1 CHRONICLE 17

17
നാഥാന്റെ സന്ദേശം
(2 ശമൂ. 7:1-17)
1ദാവീദ് തന്റെ കൊട്ടാരത്തിൽ വസിക്കുമ്പോൾ ഒരിക്കൽ നാഥാൻപ്രവാചകനെ വിളിച്ചു പറഞ്ഞു: “ദേവദാരു നിർമ്മിതമായ കൊട്ടാരത്തിൽ ഞാൻ പാർക്കുന്നു; എന്നാൽ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകമാകട്ടെ കൂടാരത്തിലും.” 2നാഥാൻ ദാവീദിനോട് പറഞ്ഞു: “അങ്ങയുടെ ഹൃദയവിചാരംപോലെ പ്രവർത്തിച്ചുകൊള്ളുക; സർവേശ്വരൻ അങ്ങയോടുകൂടെയുണ്ട്.”
3എന്നാൽ അന്നു രാത്രി സർവേശ്വരൻ നാഥാനോട് അരുളിച്ചെയ്തു: 4“നീ പോയി എന്റെ ദാസനായ ദാവീദിനോടു പറയുക, നീയല്ല എനിക്കു പാർക്കുന്നതിനു ദേവാലയം പണിയേണ്ടത്’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 5ഇസ്രായേലിനെ നയിക്കാൻ തുടങ്ങിയ നാൾമുതൽ ഇന്നുവരെ ഞാൻ ആലയത്തിൽ വസിച്ചിട്ടില്ല; കൂടാരത്തിൽ പാർത്ത്, ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുകയായിരുന്നു. 6ഞാൻ ഇസ്രായേൽജനത്തോടുകൂടി സഞ്ചരിച്ചിരുന്നപ്പോൾ എവിടെവച്ചെങ്കിലും ‘ദേവദാരുമരംകൊണ്ട് എനിക്കൊരു ആലയം പണിയാത്തതെന്ത്?’ എന്നു എന്റെ ജനത്തെ നയിക്കാൻ നിയമിച്ചിരുന്ന ന്യായാധിപരിൽ ആരോടെങ്കിലും ഞാൻ ചോദിച്ചിട്ടുണ്ടോ?”
7എന്റെ ദാസനായ ദാവീദിനോടു പറയുക: “സൈന്യങ്ങളുടെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു, ആടു മേയിച്ചു നടന്നിരുന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരിക്കാൻ മേച്ചിൽസ്ഥലത്തുനിന്നു തിരഞ്ഞെടുത്തു. 8നീ യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം ഞാൻ നിന്റെകൂടെ ഉണ്ടായിരുന്നു. നിന്റെ മുമ്പിൽനിന്നു ശത്രുക്കളെയെല്ലാം നീക്കിക്കളഞ്ഞു. ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ നിന്റെ നാമവും ഞാൻ പ്രസിദ്ധമാക്കും. 9എന്റെ ജനമായ ഇസ്രായേലിനു ഞാൻ ഒരു സ്ഥലം വേർതിരിച്ചു കൊടുക്കും. സ്വന്തം സ്ഥലത്ത് അവർ സ്വൈര്യമായി പാർക്കും; അവിടെനിന്ന് ആരും അവരെ ഇളക്കുകയില്ല. എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ന്യായാധിപന്മാരെ നിയമിച്ചിരുന്ന കാലത്തു സംഭവിച്ചതുപോലെ അക്രമികൾ അവരെ ആക്രമിക്കുകയില്ല. 10നിന്റെ ശത്രുക്കളെയെല്ലാം ഞാൻ കീഴ്പെടുത്തും. മാത്രമല്ല ഞാൻ നിന്റെ ഭവനം നിലനിർത്തും. 11നിന്റെ ആയുസ്സു പൂർത്തിയായി പിതാക്കന്മാരോടു ചേരേണ്ട സമയമാകുമ്പോൾ നിന്റെ ഒരു പുത്രനെ, നിന്റെ സന്തതികളിൽ ഒരാളെത്തന്നെ ഞാൻ ഉയർത്തും; ഞാൻ അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. 12അവൻ എനിക്കുവേണ്ടി ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും നിലനിർത്തും. 13ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനുമായിരിക്കും. നിന്റെ മുൻഗാമിയിൽനിന്ന് എന്റെ സ്നേഹം ഞാൻ പിൻവലിച്ചതുപോലെ ഞാൻ അത് അവനിൽനിന്നു പിൻവലിക്കുകയില്ല. 14എന്റെ ജനത്തിനും രാജ്യത്തിനും അധികാരിയായി ഞാൻ അവനെ സ്ഥിരമായി നിലനിർത്തും. അവന്റെ സിംഹാസനവും സുസ്ഥിരമായിരിക്കും.”
15ദൈവം വെളിപ്പെടുത്തിക്കൊടുത്ത സകല കാര്യങ്ങളും നാഥാൻ ദാവീദിനോടു പറഞ്ഞു.
ദാവീദിന്റെ സ്തോത്രപ്രാർഥന
(2 ശമൂ. 7:18-29)
16പിന്നീട് ദാവീദുരാജാവ് അകത്തു പോയി സർവേശ്വരസന്നിധിയിൽ പ്രാർഥിച്ചു. സർവേശ്വരനായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയിൽ എത്തിക്കത്തക്കവിധം ഞാൻ ആരാണ്? 17എന്റെ ഭവനത്തിന് എന്തു മേന്മ? ദൈവമേ, അവിടുത്തേക്ക് ഇതൊരു നിസ്സാരകാര്യമാണ്. ഈ ദാസന്റെ കുടുംബത്തിന് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അവിടുന്നു വെളിപ്പെടുത്തി; വരാനിരിക്കുന്ന തലമുറകളെ എനിക്കു കാണിച്ചുതന്നു. 18അവിടുത്തെ ദാസനെ അവിടുന്നു ബഹുമാനിച്ച വിധത്തെപ്പറ്റി ഇനി എന്താണു പറയാനുള്ളത്? ഈ ദാസനെ അവിടുന്ന് അറിയുന്നുവല്ലോ. 19സർവേശ്വരാ, ഈയുള്ളവനെ ഓർത്ത് അവിടുത്തെ ഹിതമനുസരിച്ച് ഈ വൻകാര്യങ്ങളെല്ലാം അവിടുന്നു പ്രവർത്തിച്ചു; അവിടുന്ന് അവ പ്രസിദ്ധമാക്കുകയും ചെയ്തു. 20അവിടുത്തെപ്പോലെ മറ്റൊരു ദൈവത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടില്ല; അവിടുന്നല്ലാതെ വേറൊരു ദൈവവുമില്ല. 21അവിടുന്ന് ഈജിപ്തിൽനിന്നു വീണ്ടെടുത്ത് സ്വന്തജനമാക്കിയ ഇസ്രായേലിനെപ്പോലെ മറ്റൊരു ജനതയുമില്ല. അവർ മുമ്പോട്ടു നീങ്ങിയപ്പോൾ അദ്ഭുതകരവും ഭീതിജനകവുമായ പ്രവൃത്തികൾ ചെയ്ത് മറ്റു ജനതകളെ അവരുടെ മുമ്പിൽനിന്നു നീക്കി; അങ്ങനെ അവിടുന്ന് മഹത്ത്വം ആർജിച്ചു. 22സർവേശ്വരാ, സദാകാലത്തേക്കും അവിടുത്തെ ജനമായിരിക്കാൻ അവിടുന്ന് ഇസ്രായേലിനെ തിരഞ്ഞെടുത്തു. അവിടുന്ന് അവരുടെ ദൈവമായിത്തീർന്നു.
23“അതുകൊണ്ടു സർവേശ്വരാ, അടിയനെയും അടിയന്റെ കുടുംബത്തെയും പറ്റി അവിടുന്ന് അരുളിച്ചെയ്ത വചനം എന്നേക്കും നിലനില്‌ക്കട്ടെ; അവയെല്ലാം അവിടുന്നു നിറവേറ്റണമേ. 24സർവശക്തനായ സർവേശ്വരൻ ഇസ്രായേലിന്റെ ദൈവമാകുന്നു; അവിടുത്തെ നാമം എന്നേക്കും നിലനില്‌ക്കുകയും മഹത്ത്വപ്പെടുകയും ചെയ്യും. അവിടുത്തെ ദാസനായ ദാവീദിന്റെ കുടുംബം തിരുമുമ്പാകെ സുസ്ഥിരമായിരിക്കും. 25എന്റെ ദൈവമേ, അവിടുത്തെ ദാസന്റെ ഭവനം നിലനിർത്തുമെന്ന് അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തിരുസന്നിധിയിൽ ഇങ്ങനെ പ്രാർഥിക്കാൻ അടിയനു ധൈര്യമുണ്ടായി. 26സർവേശ്വരാ, അവിടുന്നുതന്നെ ദൈവം; ഈ നല്ല കാര്യങ്ങൾ അവിടുത്തെ ദാസനു വാഗ്ദാനം ചെയ്തിരിക്കുന്നു. 27അതുകൊണ്ട് തിരുവുള്ളമുണ്ടായി ഈ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കണമേ. അങ്ങനെ അത് തിരുമുമ്പിൽ എന്നേക്കും നിലനില്‌ക്കട്ടെ. സർവേശ്വരാ, അവിടുന്ന് അനുഗ്രഹിച്ചിട്ടുള്ളത് എന്നും അനുഗൃഹീതമായിരിക്കും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 CHRONICLE 17: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക