സർവേശ്വരന്റെ ദൂതൻ ഗാദിനോട് കല്പിച്ചു: “യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ചെന്ന് അവിടെ സർവേശ്വരനു ഒരു യാഗപീഠം പണിയാൻ ദാവീദിനോടു പറയണം.” സർവേശ്വരന്റെ നാമത്തിൽ ഗാദ് പറഞ്ഞ വാക്കനുസരിച്ചു ദാവീദ് പോയി. ഒർന്നാൻ കോതമ്പു മെതിക്കുകയായിരുന്നു; തിരിഞ്ഞു നോക്കിയപ്പോൾ സർവേശ്വരന്റെ ദൂതനെ കണ്ടു; അപ്പോൾ അയാൾ കൂടെയുണ്ടായിരുന്ന നാലു പുത്രന്മാരോടൊപ്പം ഓടിയൊളിച്ചു. ദാവീദു വരുന്നതു കണ്ടപ്പോൾ മെതിക്കളത്തിൽനിന്നു ഒർന്നാൻ പുറത്തുവന്ന് അദ്ദേഹത്തിന്റെ മുമ്പിൽ സാഷ്ടാംഗം വീണു. ദാവീദ് ഒർന്നാനോടു പറഞ്ഞു: “സർവേശ്വരന് ഒരു യാഗപീഠം പണിയാൻ ഈ മെതിക്കളം എനിക്കു നല്‌കണം. അതിന്റെ വില മുഴുവനും വാങ്ങിക്കൊള്ളുക. ജനത്തിൽനിന്നു മഹാമാരി ഒഴിഞ്ഞുപോകാൻ അതാവശ്യമാണ്.” ഒർന്നാൻ ദാവീദിനോടു പറഞ്ഞു: “അതെടുത്തു കൊള്ളുക; യജമാനനായ രാജാവേ, അങ്ങയുടെ ഹിതംപോലെ പ്രവർത്തിച്ചാലും; ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളും ഭോജനയാഗത്തിനു കോതമ്പും ഞാൻ നല്‌കുന്നു. ഇതാ, ഇവയെല്ലാം ഞാൻ തരുന്നു.” ദാവീദ് പറഞ്ഞു: “അതു പാടില്ല; ഞാൻ മുഴുവൻ വിലയും നല്‌കിയേ അതു വാങ്ങുകയുള്ളൂ. നിനക്ക് അവകാശപ്പെട്ടതൊന്നും സർവേശ്വരനുവേണ്ടി ഞാൻ എടുക്കുകയില്ല. ചെലവൊന്നുമില്ലാതെ ഞാൻ ഹോമയാഗം അർപ്പിക്കുകയില്ല.” ദാവീദ് ആ സ്ഥലത്തിനുവേണ്ടി അറുനൂറു ശേക്കെൽ സ്വർണം ഒർന്നാനു കൊടുത്തു. ദാവീദ് അവിടെ സർവേശ്വരന് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് അവിടുത്തോടു പ്രാർഥിച്ചു. അവിടുന്ന് ആകാശത്തുനിന്നു യാഗപീഠത്തിന്മേൽ അഗ്നി അയച്ചു ദാവീദിന് ഉത്തരമരുളുകയും ചെയ്തു. സർവേശ്വരന്റെ കല്പനയനുസരിച്ച് ദൂതൻ വാൾ ഉറയിൽ ഇട്ടു. യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽവച്ചു സർവേശ്വരൻ തന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളിയതുകൊണ്ട് ദാവീദ് അവിടെ യാഗങ്ങളർപ്പിച്ചു. മോശ മരുഭൂമിയിൽ വച്ചുണ്ടാക്കിയ സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരവും ഹോമയാഗപീഠവും ഗിബെയോനിലെ പൂജാഗിരിയിലായിരുന്നു. സർവേശ്വരദൂതന്റെ വാളിനെ ഭയപ്പെട്ടതുകൊണ്ട് അവിടെച്ചെന്നു ദൈവത്തിന്റെ അരുളപ്പാടു ചോദിക്കാൻ ദാവീദിനു കഴിഞ്ഞില്ല.
1 CHRONICLE 21 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 21:18-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ