1. ദിനവൃത്താന്തം 21:18-30

1. ദിനവൃത്താന്തം 21:18-30 വേദപുസ്തകം

അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാൻ കല്പിച്ചു. യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു. ഒർന്നാൻ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു. ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ് ഒർന്നാനോടു: ഈ കളത്തിന്റെ സ്ഥലത്തു ഞാൻ യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു. അതിന്നു ഒർന്നാൻ ദാവീദിനോടു: അതു എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാൻ തരുന്നു എന്നു പറഞ്ഞു. ദാവീദ്‌ രാജാവു ഒർന്നാനോടു: അങ്ങനെ അല്ല; ഞാൻ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാൻ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെൽ പൊന്നു ഒർന്നാന്നു കൊടുത്തു. ദാവീദ് അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന്നു ഉത്തരം അരുളി. യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു. ആ കാലത്തു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽവെച്ചു യഹോവ തന്റെ പ്രാർത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു. മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു. യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു അവിടെ ചെല്ലുവാൻ ദാവീദിന്നു കഴിഞ്ഞില്ല.