തത്സമയം പിതൃഭവനത്തലവന്മാരും ഗോത്രനായകന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജകീയ പ്രവർത്തനങ്ങളുടെ മേൽനോട്ടക്കാരും സ്വമേധാദാനങ്ങൾ നല്‌കി. ദേവാലയത്തിന്റെ പണികൾക്കായി അവർ അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്ത് ഓടും ഒരു ലക്ഷം താലന്ത് ഇരുമ്പും നല്‌കി. അമൂല്യ രത്നങ്ങൾ കൈവശം ഉണ്ടായിരുന്നവർ ഗേർശോന്യനായ യെഹീയേലിന്റെ മേൽനോട്ടത്തിൽ അവ സർവേശ്വരമന്ദിരത്തിലെ ഭണ്ഡാരത്തിൽ സമർപ്പിച്ചു. അവർ പൂർണഹൃദയത്തോടെ സർവേശ്വരന് അവ സമർപ്പിച്ചതിനാൽ ദാവീദുരാജാവും ജനങ്ങളും ആഹ്ലാദിച്ചു. അപ്പോൾ സഭ മുഴുവന്റെയും മുമ്പാകെ ദാവീദ് സർവേശ്വരനെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സർവേശ്വരാ, മഹിമയും ശക്തിയും മഹത്ത്വവും വിജയവും പ്രതാപവും അങ്ങേക്കുള്ളത്; സ്വർഗത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേതാണല്ലോ. സർവേശ്വരാ, രാജത്വം അങ്ങയുടേത്. അങ്ങ് എല്ലാറ്റിനും മീതെ അധീശനായി വർത്തിക്കുന്നു. ധനവും ബഹുമതിയും അങ്ങയിൽനിന്നു വരുന്നു; അങ്ങ് എല്ലാറ്റിനും മീതെ വാഴുന്നു. ശക്തിയും പ്രതാപവും അങ്ങയുടെ കൈകളിൽ ആകുന്നു; മാഹാത്മ്യം വരുത്തുന്നതും എല്ലാറ്റിനും ശക്തി പകരുന്നതും അങ്ങാണ്. അതിനാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങളിതാ, അവിടുത്തേക്കു സ്തോത്രം അർപ്പിക്കുന്നു, അവിടുത്തെ മഹത്ത്വപൂർണമായ നാമത്തെ സ്തുതിക്കുന്നു. സ്വമനസ്സാലെ ഈ തിരുമുൽക്കാഴ്ച അർപ്പിക്കാൻ ഞാൻ ആര്? എന്റെ ജനം ആര്? സമസ്തവും അങ്ങയിൽ നിന്നുള്ളതാണല്ലോ. അങ്ങയിൽനിന്നു ലഭിച്ചത് ഞങ്ങൾ അങ്ങേക്കു നല്‌കിയിരിക്കുന്നു. ഞങ്ങളുടെ എല്ലാ പിതാക്കന്മാരെയുംപോലെ ഞങ്ങളും അങ്ങയുടെ മുമ്പിൽ പരദേശികളും തൽക്കാലവാസികളുമാണ്; ഭൂമിയിലെ ഞങ്ങളുടെ ദിവസങ്ങൾ നിഴൽപോലെ മാത്രം; ഒരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അങ്ങയുടെ വിശുദ്ധനാമത്തിൽ അങ്ങേക്ക് ഒരു ആലയം പണിയാൻ സമൃദ്ധമായി ഞങ്ങൾ ശേഖരിച്ചിട്ടുള്ളതെല്ലാം അങ്ങയുടെ കൈകളിൽനിന്നു ലഭിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങയുടേതുമാത്രം.
1 CHRONICLE 29 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 29:6-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ