ തേജസ്സു വേറേ, ഭൗമശരീരങ്ങളുടെ തേജസ്സു വേറേ. സൂര്യന്റെ തേജസ്സു വേറേ, ചന്ദ്രന്റെ തേജസ്സു വേറേ, നക്ഷത്രങ്ങളുടെ തേജസ്സു വേറേ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണംതന്നെ. ദ്രവത്വത്തിൽ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗീയനെപ്പോലെ സ്വർഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗീയന്റെ പ്രതിമയും ധരിക്കും. സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്തോത്രം. ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർഥമല്ല എന്ന് അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർധിച്ചുവരുന്നവരും ആകുവിൻ.
1 കൊരിന്ത്യർ 15 വായിക്കുക
കേൾക്കുക 1 കൊരിന്ത്യർ 15
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 15:29-58
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ