1 ദിന. 29:6-16

1 ദിന. 29:6-16 IRVMAL

അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്‍റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്‍റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്‍റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5,000) താലന്തു പൊന്നും, പതിനായിരം (10,000) തങ്കക്കാശും, പതിനായിരം (10,000) താലന്തു വെള്ളിയും, പതിനെണ്ണായിരം (18,000) താലന്തു താമ്രവും, ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു. പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയത്: “ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, അങ്ങ് എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും അങ്ങേക്കുള്ളത്; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും അങ്ങേയ്ക്കുള്ളതല്ലോ. യഹോവേ, രാജത്വം അങ്ങേക്കുള്ളതാകുന്നു; അങ്ങ് സകലത്തിനും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; അങ്ങ് സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വിപുലീകരിക്കുന്നതും ശക്തീകരിക്കുന്നതും അങ്ങേയുടെ പ്രവൃത്തിയാകുന്നു. ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേയ്ക്കു സ്തോത്രം ചെയ്തു അങ്ങേയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു. എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന് പ്രാപ്തരാകുവാൻ ഞാൻ ആർ? എന്‍റെ ജനവും എന്തുള്ളു? സകലവും അങ്ങിൽനിന്നല്ലോ വരുന്നത്; അങ്ങേയുടെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേയ്ക്കു തന്നതേയുള്ളു. ഞങ്ങൾ അങ്ങേയ്ക്കു മുമ്പാകെ ഞങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങേയുടെ വിശുദ്ധനാമത്തിനായി അങ്ങേയ്ക്ക് ഒരു ആലയം പണിയുവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം അവിടുത്തെ കയ്യിൽനിന്നുള്ളത്; സകലവും അങ്ങേക്കുള്ളതാകുന്നു.