1 ദിനവൃത്താന്തം 29:6-16
1 ദിനവൃത്താന്തം 29:6-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്റെ വേലയ്ക്കായിട്ട് അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരുമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവമായി കൊടുത്തതുകൊണ്ട് അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദുരാജാവും അത്യന്തം സന്തോഷിച്ചു. പിന്നെ ദാവീദ് സർവസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്ത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളത്; സ്വർഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിനും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കൈയിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു. ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്ത്വമുള്ള നാമത്തെ സ്തുതിക്കുന്നു. എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളൂ? സകലവും നിങ്കൽനിന്നല്ലോ വരുന്നത്; നിന്റെ കൈയിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളൂ. ഞങ്ങൾ നിന്റെ മുമ്പാകെ ഞങ്ങളുടെ സകല പിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽപോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിനായി നിനക്ക് ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കൈയിൽനിന്നുള്ളത്; സകലവും നിനക്കുള്ളതാകുന്നു.
1 ദിനവൃത്താന്തം 29:6-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തത്സമയം പിതൃഭവനത്തലവന്മാരും ഗോത്രനായകന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജകീയ പ്രവർത്തനങ്ങളുടെ മേൽനോട്ടക്കാരും സ്വമേധാദാനങ്ങൾ നല്‌കി. ദേവാലയത്തിന്റെ പണികൾക്കായി അവർ അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്ത് ഓടും ഒരു ലക്ഷം താലന്ത് ഇരുമ്പും നല്‌കി. അമൂല്യ രത്നങ്ങൾ കൈവശം ഉണ്ടായിരുന്നവർ ഗേർശോന്യനായ യെഹീയേലിന്റെ മേൽനോട്ടത്തിൽ അവ സർവേശ്വരമന്ദിരത്തിലെ ഭണ്ഡാരത്തിൽ സമർപ്പിച്ചു. അവർ പൂർണഹൃദയത്തോടെ സർവേശ്വരന് അവ സമർപ്പിച്ചതിനാൽ ദാവീദുരാജാവും ജനങ്ങളും ആഹ്ലാദിച്ചു. അപ്പോൾ സഭ മുഴുവന്റെയും മുമ്പാകെ ദാവീദ് സർവേശ്വരനെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സർവേശ്വരാ, മഹിമയും ശക്തിയും മഹത്ത്വവും വിജയവും പ്രതാപവും അങ്ങേക്കുള്ളത്; സ്വർഗത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേതാണല്ലോ. സർവേശ്വരാ, രാജത്വം അങ്ങയുടേത്. അങ്ങ് എല്ലാറ്റിനും മീതെ അധീശനായി വർത്തിക്കുന്നു. ധനവും ബഹുമതിയും അങ്ങയിൽനിന്നു വരുന്നു; അങ്ങ് എല്ലാറ്റിനും മീതെ വാഴുന്നു. ശക്തിയും പ്രതാപവും അങ്ങയുടെ കൈകളിൽ ആകുന്നു; മാഹാത്മ്യം വരുത്തുന്നതും എല്ലാറ്റിനും ശക്തി പകരുന്നതും അങ്ങാണ്. അതിനാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങളിതാ, അവിടുത്തേക്കു സ്തോത്രം അർപ്പിക്കുന്നു, അവിടുത്തെ മഹത്ത്വപൂർണമായ നാമത്തെ സ്തുതിക്കുന്നു. സ്വമനസ്സാലെ ഈ തിരുമുൽക്കാഴ്ച അർപ്പിക്കാൻ ഞാൻ ആര്? എന്റെ ജനം ആര്? സമസ്തവും അങ്ങയിൽ നിന്നുള്ളതാണല്ലോ. അങ്ങയിൽനിന്നു ലഭിച്ചത് ഞങ്ങൾ അങ്ങേക്കു നല്‌കിയിരിക്കുന്നു. ഞങ്ങളുടെ എല്ലാ പിതാക്കന്മാരെയുംപോലെ ഞങ്ങളും അങ്ങയുടെ മുമ്പിൽ പരദേശികളും തൽക്കാലവാസികളുമാണ്; ഭൂമിയിലെ ഞങ്ങളുടെ ദിവസങ്ങൾ നിഴൽപോലെ മാത്രം; ഒരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അങ്ങയുടെ വിശുദ്ധനാമത്തിൽ അങ്ങേക്ക് ഒരു ആലയം പണിയാൻ സമൃദ്ധമായി ഞങ്ങൾ ശേഖരിച്ചിട്ടുള്ളതെല്ലാം അങ്ങയുടെ കൈകളിൽനിന്നു ലഭിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങയുടേതുമാത്രം.
1 ദിനവൃത്താന്തം 29:6-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5,000) താലന്തു പൊന്നും, പതിനായിരം (10,000) തങ്കക്കാശും, പതിനായിരം (10,000) താലന്തു വെള്ളിയും, പതിനെണ്ണായിരം (18,000) താലന്തു താമ്രവും, ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു. പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയത്: “ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, അങ്ങ് എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും അങ്ങേക്കുള്ളത്; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും അങ്ങേയ്ക്കുള്ളതല്ലോ. യഹോവേ, രാജത്വം അങ്ങേക്കുള്ളതാകുന്നു; അങ്ങ് സകലത്തിനും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; അങ്ങ് സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വിപുലീകരിക്കുന്നതും ശക്തീകരിക്കുന്നതും അങ്ങേയുടെ പ്രവൃത്തിയാകുന്നു. ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേയ്ക്കു സ്തോത്രം ചെയ്തു അങ്ങേയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു. എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന് പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും അങ്ങിൽനിന്നല്ലോ വരുന്നത്; അങ്ങേയുടെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേയ്ക്കു തന്നതേയുള്ളു. ഞങ്ങൾ അങ്ങേയ്ക്കു മുമ്പാകെ ഞങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങേയുടെ വിശുദ്ധനാമത്തിനായി അങ്ങേയ്ക്ക് ഒരു ആലയം പണിയുവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം അവിടുത്തെ കയ്യിൽനിന്നുള്ളത്; സകലവും അങ്ങേക്കുള്ളതാകുന്നു.
1 ദിനവൃത്താന്തം 29:6-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു. പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നുംമീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു. ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു. എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു. ഞങ്ങൾ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യിൽനിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു.
1 ദിനവൃത്താന്തം 29:6-16 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ കുടുംബത്തലവന്മാരും ഇസ്രായേലിലെ ഗോത്രാധിപന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജസേവനത്തിനു ചുമതലപ്പെട്ട അധികാരികളും താത്പര്യപൂർവം ദാനങ്ങൾ ചെയ്തു. ദൈവത്തിന്റെ ആലയത്തിന്റെ പണികൾക്കായി അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്തു വെങ്കലവും ഒരുലക്ഷം താലന്ത് ഇരുമ്പും അവർ കൊടുത്തു. വിലയേറിയ രത്നക്കല്ലുകളുണ്ടായിരുന്നവർ, യഹോവയുടെ ആലയത്തിന്റെ ഭണ്ഡാരത്തിൽ ചേർക്കാൻ അവ ഗെർശോന്യനായ യെഹീയേലിന്റെ കൈവശം ഏൽപ്പിച്ചുകൊടുത്തു. നേതാക്കന്മാർ ഈ വിധം സ്വമനസ്സാലെ ദാനം ചെയ്തപ്പോൾ ജനം സന്തോഷിച്ചു. കാരണം അവർ യഹോവയ്ക്കു ദാനംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നു. ദാവീദുരാജാവും ഇതിൽ ഏറ്റവും സന്തോഷിച്ചു. അതിനുശേഷം ദാവീദ് സർവസഭയുടെയുംമുമ്പിൽ ഇപ്രകാരം യഹോവയെ സ്തുതിച്ചു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ! മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും യഹോവേ, അങ്ങേക്കുള്ളതാണ്. ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു. യഹോവേ, രാജ്യം അങ്ങേക്കുള്ളത്. അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു. ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ. എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ. ഇപ്പോൾ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദികരേറ്റുന്നു; അങ്ങയുടെ മഹത്ത്വകരമായ നാമം ഞങ്ങൾ പുകഴ്ത്തുകയും ചെയ്യുന്നു. “ഇത്രയും ഉദാരമായി ദാനം ചെയ്യാൻ കഴിയത്തക്കവിധം ഞാനാര്? എന്റെ ജനവും എന്തുള്ളൂ? എല്ലാം അങ്ങയിൽനിന്നു ലഭിക്കുന്നു; അങ്ങയുടെ പക്കൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേക്കു തരികമാത്രമേ ചെയ്യുന്നുള്ളൂ. യഹോവേ, ഞങ്ങൾ അവിടത്തെ കണ്മുമ്പിൽ—ഞങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ—വിദേശികളും പ്രവാസികളുംമാത്രം. ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ആശയറ്റ ഒരു നിഴൽപോലെമാത്രം. ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ വിശുദ്ധനാമത്തിന് ഒരു ആലയം പണിയുന്നതിനായി ഞങ്ങൾ ഇത്രമാത്രം സമൃദ്ധിയോടെ ശേഖരിച്ചിരിക്കുന്ന ഈ വകകളെല്ലാം തൃക്കരങ്ങളിൽനിന്ന് വരുന്നു, എല്ലാം അങ്ങേക്കുള്ളതുതന്നെ.