1 ദിനവൃത്താന്തം 28:6-12

1 ദിനവൃത്താന്തം 28:6-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ എന്നോട്: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കും. അവൻ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്ന് അരുളിച്ചെയ്തിരിക്കുന്നു. ആകയാൽ യഹോവയുടെ സഭയായ എല്ലാ യിസ്രായേലും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ പറയുന്നത്: നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കൾക്കു ശാശ്വതാവകാശമായി വച്ചേക്കയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിൻ. നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടെ സേവിക്കയും ചെയ്ക; യഹോവ സർവഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും. ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അതു നടത്തിക്കൊൾക. പിന്നെ ദാവീദ് തന്റെ മകനായ ശലോമോനു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അറകൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു. യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാ അറകൾ, ദൈവാലയത്തിന്റെ ഭണ്ഡാരഗൃഹങ്ങൾ, നിവേദിത വസ്തുക്കളുടെ ഭണ്ഡാരം

1 ദിനവൃത്താന്തം 28:6-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“അവിടുന്നു എന്നോട് അരുളിച്ചെയ്തു: ‘ശലോമോനെ എന്റെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്റെ പിതാവായിരിക്കും. അവൻ എന്റെ ആലയവും അങ്കണങ്ങളും പണിയും. എന്റെ കല്പനകളും അനുശാസനങ്ങളും പാലിക്കുന്നതിൽ അവൻ ഇന്നത്തെപ്പോലെ ശുഷ്കാന്തി ഉള്ളവനായിരുന്നാൽ അവന്റെ രാജ്യം എന്നേക്കും സുസ്ഥിരമാക്കും.’ ആകയാൽ സർവേശ്വരന്റെ സഭയായ ഇസ്രായേലിന്റെ സമസ്തജനങ്ങളുടെയും മുമ്പിൽവച്ച് ദൈവം കേൾക്കെ ഞാൻ കല്പിക്കുന്നു: “ഐശ്വര്യപൂർണമായ ഈ ദേശം കൈവശമാക്കാനും നിങ്ങൾക്കുശേഷം നിങ്ങളുടെ മക്കൾ അതു ശാശ്വതമായി അവകാശപ്പെടുത്താനുമായി നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകളെല്ലാം ശ്രദ്ധാപൂർവം പാലിക്കണം.” “എന്റെ മകനേ ശലോമോനേ, നീ നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടി അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് സർവഹൃദയങ്ങളും പരിശോധിച്ച് വിചാരങ്ങളും ആലോചനകളുമെല്ലാം ഗ്രഹിക്കുന്നു; നീ സർവേശ്വരനെ അന്വേഷിച്ചാൽ കണ്ടെത്തും; ഉപേക്ഷിച്ചാൽ അവിടുന്നു നിന്നെ എന്നേക്കും തള്ളിക്കളയും. ശ്രദ്ധിക്കുക, വിശുദ്ധ മന്ദിരം പണിയാൻ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിർവഹിക്കുക.” പിന്നീട് ദാവീദ് ദേവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അറകൾ, സർവേശ്വരന്റെ പെട്ടകത്തിനു വേണ്ടിയുള്ള അറ എന്നിവയുടെ രൂപരേഖ ശലോമോനു നല്‌കി. സർവേശ്വരന്റെ ആലയം, അങ്കണം, ചുറ്റുമുള്ള അറകൾ, ദേവാലയത്തിലെ ഭണ്ഡാരങ്ങൾ

1 ദിനവൃത്താന്തം 28:6-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദൈവം എന്നോട്: “നിന്‍റെ മകനായ ശലോമോൻ എന്‍റെ ആലയവും എന്‍റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കും. അവൻ ഇന്നു ചെയ്യുന്നതുപോലെ എന്‍റെ കല്പനകളും വിധികളും ആചരിക്കുവാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്‍റെ രാജത്വം എന്നേക്കും സ്ഥിരമാക്കും” എന്നു അരുളിച്ചെയ്തിരിക്കുന്നു. ”ആകയാൽ യഹോവയുടെ സഭയായ എല്ലാ യിസ്രായേലും കാൺകയും നമ്മുടെ ദൈവം കേൾക്കുകയും ഞാൻ പറയുന്നത്: “നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും, അത് നിങ്ങളുടെ മക്കൾക്ക് ശാശ്വതാവകാശമായി വെച്ചേക്കുകയും ചെയ്യേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കുകയും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുവിൻ. ”നീയോ എന്‍റെ മകനേ, ശാലോമോനേ, നിന്‍റെ പിതാവിന്‍റെ ദൈവത്തെ അറിയുകയും, പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും. ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിയുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അത് നടത്തികൊൾക.” പിന്നെ ദാവീദ് തന്‍റെ മകനായ ശലോമോനു ദൈവാലയത്തിന്‍റെ മണ്ഡപം, അതിന്‍റെ ഭവനങ്ങൾ, കലവറകൾ, മുകളിലത്തെമുറികൾ, അകത്തെ മുറികൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു. യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാഅറകൾ, ദൈവാലയത്തിന്‍റെ കലവറകൾ, നിവേദിത വസ്തുക്കളുടെ മുറികൾ

1 ദിനവൃത്താന്തം 28:6-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും. അവൻ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്നു അരുളിച്ചെയ്തിരിക്കുന്നു. ആകയാൽ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ പറയുന്നതു: നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കൾക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‌വിൻ. നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും. ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായോരു ആലയം പണിവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ടു അതു നടത്തികൊൾക. പിന്നെ ദാവീദ് തന്റെ മകനായ ശലോമോന്നു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അറകൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു. യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാഅറകൾ, ദൈവാലയത്തിന്റെ ഭണ്ഡാരഗൃഹങ്ങൾ, നിവേദിത വസ്തുക്കളുടെ ഭണ്ഡാരം

1 ദിനവൃത്താന്തം 28:6-12 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ എന്നോടു കൽപ്പിച്ചു: ‘എന്റെ ആലയവും അങ്കണങ്ങളും പണിയേണ്ട വ്യക്തി നിന്റെ മകനായ ശലോമോൻതന്നെയാണ്; എന്തെന്നാൽ ഞാൻ അവനെ എന്റെ മകനായിരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കുകയും ചെയ്യും. അവൻ, ഇന്നു ചെയ്യുന്നതുപോലെ, എന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിക്കുന്ന കാര്യത്തിൽ ദൃഢചിത്തനായിരിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കുമായി സുസ്ഥിരമാക്കും.’ “ആകയാൽ ഇപ്പോൾ എല്ലാ ഇസ്രായേലും യഹോവയുടെ സർവസഭയും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ ഇതു പറയുന്നു: നിങ്ങൾ ഈ നല്ലദേശം സ്വന്തമാക്കി അനുഭവിക്കുകയും നിങ്ങളുടെ കാലശേഷം നിങ്ങളുടെ സന്തതികൾക്ക് അതു ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യേണ്ടതിന്, നിങ്ങളുടെ ദൈവമായ യഹോവയുടെ പ്രമാണങ്ങളെ അനുസരിക്കുന്ന കാര്യത്തിൽ ഏറ്റവും ജാഗരൂകരായിരിക്കുക! “ആകയാൽ ഇപ്പോൾ എന്റെ മകനേ, ശലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുക! സമ്പൂർണ ഹൃദയസമർപ്പണത്തോടും ദൃഢചിത്തതയോടുംകൂടി അവിടത്തെ സേവിക്കുക! കാരണം യഹോവ ഓരോ ചിന്തയ്ക്കും പിന്നിലുള്ള നിനവുകളെ ഗ്രഹിക്കുന്നു. നീ അവിടത്തെ അന്വേഷിക്കുമെങ്കിൽ അവിടത്തെ കണ്ടെത്തും. എന്നാൽ നീ അവിടത്തെ പരിത്യജിച്ചാൽ അവിടന്നു നിന്നെ എന്നേക്കുമായി തള്ളിക്കളയും. ഇതാ! ഇതും ചിന്തിക്കുക! വിശുദ്ധമന്ദിരമായി ഒരാലയം പണിയുന്നതിനു യഹോവ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതു ധൈര്യസമേതം നിർവഹിക്കുക!” പിന്നെ ദാവീദ് ദൈവാലയത്തിന്റെ പൂമുഖം, അതിനോടുചേർന്നുള്ള നിർമിതികൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അതിന്റെ അകത്തളങ്ങൾ, പാപനിവാരണസ്ഥാനം എന്നിവയുടെ മാതൃക ശലോമോനെ ഏൽപ്പിച്ചു. യഹോവയുടെ ആലയത്തിന്റെ തിരുമുറ്റങ്ങൾ, ചുറ്റുമുള്ള മുറികൾ, ദൈവാലയസ്വത്തുക്കൾക്കുള്ള ഭണ്ഡാരങ്ങൾ, സമർപ്പിതവസ്തുക്കൾക്കുള്ള ഭണ്ഡാരങ്ങൾ, ഇവയെപ്പറ്റിയെല്ലാം ദൈവാത്മാവ് ദാവീദിന്റെ മനസ്സിൽ തോന്നിച്ചതിന്റെ മുഴുവൻ മാതൃകയും അദ്ദേഹം ശലോമോനു കൊടുത്തു.