1 ദിനവൃത്താന്തം 21:18-30
1 ദിനവൃത്താന്തം 21:18-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ദാവീദ് ചെന്നു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാൻ കല്പിച്ചു. യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു. ഒർന്നാൻ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ കോതമ്പു മെതിച്ചുകൊണ്ടിരിക്കയായിരുന്നു. ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ് ഒർന്നാനോട്: ഈ കളത്തിന്റെ സ്ഥലത്തു ഞാൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് അത് എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിനു നീ അതു മുഴുവിലയ്ക്ക് എനിക്കു തരേണം എന്നു പറഞ്ഞു. അതിന് ഒർന്നാൻ ദാവീദിനോട്: അത് എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളെയും ഭോജനയാഗത്തിനു കോതമ്പിനെയും തരുന്നു; എല്ലാം ഞാൻ തരുന്നു എന്നു പറഞ്ഞു. ദാവീദുരാജാവ് ഒർന്നാനോട്: അങ്ങനെ അല്ല; ഞാൻ മുഴുവിലയ്ക്കേ അതു വാങ്ങുകയുള്ളൂ; നിനക്കുള്ളതു ഞാൻ യഹോവയ്ക്കായിട്ട് എടുക്കയില്ല; ചെലവു കൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് ആ സ്ഥലത്തിന് അറുനൂറ് ശേക്കെൽ പൊന്ന് ഒർന്നാനു കൊടുത്തു. ദാവീദ് അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാർഥിച്ചു; അവൻ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന് ഉത്തരം അരുളി. യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു. ആ കാലത്ത് യെബൂസ്യനായ ഒർന്നാന്റെ കളത്തിൽവച്ചു യഹോവ തന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ട് അവിടെ യാഗം കഴിച്ചു. മോശെ മരുഭൂമിയിൽവച്ച് ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്ന് ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു. യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോട് അരുളപ്പാടു ചോദിക്കേണ്ടതിന് അവിടെ ചെല്ലുവാൻ ദാവീദിനു കഴിഞ്ഞില്ല.
1 ദിനവൃത്താന്തം 21:18-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ദൂതൻ ഗാദിനോട് കല്പിച്ചു: “യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ചെന്ന് അവിടെ സർവേശ്വരനു ഒരു യാഗപീഠം പണിയാൻ ദാവീദിനോടു പറയണം.” സർവേശ്വരന്റെ നാമത്തിൽ ഗാദ് പറഞ്ഞ വാക്കനുസരിച്ചു ദാവീദ് പോയി. ഒർന്നാൻ കോതമ്പു മെതിക്കുകയായിരുന്നു; തിരിഞ്ഞു നോക്കിയപ്പോൾ സർവേശ്വരന്റെ ദൂതനെ കണ്ടു; അപ്പോൾ അയാൾ കൂടെയുണ്ടായിരുന്ന നാലു പുത്രന്മാരോടൊപ്പം ഓടിയൊളിച്ചു. ദാവീദു വരുന്നതു കണ്ടപ്പോൾ മെതിക്കളത്തിൽനിന്നു ഒർന്നാൻ പുറത്തുവന്ന് അദ്ദേഹത്തിന്റെ മുമ്പിൽ സാഷ്ടാംഗം വീണു. ദാവീദ് ഒർന്നാനോടു പറഞ്ഞു: “സർവേശ്വരന് ഒരു യാഗപീഠം പണിയാൻ ഈ മെതിക്കളം എനിക്കു നല്‌കണം. അതിന്റെ വില മുഴുവനും വാങ്ങിക്കൊള്ളുക. ജനത്തിൽനിന്നു മഹാമാരി ഒഴിഞ്ഞുപോകാൻ അതാവശ്യമാണ്.” ഒർന്നാൻ ദാവീദിനോടു പറഞ്ഞു: “അതെടുത്തു കൊള്ളുക; യജമാനനായ രാജാവേ, അങ്ങയുടെ ഹിതംപോലെ പ്രവർത്തിച്ചാലും; ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളും ഭോജനയാഗത്തിനു കോതമ്പും ഞാൻ നല്‌കുന്നു. ഇതാ, ഇവയെല്ലാം ഞാൻ തരുന്നു.” ദാവീദ് പറഞ്ഞു: “അതു പാടില്ല; ഞാൻ മുഴുവൻ വിലയും നല്‌കിയേ അതു വാങ്ങുകയുള്ളൂ. നിനക്ക് അവകാശപ്പെട്ടതൊന്നും സർവേശ്വരനുവേണ്ടി ഞാൻ എടുക്കുകയില്ല. ചെലവൊന്നുമില്ലാതെ ഞാൻ ഹോമയാഗം അർപ്പിക്കുകയില്ല.” ദാവീദ് ആ സ്ഥലത്തിനുവേണ്ടി അറുനൂറു ശേക്കെൽ സ്വർണം ഒർന്നാനു കൊടുത്തു. ദാവീദ് അവിടെ സർവേശ്വരന് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് അവിടുത്തോടു പ്രാർഥിച്ചു. അവിടുന്ന് ആകാശത്തുനിന്നു യാഗപീഠത്തിന്മേൽ അഗ്നി അയച്ചു ദാവീദിന് ഉത്തരമരുളുകയും ചെയ്തു. സർവേശ്വരന്റെ കല്പനയനുസരിച്ച് ദൂതൻ വാൾ ഉറയിൽ ഇട്ടു. യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽവച്ചു സർവേശ്വരൻ തന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളിയതുകൊണ്ട് ദാവീദ് അവിടെ യാഗങ്ങളർപ്പിച്ചു. മോശ മരുഭൂമിയിൽ വച്ചുണ്ടാക്കിയ സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരവും ഹോമയാഗപീഠവും ഗിബെയോനിലെ പൂജാഗിരിയിലായിരുന്നു. സർവേശ്വരദൂതന്റെ വാളിനെ ഭയപ്പെട്ടതുകൊണ്ട് അവിടെച്ചെന്നു ദൈവത്തിന്റെ അരുളപ്പാടു ചോദിക്കാൻ ദാവീദിനു കഴിഞ്ഞില്ല.
1 ദിനവൃത്താന്തം 21:18-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ദാവീദ് ചെന്നു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറയുവാൻ കല്പിച്ചു. യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു. ഒർന്നാൻ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ ഗോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു. ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്ന് ദാവീദിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ് ഒർന്നാനോട്: “ഈ കളത്തിന്‍റെ സ്ഥലത്ത് ഞാൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് അത് എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന് നീ അതു മുഴുവൻ വിലയ്ക്ക് എനിക്കു തരേണം” എന്നു പറഞ്ഞു. അതിന് ഒർന്നാൻ ദാവീദിനോട്: “അത് എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളെയും ഭോജനയാഗത്തിനു ഗോതമ്പും തരുന്നു; എല്ലാം ഞാൻ തരുന്നു” എന്നു പറഞ്ഞു. ദാവീദ് രാജാവു ഒർന്നാനോട്: “അങ്ങനെ അല്ല; ഞാൻ മുഴുവൻ വിലയും നൽകിയേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാൻ യഹോവയ്ക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കുകയും ഇല്ല” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് ആ സ്ഥലത്തിന് അറുനൂറു ശേക്കൽ പൊന്ന് ഒർന്നാനു കൊടുത്തു. ദാവീദ് അവിടെ യഹോവയ്ക്കു ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു യഹോവയോടു പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്ന് ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന് ഉത്തരം അരുളി. യഹോവ ദൂതനോട് കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു. ആ കാലത്ത് യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ വച്ചു യഹോവ തന്‍റെ പ്രാർത്ഥനയ്ക്ക് ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ട് അവിടെ യാഗം അർപ്പിച്ചു. മോശെ മരുഭൂമിയിൽ വച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു. യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന് അവിടെ ചെല്ലുവാൻ ദാവീദിനു കഴിഞ്ഞില്ല.
1 ദിനവൃത്താന്തം 21:18-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാൻ കല്പിച്ചു. യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു. ഒർന്നാൻ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു. ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ് ഒർന്നാനോടു: ഈ കളത്തിന്റെ സ്ഥലത്തു ഞാൻ യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു. അതിന്നു ഒർന്നാൻ ദാവീദിനോടു: അതു എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാൻ തരുന്നു എന്നു പറഞ്ഞു. ദാവീദ് രാജാവു ഒർന്നാനോടു: അങ്ങനെ അല്ല; ഞാൻ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാൻ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെൽ പൊന്നു ഒർന്നാന്നു കൊടുത്തു. ദാവീദ് അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന്നു ഉത്തരം അരുളി. യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു. ആ കാലത്തു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽവെച്ചു യഹോവ തന്റെ പ്രാർത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു. മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു. യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു അവിടെ ചെല്ലുവാൻ ദാവീദിന്നു കഴിഞ്ഞില്ല.
1 ദിനവൃത്താന്തം 21:18-30 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ആജ്ഞാപിച്ചു: “ ‘ചെന്ന് യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക,’ എന്ന് ദാവീദിനെ അറിയിക്കുക!” യഹോവയുടെ നാമത്തിൽ ഗാദു പറഞ്ഞവാക്കുകൾ അനുസരിച്ച് ദാവീദ് പോയി. അരവ്നാ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കുമ്പോൾ തിരിഞ്ഞു ദൂതനെക്കണ്ടു. അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്ന നാലു പുത്രന്മാരും പോയി ഒളിച്ചുകളഞ്ഞു. ആ സമയത്തു ദാവീദ് സമീപമെത്തി. അരവ്നാ ദാവീദിനെക്കണ്ടപ്പോൾ മെതിക്കളംവിട്ട് ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ് അരവ്നായോടു പറഞ്ഞു: “ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം പണിയുന്നതിന് നിന്റെ മെതിക്കളം ഇരിക്കുന്ന ഭൂമി എനിക്കു തരിക; അതിന്റെ മുഴുവൻ വിലയും പറ്റിക്കൊണ്ട് അതെനിക്കു തരിക!” അരവ്നാ ദാവീദിനോടു പറഞ്ഞു: “എടുത്തുകൊണ്ടാലും! എന്റെ യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും! ഹോമയാഗത്തിനുള്ള കാളകളെ ഞാൻ തരാം. വിറകിനു മെതിവണ്ടികളും ധാന്യബലിക്കു ഗോതമ്പും എല്ലാം ഞാൻ തരാം.” എന്നാൽ ദാവീദുരാജാവ് അരവ്നായോട് ഇപ്രകാരമാണ് മറുപടി പറഞ്ഞത്: “അല്ല, മുഴുവൻ വിലയും തരുന്ന കാര്യത്തിൽ എനിക്കു നിർബന്ധമുണ്ട്. നിന്റേതായ ഒന്നും, യഹോവയ്ക്ക് അർപ്പിക്കാനായി, ഞാൻ എടുക്കുകയില്ല; ചെലവില്ലാത്ത ഹോമയാഗം ഞാൻ അർപ്പിക്കുകയുമില്ല.” അങ്ങനെ ദാവീദ് ആ സ്ഥലത്തിനു വിലയായി അറുനൂറു ശേക്കേൽ സ്വർണം അരവ്നായ്ക്കു കൊടുത്തു. ദാവീദ് അവിടെ യഹോവയ്ക്കൊരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. ദാവീദ് യഹോവയോടു നിലവിളിക്കുകയും യഹോവ ആകാശത്തുനിന്നു ഹോമപീഠത്തിന്മേൽ തീയിറക്കി ഉത്തരമരുളുകയും ചെയ്തു. അപ്പോൾ യഹോവ ദൂതനോടു കൽപ്പിച്ചു; ദൂതൻ വാൾ പിൻവലിച്ച് ഉറയിലിട്ടു. യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽവെച്ച് യഹോവ തനിക്ക് ഉത്തരമരുളി എന്നുകണ്ടപ്പോൾ ദാവീദ് അവിടെ യാഗങ്ങൾ അർപ്പിച്ചു. മോശ മരുഭൂമിയിൽവെച്ചുണ്ടാക്കിയ യഹോവയുടെ സമാഗമകൂടാരവും ഹോമപീഠവും അന്ന് ഗിബെയോനിലെ ആരാധനാസ്ഥലത്തായിരുന്നു. യഹോവയുടെ ദൂതന്റെ വാളിനെ ഭയപ്പെട്ടിരുന്നതുകൊണ്ട് ദാവീദിന് അതിന്റെ മുമ്പാകെചെന്ന് ദൈവഹിതം ആരായുന്നതിനു കഴിഞ്ഞില്ല.