1 ദിനവൃത്താന്തം 28:6-12

1 ദിനവൃത്താന്തം 28:6-12 MCV

യഹോവ എന്നോടു കൽപ്പിച്ചു: ‘എന്റെ ആലയവും അങ്കണങ്ങളും പണിയേണ്ട വ്യക്തി നിന്റെ മകനായ ശലോമോൻതന്നെയാണ്; എന്തെന്നാൽ ഞാൻ അവനെ എന്റെ മകനായിരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കുകയും ചെയ്യും. അവൻ, ഇന്നു ചെയ്യുന്നതുപോലെ, എന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിക്കുന്ന കാര്യത്തിൽ ദൃഢചിത്തനായിരിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കുമായി സുസ്ഥിരമാക്കും.’ “ആകയാൽ ഇപ്പോൾ എല്ലാ ഇസ്രായേലും യഹോവയുടെ സർവസഭയും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ ഇതു പറയുന്നു: നിങ്ങൾ ഈ നല്ലദേശം സ്വന്തമാക്കി അനുഭവിക്കുകയും നിങ്ങളുടെ കാലശേഷം നിങ്ങളുടെ സന്തതികൾക്ക് അതു ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യേണ്ടതിന്, നിങ്ങളുടെ ദൈവമായ യഹോവയുടെ പ്രമാണങ്ങളെ അനുസരിക്കുന്ന കാര്യത്തിൽ ഏറ്റവും ജാഗരൂകരായിരിക്കുക! “ആകയാൽ ഇപ്പോൾ എന്റെ മകനേ, ശലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുക! സമ്പൂർണ ഹൃദയസമർപ്പണത്തോടും ദൃഢചിത്തതയോടുംകൂടി അവിടത്തെ സേവിക്കുക! കാരണം യഹോവ ഓരോ ചിന്തയ്ക്കും പിന്നിലുള്ള നിനവുകളെ ഗ്രഹിക്കുന്നു. നീ അവിടത്തെ അന്വേഷിക്കുമെങ്കിൽ അവിടത്തെ കണ്ടെത്തും. എന്നാൽ നീ അവിടത്തെ പരിത്യജിച്ചാൽ അവിടന്നു നിന്നെ എന്നേക്കുമായി തള്ളിക്കളയും. ഇതാ! ഇതും ചിന്തിക്കുക! വിശുദ്ധമന്ദിരമായി ഒരാലയം പണിയുന്നതിനു യഹോവ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതു ധൈര്യസമേതം നിർവഹിക്കുക!” പിന്നെ ദാവീദ് ദൈവാലയത്തിന്റെ പൂമുഖം, അതിനോടുചേർന്നുള്ള നിർമിതികൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അതിന്റെ അകത്തളങ്ങൾ, പാപനിവാരണസ്ഥാനം എന്നിവയുടെ മാതൃക ശലോമോനെ ഏൽപ്പിച്ചു. യഹോവയുടെ ആലയത്തിന്റെ തിരുമുറ്റങ്ങൾ, ചുറ്റുമുള്ള മുറികൾ, ദൈവാലയസ്വത്തുക്കൾക്കുള്ള ഭണ്ഡാരങ്ങൾ, സമർപ്പിതവസ്തുക്കൾക്കുള്ള ഭണ്ഡാരങ്ങൾ, ഇവയെപ്പറ്റിയെല്ലാം ദൈവാത്മാവ് ദാവീദിന്റെ മനസ്സിൽ തോന്നിച്ചതിന്റെ മുഴുവൻ മാതൃകയും അദ്ദേഹം ശലോമോനു കൊടുത്തു.