1 ദിനവൃത്താന്തം 28

28
1അനന്തരം ദാവീദ് യിസ്രായേലിന്റെ സകല പ്രഭുക്കന്മാരുമായ ഗോത്ര പ്രഭുക്കന്മാരെയും രാജാവിനു ശുശ്രൂഷ ചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകല വസ്തുവകകൾക്കും നാല്ക്കാലികൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകല പരാക്രമശാലികളെയും യെരൂശലേമിൽ കൂട്ടിവരുത്തി. 2ദാവീദ്‍രാജാവ് എഴുന്നേറ്റുനിന്നു പറഞ്ഞത് എന്തെന്നാൽ: എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്ക് കേൾപ്പിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിവാൻ എനിക്കു താൽപര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ വട്ടംകൂട്ടിയിരുന്നു. 3എന്നാൽ ദൈവം എന്നോട്: നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു. 4എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിനു രാജാവായിരിപ്പാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാൻ യെഹൂദായെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവച്ച് എന്നെ എല്ലാ യിസ്രായേലിനും രാജാവാക്കുവാൻ അവനു പ്രസാദം തോന്നി. 5എന്റെ സകല പുത്രന്മാരിലും നിന്നു- യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ- അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നു. 6അവൻ എന്നോട്: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കും. 7അവൻ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്ന് അരുളിച്ചെയ്തിരിക്കുന്നു. 8ആകയാൽ യഹോവയുടെ സഭയായ എല്ലാ യിസ്രായേലും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ പറയുന്നത്: നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കൾക്കു ശാശ്വതാവകാശമായി വച്ചേക്കയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിൻ. 9നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടെ സേവിക്കയും ചെയ്ക; യഹോവ സർവഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും. 10ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അതു നടത്തിക്കൊൾക.
11പിന്നെ ദാവീദ് തന്റെ മകനായ ശലോമോനു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അറകൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു. 12യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാ അറകൾ, ദൈവാലയത്തിന്റെ ഭണ്ഡാരഗൃഹങ്ങൾ, നിവേദിത വസ്തുക്കളുടെ ഭണ്ഡാരം, 13പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകല ശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങൾ എന്നിവയെല്ലാറ്റെയും കുറിച്ചു തന്റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകാവിവരവും അവനു കൊടുത്തു. 14അതതു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക് ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക് ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്ക് ഒക്കെയും തൂക്കപ്രകാരം വെള്ളിയും 15പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണദീപങ്ങൾക്കും വേണ്ടുന്ന തൂക്കമായി ഓരോ വിളക്കുതണ്ടിനും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും വെള്ളി കൊണ്ടുള്ള വിളക്കുതണ്ടുകൾക്കു ഓരോ തണ്ടിന്റെയും ഉപയോഗത്തിനു തക്കവണ്ണം അതതു തണ്ടിനും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു. 16കാഴ്ചയപ്പത്തിന്റെ മേശകൾക്ക് ഓരോ മേശയ്ക്ക് വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു. 17മുൾക്കൊളുത്തുകൾക്കും കലശങ്ങൾക്കും കുടങ്ങൾക്കും വേണ്ടുന്ന തങ്കവും പൊൻകിണ്ടികൾക്ക് ഓരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഓരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു. 18ധൂപപീഠത്തിനു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്കു വേണ്ടുന്ന പൊന്നും കൊടുത്തു. 19ഇവയെല്ലാം ഈ മാതൃകയുടെ എല്ലാ പണികളും യഹോവ എനിക്കുവേണ്ടി തന്റെ കൈകൊണ്ട് എഴുതിയ രേഖമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു. 20പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞത്: ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നെ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ വേലയും നീ നിവർത്തിക്കുംവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല. 21ഇതാ, ദൈവാലയത്തിലെ സകല ശുശ്രൂഷയ്ക്കുംവേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോവിധ ശുശ്രൂഷയ്ക്കും മനസ്സും സാമർഥ്യവും ഉള്ള ഏവരും എല്ലാ വേലയ്ക്കായിട്ടും നിന്നോടുകൂടെ ഉണ്ട്; പ്രഭുക്കന്മാരും സർവജനവും നിന്റെ കല്പനയ്ക്കൊക്കെയും വിധേയരായിരിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 ദിനവൃത്താന്തം 28: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക