1 KORINTH 15:29-58

1 KORINTH 15:29-58 MALCLBSI

മരിച്ചവർക്കുവേണ്ടി സ്നാപനം ചെയ്യപ്പെടുന്നവരെക്കുറിച്ച് എന്താണു പറയുക? അതുകൊണ്ട് എന്തു സാധിക്കാമെന്നാണ് അവരുടെ പ്രത്യാശ? ചിലർ വാദിക്കുന്നതുപോലെ മരിച്ചവർ ഉയിർപ്പിക്കപ്പെടുകയില്ല എന്നുള്ളത് വാസ്തവമാണെങ്കിൽ മരിച്ചവർക്കുവേണ്ടി സ്നാപനം സ്വീകരിക്കുന്നവർ എന്തിന് അങ്ങനെ ചെയ്യുന്നു? ഞങ്ങൾതന്നെയും നാൾതോറും അപകടങ്ങളെ നേരിട്ടുകൊണ്ട് എന്തിനു മുമ്പോട്ടു പോകണം? സോദരരേ, ക്രിസ്തുവിലുള്ള വിശ്വാസം സംബന്ധിച്ച് നിങ്ങളെപ്പറ്റി എനിക്കുള്ള അഭിമാനം മുൻനിറുത്തി ഞാൻ പറയുന്നു: നിത്യേന ഞാൻ മരണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എഫെസൊസിൽവച്ചു “വന്യമൃഗങ്ങളോടു” പോരാടിയതുകൊണ്ട് ലൗകികമായി നോക്കുമ്പോൾ എനിക്ക് എന്തു പ്രയോജനം? മരിച്ചവർ ഉത്ഥാനം ചെയ്യപ്പെടുന്നില്ലെങ്കിൽ “നമുക്കു തിന്നും കുടിച്ചും ഉല്ലസിക്കാം; നാളെ മരിക്കുമല്ലോ.” നിങ്ങളെ ആരും വഴിതെറ്റിക്കരുത്. “അധമന്മാരുടെ സംസർഗം സജ്ജനങ്ങളെ ദുഷിപ്പിക്കുന്നു.” പാപമാർഗങ്ങളിൽനിന്നു പിന്തിരിഞ്ഞ് സുബോധമുള്ളവരായിത്തീരുക. നിങ്ങളിൽ ചിലർക്കു ദൈവത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. നിങ്ങൾ ലജ്ജിക്കേണ്ടതിനാണ് ഞാനിതു പറയുന്നത്. “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടും?” എന്നും “അവരുടെ ശരീരം എങ്ങനെയുള്ളതായിരിക്കും?” എന്നും ചിലർ ചോദിച്ചേക്കാം. ഭോഷാ, നീ വിതയ്‍ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കിൽ വീണ്ടും ജീവൻ പ്രാപിച്ചു മുളച്ചു വളരുകയില്ല. കോതമ്പിന്റെയോ മറ്റേതെങ്കിലും ധാന്യത്തിന്റെയോ ഒരു മണി മാത്രമായിരിക്കും നിങ്ങൾ വിതയ്‍ക്കുന്നത്; അല്ലാതെ വളർച്ചയെത്തിയ ചെടിയല്ല നടുന്നത്. തനിക്കിഷ്ടമുള്ള ശരീരം ദൈവം ആ വിത്തിനു നല്‌കുന്നു; ഓരോ വിത്തിനും അതതിൻറേതായ ശരീരം നല്‌കപ്പെടുന്നു. എല്ലാ ജീവികളുടെയും മാംസം ഒരേ തരത്തിലുള്ളതല്ലല്ലോ; മനുഷ്യരുടെ മാംസം ഒരു തരത്തിലുള്ളതാണെങ്കിൽ മൃഗങ്ങളുടെ മാംസം വേറൊരു തരത്തിലുള്ളതാണ്. പക്ഷികളുടെ മാംസം വേറെ, മത്സ്യമാംസവും വേറെ. സ്വർഗീയ ശരീരങ്ങളുണ്ട്, ഭൗതികശരീരങ്ങളുമുണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഭൗതികശരീരങ്ങളുടെ തേജസ്സിൽനിന്നു വിഭിന്നമാണ്. സൂര്യന് അതിൻറേതായ തേജസ്സുണ്ട്. ചന്ദ്രന്റെ തേജസ്സ് മറ്റൊന്നാണ്. നക്ഷത്രങ്ങളുടെ തേജസ്സ് വേറൊന്ന്; തേജസ്സിന്റെ കാര്യത്തിൽ ഒരു നക്ഷത്രം മറ്റൊന്നിൽനിന്നു വ്യത്യസ്തമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള സ്ഥിതിവിശേഷവും ഇതുപോലെയായിരിക്കും. സംസ്കരിക്കുന്ന ശരീരം നശ്വരം; ഉയിർത്തെഴുന്നേല്‌ക്കുന്ന ശരീരം അനശ്വരം. സംസ്കരിക്കുമ്പോൾ ഹീനവും ദുർബലവുമായിരിക്കും. ഉയിർത്തെഴുന്നേല്‌ക്കുമ്പോൾ തേജോമയവും ശക്തവുമായിരിക്കും. ഭൗതികശരീരമാണു സംസ്കരിക്കുന്നത്; ഉയിർത്തെഴുന്നേല്‌ക്കുന്നത് ആത്മീയശരീരവും. ഭൗതികശരീരം ഉള്ളതുപോലെ ആത്മീയശരീരവുമുണ്ട്. ആദിമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായി സൃഷ്‍ടിക്കപ്പെട്ടു എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്; എന്നാൽ ഒടുവിലത്തെ ആദാം ജീവദായകനായ ആത്മാവാകുന്നു. ആത്മീയമായതല്ല ആദ്യമുണ്ടായത്. പ്രത്യുത ആദ്യം ഭൗതികമായതും പിന്നീട് ആത്മീയമായതും ഉണ്ടായി. ആദ്യത്തെ മനുഷ്യൻ ഭൂമിയിലെ മണ്ണിൽ നിന്നുള്ളവനാണ്. രണ്ടാമത്തെ മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവനത്രേ. മണ്ണിൽനിന്ന് ഉണ്ടായവനെപ്പോലെയാണ്, മൺമയരായ എല്ലാവരും; സ്വർഗത്തിൽനിന്നുള്ളവനെപ്പോലെയാണ് സ്വർഗീയരായ എല്ലാവരും. മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ടവന്റെ രൂപസാദൃശ്യം നാം ധരിച്ചതുപോലെ തന്നെ, സ്വർഗത്തിൽനിന്നു വന്ന മനുഷ്യന്റെ രൂപസാദൃശ്യവും ധരിക്കും. സഹോദരരേ, മാംസരക്തങ്ങൾക്ക് ദൈവരാജ്യം അവകാശമാക്കുവാൻ കഴിയുകയില്ല; നശ്വരമായതിന് അനശ്വരമായതിനെ സ്വന്തമാക്കുവാനും സാധ്യമല്ല. ഞാൻ പറയുന്ന ഈ രഹസ്യസത്യം നിങ്ങൾ ശ്രദ്ധിക്കുക; നാം എല്ലാവരും മരിക്കുകയില്ല; എന്നാൽ അവസാനത്തെ കാഹളം മുഴക്കുമ്പോൾ എല്ലാവരും പെട്ടെന്ന് ഒരു നിമിഷമാത്രയിൽ രൂപാന്തരപ്പെടും; കാഹളം മുഴക്കുമ്പോൾ മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കും; അവർ അനശ്വരരായിരിക്കും. നാമെല്ലാവരും രൂപാന്തരം പ്രാപിക്കുകയും ചെയ്യും. ഈ നശ്വരമായത് അനശ്വരമായും, മർത്യമായത് അമർത്യമായും രൂപാന്തരപ്പെടേണ്ടതാണ്. അതുകൊണ്ട് ഈ നശ്വരമായത് അനശ്വരമായും മർത്യമായത് അമർത്യമായും തീരുമ്പോൾ ‘മരണത്തെ ഉന്മൂലനം ചെയ്തു; വിജയം പൂർത്തിയായി’ എന്ന വേദലിഖിതം യഥാർഥമായിത്തീരും. ‘ഹേ മരണമേ, നിന്റെ വിജയമെവിടെ? വേദനിപ്പിക്കുന്ന നിന്റെ വിഷമുള്ള് എവിടെ?’ വേദനിപ്പിക്കുവാനുള്ള ശക്തി മരണത്തിനുണ്ടാകുന്നത് പാപം മൂലമാണ്; പാപത്തിന്റെ ശക്തി നിയമംമൂലവും. എന്നാൽ കർത്താവായ യേശുക്രിസ്തു മുഖേന നമുക്കു വിജയം നല്‌കുന്ന ദൈവത്തിനു സ്തോത്രം! അതുകൊണ്ട് എന്റെ പ്രിയ സഹോദരരേ, നിങ്ങൾ ഉറച്ച് അചഞ്ചലരായി നില്‌ക്കുക. കർത്താവിനുവേണ്ടിയുള്ള പ്രയത്നത്തിൽ ഉത്തരോത്തരം വ്യാപൃതരാകുക. കർത്താവിൽ നിങ്ങളുടെ യാതൊരു പ്രയത്നവും വ്യർഥമാകുകയില്ലെന്നു നിങ്ങൾക്ക് അറിയാമല്ലോ.

1 KORINTH 15 വായിക്കുക