1 ദിനവൃത്താന്തം 17:1-15
1 ദിനവൃത്താന്തം 17:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്ത് ഒരു നാൾ നാഥാൻപ്രവാചകനോട്: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു. നാഥാൻ ദാവീദിനോട്: നിന്റെ താൽപര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. എന്നാൽ അന്നു രാത്രി നാഥാന് ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ ചെന്ന് എന്റെ ദാസനായ ദാവീദിനോടു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല. ഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ വാസം ചെയ്യാതെ കൂടാരത്തിൽനിന്നു കൂടാരത്തിലേക്കും നിവാസത്തിൽനിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു. എല്ലാ യിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങൾ എനിക്കു ദേവദാരുകൊണ്ട് ഒരു ആലയം പണിയാതെയിരിക്കുന്നത് എന്ത് എന്ന് ഒരു വാക്കു ഞാൻ കല്പിച്ചിട്ടുണ്ടോ? ആകയാൽ നീ എന്റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിക്കേണ്ടതിനു ഞാൻ നിന്നെ പുല്പുറത്തുനിന്ന്, ആടുകളെ നോക്കുമ്പോൾത്തന്നെ എടുത്തു. നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്ക് ഉണ്ടാക്കും. ഞാൻ എന്റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്ത് അവിടെനിന്ന് ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിനു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ ക്ഷയിപ്പിക്കയില്ല. ഞാൻ നിന്റെ സകല ശത്രുക്കളെയും അടക്കും; യഹോവ നിനക്ക് ഒരു ഗൃഹം പണിയുമെന്നും ഞാൻ നിന്നോട് അറിയിക്കുന്നു. നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകേണ്ടതിനു നിന്റെ ജീവകാലം തികയുമ്പോൾ ഞാൻ നിന്റെ ശേഷം നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവൻ എനിക്ക് ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻവാഴ്ചക്കാരനോടു ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോട് അതിനെ എടുത്തുകളകയില്ല. ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും. ഈ വാക്കുകളും ഈ ദർശനവും എല്ലാം നാഥാൻ ദാവീദിനോട് പ്രസ്താവിച്ചു.
1 ദിനവൃത്താന്തം 17:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് തന്റെ കൊട്ടാരത്തിൽ വസിക്കുമ്പോൾ ഒരിക്കൽ നാഥാൻപ്രവാചകനെ വിളിച്ചു പറഞ്ഞു: “ദേവദാരു നിർമ്മിതമായ കൊട്ടാരത്തിൽ ഞാൻ പാർക്കുന്നു; എന്നാൽ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകമാകട്ടെ കൂടാരത്തിലും.” നാഥാൻ ദാവീദിനോട് പറഞ്ഞു: “അങ്ങയുടെ ഹൃദയവിചാരംപോലെ പ്രവർത്തിച്ചുകൊള്ളുക; സർവേശ്വരൻ അങ്ങയോടുകൂടെയുണ്ട്.” എന്നാൽ അന്നു രാത്രി സർവേശ്വരൻ നാഥാനോട് അരുളിച്ചെയ്തു: “നീ പോയി എന്റെ ദാസനായ ദാവീദിനോടു പറയുക, നീയല്ല എനിക്കു പാർക്കുന്നതിനു ദേവാലയം പണിയേണ്ടത്’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഇസ്രായേലിനെ നയിക്കാൻ തുടങ്ങിയ നാൾമുതൽ ഇന്നുവരെ ഞാൻ ആലയത്തിൽ വസിച്ചിട്ടില്ല; കൂടാരത്തിൽ പാർത്ത്, ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുകയായിരുന്നു. ഞാൻ ഇസ്രായേൽജനത്തോടുകൂടി സഞ്ചരിച്ചിരുന്നപ്പോൾ എവിടെവച്ചെങ്കിലും ‘ദേവദാരുമരംകൊണ്ട് എനിക്കൊരു ആലയം പണിയാത്തതെന്ത്?’ എന്നു എന്റെ ജനത്തെ നയിക്കാൻ നിയമിച്ചിരുന്ന ന്യായാധിപരിൽ ആരോടെങ്കിലും ഞാൻ ചോദിച്ചിട്ടുണ്ടോ?” എന്റെ ദാസനായ ദാവീദിനോടു പറയുക: “സൈന്യങ്ങളുടെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു, ആടു മേയിച്ചു നടന്നിരുന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരിക്കാൻ മേച്ചിൽസ്ഥലത്തുനിന്നു തിരഞ്ഞെടുത്തു. നീ യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം ഞാൻ നിന്റെകൂടെ ഉണ്ടായിരുന്നു. നിന്റെ മുമ്പിൽനിന്നു ശത്രുക്കളെയെല്ലാം നീക്കിക്കളഞ്ഞു. ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ നിന്റെ നാമവും ഞാൻ പ്രസിദ്ധമാക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാൻ ഒരു സ്ഥലം വേർതിരിച്ചു കൊടുക്കും. സ്വന്തം സ്ഥലത്ത് അവർ സ്വൈര്യമായി പാർക്കും; അവിടെനിന്ന് ആരും അവരെ ഇളക്കുകയില്ല. എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ന്യായാധിപന്മാരെ നിയമിച്ചിരുന്ന കാലത്തു സംഭവിച്ചതുപോലെ അക്രമികൾ അവരെ ആക്രമിക്കുകയില്ല. നിന്റെ ശത്രുക്കളെയെല്ലാം ഞാൻ കീഴ്പെടുത്തും. മാത്രമല്ല ഞാൻ നിന്റെ ഭവനം നിലനിർത്തും. നിന്റെ ആയുസ്സു പൂർത്തിയായി പിതാക്കന്മാരോടു ചേരേണ്ട സമയമാകുമ്പോൾ നിന്റെ ഒരു പുത്രനെ, നിന്റെ സന്തതികളിൽ ഒരാളെത്തന്നെ ഞാൻ ഉയർത്തും; ഞാൻ അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവൻ എനിക്കുവേണ്ടി ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും നിലനിർത്തും. ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനുമായിരിക്കും. നിന്റെ മുൻഗാമിയിൽനിന്ന് എന്റെ സ്നേഹം ഞാൻ പിൻവലിച്ചതുപോലെ ഞാൻ അത് അവനിൽനിന്നു പിൻവലിക്കുകയില്ല. എന്റെ ജനത്തിനും രാജ്യത്തിനും അധികാരിയായി ഞാൻ അവനെ സ്ഥിരമായി നിലനിർത്തും. അവന്റെ സിംഹാസനവും സുസ്ഥിരമായിരിക്കും.” ദൈവം വെളിപ്പെടുത്തിക്കൊടുത്ത സകല കാര്യങ്ങളും നാഥാൻ ദാവീദിനോടു പറഞ്ഞു.
1 ദിനവൃത്താന്തം 17:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാവീദ് തന്റെ അരമനയിൽ താമസിക്കുന്ന സമയത്ത് ഒരു നാൾ നാഥാൻപ്രവാചകനോട് “ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ താമസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു” എന്നു പറഞ്ഞു. നാഥാൻ ദാവീദിനോട്: “നിന്‍റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. എന്നാൽ അന്നു രാത്രി നാഥാന് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായതെന്തന്നാൽ: “നീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്ക് വസിപ്പാനുള്ള ആലയം പണിയേണ്ടത് നീയല്ല. ഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ വാസം ചെയ്യാതെ ഒരു കൂടാരത്തിൽ നിന്ന് മറ്റൊരു കൂടരത്തിലേക്കും, ഒരു സമാഗമനകൂടാരത്തിൽ നിന്ന് മറ്റൊന്നിലേക്കും സഞ്ചരിച്ചു. യിസ്രായേലിനോടുകൂടെ യാത്രചെയ്ത സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങൾ എനിക്ക് ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നത് എന്ത്? എന്നു ഒരു വാക്കു ഞാൻ കല്പിച്ചിട്ടുണ്ടോ?“ അതുകൊണ്ട് നീ എന്റെ ഭൃത്യനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിക്കേണ്ടതിനു ഞാൻ നിന്നെ പുല്പുറത്ത് നിന്ന്, ആടുകളെ നോക്കുമ്പോൾത്തന്നെ എടുത്തു. നീ യാത്രചെയ്ത എല്ലാ സ്ഥലത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് നീക്കികളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും. ഞാൻ എന്റെ ജനമായ യിസ്രായേലിനു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ ആ സ്ഥലത്തു താമസിച്ച് അവിടെനിന്ന് ഇളകാതെ അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിനു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ നശിപ്പിക്കുകയില്ല. ഞാൻ നിന്റെ സകലശത്രുക്കളെയും കീഴടക്കും; യഹോവ നിനക്കു ഒരു ഭവനം പണിയുമെന്നും ഞാൻ നിന്നോട് അറിയിക്കുന്നു. നിന്‍റെ ജീവിതകാലം തികയുമ്പോൾ, നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകും. അപ്പോൾ ഞാൻ നിന്‍റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവൻ എനിക്ക് ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; നിന്‍റെ മുൻഗാമിയോട് ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോട് അത് എടുത്തു കളകയില്ല. ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.” ഈ വാക്കുകളും ഈ ദർശനവും എല്ലാം നാഥാൻ ദാവീദിനോടു പ്രസ്താവിച്ചു.
1 ദിനവൃത്താന്തം 17:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്തു ഒരുനാൾ നാഥാൻപ്രവാചകനോടു: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു: നിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. എന്നാൽ അന്നു രാത്രി നാഥാന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല. ഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ വാസം ചെയ്യാതെ കൂടാരത്തിൽനിന്നു കൂടരത്തിലേക്കും നിവാസത്തിൽനിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു. എല്ലായിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങൾ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നതു എന്തു എന്നു ഒരു വാക്കു ഞാൻ കല്പിച്ചിട്ടുണ്ടോ? ആകയാൽ നീ എന്റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു, ആടുകളെ നോക്കുമ്പോൾ തന്നേ എടുത്തു. നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും. ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ ക്ഷയിപ്പിക്കയില്ല. ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കും; യഹോവ നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാൻ നിന്നോടു അറിയിക്കുന്നു. നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകേണ്ടതിന്നു നിന്റെ ജീവകാലം തികയുമ്പോൾ ഞാൻ നിന്റെശേഷം നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവൻ എനിക്കു ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻവാഴ്ചക്കാരനോടു ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല. ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും. ഈ വാക്കുകളും ഈ ദർശനവും എല്ലാം നാഥാൻ ദാവീദിനോടു പ്രസ്താവിച്ചു.
1 ദിനവൃത്താന്തം 17:1-15 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദ് കൊട്ടാരത്തിൽ താമസമാക്കിയതിനുശേഷം, ഒരിക്കൽ അദ്ദേഹം നാഥാൻ പ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; എന്നാൽ യഹോവയുടെ ഉടമ്പടിയുടെ പേടകമോ, കൂടാരത്തിനുള്ളിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ നാഥാൻ: “അങ്ങയുടെ മനസ്സിലുള്ളതൊക്കെയും ചെയ്താലും, ദൈവം അങ്ങയോടുകൂടെ ഉണ്ടല്ലോ!” എന്നു ദാവീദുരാജാവിനോട് മറുപടി പറഞ്ഞു. എന്നാൽ അന്നുരാത്രിതന്നെ നാഥാൻ പ്രവാചകന് ദൈവത്തിന്റെ അരുളപ്പാടുണ്ടായി: “നീ ചെന്ന്, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എനിക്ക് അധിവസിക്കേണ്ടതിന് ഒരു ആലയം പണിയേണ്ടതു നീയല്ല. ഞാൻ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ ഒരു ആലയത്തിലും വസിച്ചിട്ടില്ല. ഞാൻ ഒരു കൂടാരസ്ഥലത്തുനിന്നും മറ്റൊന്നിലേക്കും ഒരു വാസസ്ഥലത്തുനിന്നും മറ്റൊരിടത്തേക്കും മാറിക്കൊണ്ടിരുന്നു. എല്ലാ ഇസ്രായേലിനോടുംകൂടെ ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങളിൽ എവിടെയെങ്കിലുംവെച്ച്, എന്റെ ജനത്തെ മേയിക്കുന്നതിനു ഞാൻ കൽപ്പിച്ചാക്കിയ നായകന്മാരോട് ആരോടെങ്കിലും, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തത് എന്തുകൊണ്ട്’ എന്നു ഞാൻ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ? “അതുകൊണ്ട്, ‘സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ് എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായിരിക്കുന്നതിന് ഞാൻ നിന്നെ മേച്ചിൽപ്പുറത്തുനിന്ന്, ആട്ടിൻപറ്റത്തെ മേയിച്ചുനടക്കുന്ന സമയത്തു തെരഞ്ഞെടുത്തു. നീ പോയ ഇടങ്ങളിലെല്ലാം ഞാൻ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ ശത്രുക്കളെയെല്ലാം നിന്റെ കണ്മുമ്പിൽനിന്ന് ഞാൻ ഛേദിച്ചുകളഞ്ഞു. ഭൂമിയിലെ മഹാന്മാരുടെ പേരുകൾപോലെ നിന്റെ പേരും ഞാൻ ആക്കിത്തീർക്കും. ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം ഒരുക്കിക്കൊടുക്കും. അവർക്കു സ്വന്തമായി ഒരു ഭവനം ഉണ്ടായിരിക്കുകയും ആരും അവരെ ശല്യപ്പെടുത്താതിരിക്കുകയും ചെയ്യത്തക്കവണ്ണം ഞാൻ അവരെ നട്ടുപിടിപ്പിക്കും. ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ന്യായാധിപന്മാരെ കൽപ്പിച്ചാക്കിയ കാലത്തെന്നപോലെ ദുഷ്ടജനങ്ങൾ ഇനി ഒരിക്കലും അവരെ ഞെരുക്കുകയില്ല. ഞാൻ നിന്റെ ശത്രുക്കളെയെല്ലാം കീഴ്പ്പെടുത്തും. “ ‘യഹോവ നിനക്കൊരു ഭവനം പണിയുമെന്ന് ഞാനിതാ നിന്നോടു പ്രഖ്യാപിക്കുന്നു: നിന്റെ ദിനങ്ങൾ പൂർത്തിയാക്കി നീ നിന്റെ പിതാക്കന്മാരോടു ചേരുമ്പോൾ, നിന്റെ സന്തതിയെ ഞാൻ നിന്റെ പിൻഗാമിയാക്കി ഉയർത്തും; നിന്റെ സ്വന്തം പുത്രന്മാരിൽ ഒരുത്തനെത്തന്നെ. ഞാൻ അവന്റെ രാജത്വം സുസ്ഥിരമാക്കും. അവനായിരിക്കും എനിക്കുവേണ്ടി ഒരു ആലയം പണിയുന്നത്. ഞാൻ അവന്റെ സിംഹാസനത്തെ എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും. ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും. ഞാൻ എന്റെ സ്നേഹം അവന്റെ മുൻഗാമിയിൽനിന്നു മാറ്റിയതുപോലെ അവനിൽനിന്നു മാറ്റിക്കളയുകയില്ല. ഞാൻ അവനെ എന്റെ ഭവനത്തിലും എന്റെ രാജ്യത്തിലും എന്നെന്നേക്കുമായി നിലനിർത്തും. അവന്റെ സിംഹാസനം എന്നെന്നേക്കും സുസ്ഥിരമായിരിക്കും.’ ” ഈ വെളിപ്പാടിലെ സകലവാക്കുകളും നാഥാൻ ദാവീദിനെ അറിയിച്ചു.