1. ദിനവൃത്താന്തം 17:1-15

1. ദിനവൃത്താന്തം 17:1-15 വേദപുസ്തകം

ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്തു ഒരുനാൾ നാഥാൻപ്രവാചകനോടു: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു: നിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. എന്നാൽ അന്നു രാത്രി നാഥാന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല. ഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ വാസം ചെയ്യാതെ കൂടാരത്തിൽനിന്നു കൂടരത്തിലേക്കും നിവാസത്തിൽനിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു. എല്ലായിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങൾ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നതു എന്തു എന്നു ഒരു വാക്കു ഞാൻ കല്പിച്ചിട്ടുണ്ടോ? ആകയാൽ നീ എന്റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു, ആടുകളെ നോക്കുമ്പോൾ തന്നേ എടുത്തു. നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും. ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ ക്ഷയിപ്പിക്കയില്ല. ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കും; യഹോവ നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാൻ നിന്നോടു അറിയിക്കുന്നു. നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകേണ്ടതിന്നു നിന്റെ ജീവകാലം തികയുമ്പോൾ ഞാൻ നിന്റെശേഷം നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവൻ എനിക്കു ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻവാഴ്ചക്കാരനോടു ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല. ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും. ഈ വാക്കുകളും ഈ ദർശനവും എല്ലാം നാഥാൻ ദാവീദിനോടു പ്രസ്താവിച്ചു.