1 CHRONICLE 17:1-15

1 CHRONICLE 17:1-15 MALCLBSI

ദാവീദ് തന്റെ കൊട്ടാരത്തിൽ വസിക്കുമ്പോൾ ഒരിക്കൽ നാഥാൻപ്രവാചകനെ വിളിച്ചു പറഞ്ഞു: “ദേവദാരു നിർമ്മിതമായ കൊട്ടാരത്തിൽ ഞാൻ പാർക്കുന്നു; എന്നാൽ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകമാകട്ടെ കൂടാരത്തിലും.” നാഥാൻ ദാവീദിനോട് പറഞ്ഞു: “അങ്ങയുടെ ഹൃദയവിചാരംപോലെ പ്രവർത്തിച്ചുകൊള്ളുക; സർവേശ്വരൻ അങ്ങയോടുകൂടെയുണ്ട്.” എന്നാൽ അന്നു രാത്രി സർവേശ്വരൻ നാഥാനോട് അരുളിച്ചെയ്തു: “നീ പോയി എന്റെ ദാസനായ ദാവീദിനോടു പറയുക, നീയല്ല എനിക്കു പാർക്കുന്നതിനു ദേവാലയം പണിയേണ്ടത്’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഇസ്രായേലിനെ നയിക്കാൻ തുടങ്ങിയ നാൾമുതൽ ഇന്നുവരെ ഞാൻ ആലയത്തിൽ വസിച്ചിട്ടില്ല; കൂടാരത്തിൽ പാർത്ത്, ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുകയായിരുന്നു. ഞാൻ ഇസ്രായേൽജനത്തോടുകൂടി സഞ്ചരിച്ചിരുന്നപ്പോൾ എവിടെവച്ചെങ്കിലും ‘ദേവദാരുമരംകൊണ്ട് എനിക്കൊരു ആലയം പണിയാത്തതെന്ത്?’ എന്നു എന്റെ ജനത്തെ നയിക്കാൻ നിയമിച്ചിരുന്ന ന്യായാധിപരിൽ ആരോടെങ്കിലും ഞാൻ ചോദിച്ചിട്ടുണ്ടോ?” എന്റെ ദാസനായ ദാവീദിനോടു പറയുക: “സൈന്യങ്ങളുടെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു, ആടു മേയിച്ചു നടന്നിരുന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരിക്കാൻ മേച്ചിൽസ്ഥലത്തുനിന്നു തിരഞ്ഞെടുത്തു. നീ യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം ഞാൻ നിന്റെകൂടെ ഉണ്ടായിരുന്നു. നിന്റെ മുമ്പിൽനിന്നു ശത്രുക്കളെയെല്ലാം നീക്കിക്കളഞ്ഞു. ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ നിന്റെ നാമവും ഞാൻ പ്രസിദ്ധമാക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാൻ ഒരു സ്ഥലം വേർതിരിച്ചു കൊടുക്കും. സ്വന്തം സ്ഥലത്ത് അവർ സ്വൈര്യമായി പാർക്കും; അവിടെനിന്ന് ആരും അവരെ ഇളക്കുകയില്ല. എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ന്യായാധിപന്മാരെ നിയമിച്ചിരുന്ന കാലത്തു സംഭവിച്ചതുപോലെ അക്രമികൾ അവരെ ആക്രമിക്കുകയില്ല. നിന്റെ ശത്രുക്കളെയെല്ലാം ഞാൻ കീഴ്പെടുത്തും. മാത്രമല്ല ഞാൻ നിന്റെ ഭവനം നിലനിർത്തും. നിന്റെ ആയുസ്സു പൂർത്തിയായി പിതാക്കന്മാരോടു ചേരേണ്ട സമയമാകുമ്പോൾ നിന്റെ ഒരു പുത്രനെ, നിന്റെ സന്തതികളിൽ ഒരാളെത്തന്നെ ഞാൻ ഉയർത്തും; ഞാൻ അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവൻ എനിക്കുവേണ്ടി ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും നിലനിർത്തും. ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനുമായിരിക്കും. നിന്റെ മുൻഗാമിയിൽനിന്ന് എന്റെ സ്നേഹം ഞാൻ പിൻവലിച്ചതുപോലെ ഞാൻ അത് അവനിൽനിന്നു പിൻവലിക്കുകയില്ല. എന്റെ ജനത്തിനും രാജ്യത്തിനും അധികാരിയായി ഞാൻ അവനെ സ്ഥിരമായി നിലനിർത്തും. അവന്റെ സിംഹാസനവും സുസ്ഥിരമായിരിക്കും.” ദൈവം വെളിപ്പെടുത്തിക്കൊടുത്ത സകല കാര്യങ്ങളും നാഥാൻ ദാവീദിനോടു പറഞ്ഞു.

1 CHRONICLE 17 വായിക്കുക