1 ദിനവൃത്താന്തം 11:10-19
1 ദിനവൃത്താന്തം 11:10-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദിന് ഉണ്ടായിരുന്ന പ്രധാന വീരന്മാർ ആവിത്: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന് അവർ എല്ലാ യിസ്രായേലുമായി രാജത്വം സംബന്ധിച്ച് അവന്റെ പക്ഷം മുറുകെ പിടിച്ചു. ദാവീദിനുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിത്: മുപ്പതു പേരിൽ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറു പേരുടെ നേരേ കുന്തം ഓങ്ങി ഒരേ സമയത്ത് അവരെ കൊന്നുകളഞ്ഞു. അവന്റെശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിനു കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. എന്നാൽ അവർ ആ വയലിന്റെ മധ്യേ നിന്ന് അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വലിയൊരു ജയം നല്കി. ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്‌വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ മുപ്പതു തലവന്മാരിൽ മൂന്നു പേർ പാറയിങ്കൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അന്നു ദാവീദ് ദുർഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് അക്കാലത്തു ബേത്‍ലഹേമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു. ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തി പൂണ്ടു പറഞ്ഞു. അപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽക്കൂടി കടന്നുചെന്നു ബേത്‍ലഹേംപട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു: ഇതു ചെയ്വാൻ എന്റെ ദൈവം എനിക്ക് സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു; അതുകൊണ്ട് അവന് അതു കുടിപ്പാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തത്.
1 ദിനവൃത്താന്തം 11:10-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ കല്പനയനുസരിച്ച്, ദാവീദിനെ ഇസ്രായേൽരാജാവാക്കാൻ ജനത്തോടു ചേർന്നു ധീരമായി പ്രവർത്തിച്ച മൂന്നു മുഖ്യ യോദ്ധാക്കൾ ഇവരാണ്. അവരിൽ ഒന്നാമൻ ഹക്മോന്യനായ യാശോബെയാം തന്റെ കുന്തവുമായി മുന്നൂറു പേരോട് ഒറ്റയ്‍ക്ക് ഏറ്റുമുട്ടി; അവരെയെല്ലാം വധിച്ചു. രണ്ടാമൻ അഹോഹ്യനായ ദോദോയുടെ പുത്രൻ എലെയാസർ ആയിരുന്നു. ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന് അണിനിരന്നപ്പോൾ അവൻ ദാവീദിനോടുകൂടി ബാർലി നിറഞ്ഞുനിന്ന ഒരു വയലിൽ ആയിരുന്നു. ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. അപ്പോഴും അവൻ വയലിന്റെ നടുവിൽ നിന്നുകൊണ്ട് അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വെട്ടിവീഴ്ത്തുകയും ചെയ്തു. സർവേശ്വരൻ അവർക്കു വൻവിജയം നല്‌കി രക്ഷിച്ചു. ഫെലിസ്ത്യസൈന്യം രെഫായീംതാഴ്‌വരയിൽ പാളയമടിച്ചിരുന്നപ്പോൾ മുപ്പതു പ്രമാണിമാരിൽ മൂന്നു പേർ അദുല്ലാം ശിലാഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അപ്പോൾ ആ രക്ഷാസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരിൽ ഒരു വിഭാഗം ബേത്‍ലഹേമിൽ പാളയമടിച്ചിരുന്നു. “ബേത്‍ലഹേം നഗരവാതില്‌ക്കലുള്ള കിണറ്റിലെ അല്പം വെള്ളം എനിക്കു കുടിക്കാൻ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കിൽ” എന്നു ദാവീദ് അതിയായ ആശയോടെ പറഞ്ഞു. അപ്പോൾ ആ മൂന്നുപേർ ഫെലിസ്ത്യരുടെ പാളയം അതിക്രമിച്ചു കടന്നു ബേത്‍ലഹേം നഗരവാതില്‌ക്കലുള്ള കിണറ്റിൽനിന്നു വെള്ളം എടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാൽ അതു കുടിക്കാൻ ദാവീദിനു മനസ്സു വന്നില്ല. അദ്ദേഹം അതു സർവേശ്വരനു നിവേദിച്ചു. ദാവീദ് പറഞ്ഞു: “സർവേശ്വരാ ഞാൻ ഇതെങ്ങനെ കുടിക്കും? ഈ മനുഷ്യരുടെ ജീവരക്തം ഞാൻ കുടിക്കുകയോ? പ്രാണൻ അപകടപ്പെടുത്തിയാണല്ലോ അവരിതു കൊണ്ടുവന്നത്. “അദ്ദേഹം അതു കുടിച്ചില്ല. ഇതായിരുന്നു ആ മൂന്നുപേർ കാട്ടിയ ധീരത.
1 ദിനവൃത്താന്തം 11:10-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാവീദിന് ഉണ്ടായിരുന്ന പ്രധാന വീരന്മാർ യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന് അവർ എല്ലാ യിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെപ്പിടിച്ചു. ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാണിത്: മുപ്പതുപേരിൽ പ്രധാനിയായി ഹഖമോന്യന്‍റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്ത് അവരെ കൊന്നുകളഞ്ഞു. അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുവൻ ആയിരുന്നു. ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന് കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി. എന്നാൽ അവർ ആ വയലിന്‍റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വൻവിജയം നല്കി. ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീം താഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ, മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അന്നു ദാവീദ് രക്ഷാസങ്കേതത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് അക്കാലത്ത് ബേത്‍ലേഹേമിൽ ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു. “ബെത്ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽ നിന്നു വെള്ളം എനിക്ക് കുടിക്കുവാൻ ആര്‍ കൊണ്ടുവന്നു തരും” എന്നു ദാവീദ് വാഞ്ഛയോടെ പറഞ്ഞു. അപ്പോൾ ആ മൂന്നുപേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബെത്ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അത് കുടിക്കുവാൻ മനസ്സില്ലാതെ യഹോവയ്ക്കു സമർപ്പിച്ചു: “ഇത് ചെയ്യുവാൻ എന്‍റെ ദൈവം എനിക്ക് സംഗതി വരുത്തരുതേ; സ്വന്തം പ്രാണൻ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചാണല്ലോ അത് കൊണ്ടുവന്നിരിക്കുന്നത്” എന്നു പറഞ്ഞു; അതുകൊണ്ട് അവന് അത് കുടിക്കുവാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
1 ദിനവൃത്താന്തം 11:10-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാർ ആവിതു: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവർ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെപ്പിടിച്ചു. ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതു: മുപ്പതുപേരിൽ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു. അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന്നു കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി. എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വലിയോരു ജയം നല്കി. ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്‌വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിങ്കൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അന്നു ദാവീദ് ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു അക്കാലത്തു ബേത്ത്ലേഹെമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു. ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു. അപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു: ഇതു ചെയ്വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
1 ദിനവൃത്താന്തം 11:10-19 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളിൽ പ്രമുഖർ ഇവരായിരുന്നു—യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ദാവീദിനെ രാജാവാക്കുന്നതിൽ അവർ സകല ഇസ്രായേല്യരോടും ഒപ്പം അദ്ദേഹത്തിനു ശക്തമായ പിന്തുണ നൽകി— ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പട്ടിക ഇതാണ്: ഹഖ്മോന്യനായ യാശോബെയാം, ഇദ്ദേഹം മുപ്പതുപേരിൽ പ്രധാനിയായിരുന്നു, അദ്ദേഹം മുന്നൂറുപേർക്കെതിരേ കുന്തമെടുത്തു പൊരുതുകയും ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ അവരെ വധിക്കുകയും ചെയ്തു. അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ ആയിരുന്നു അടുത്ത പ്രധാനി. അദ്ദേഹം പരാക്രമശാലികളായ മൂന്നു യോദ്ധാക്കളിൽ ഒരുവനായിരുന്നു. ഫെലിസ്ത്യർ പാസ്-ദമ്മീമിൽ യുദ്ധത്തിന് അണിനിരന്നപ്പോൾ അദ്ദേഹവും ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. നിറയെ യവമുള്ള ഒരു വയലിൽവെച്ച് ഇസ്രായേൽ പടയാളികൾ ഫെലിസ്ത്യരുടെമുമ്പിൽനിന്നു പലായനംചെയ്തു. എന്നാൽ അവർ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ച് അതിനെ സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി. ഫെലിസ്ത്യരുടെ ഒരുസംഘം രെഫായീം താഴ്വരയിൽ താവളമടിച്ചിരുന്നപ്പോൾ ഈ മുപ്പതു പ്രമുഖന്മാരിൽ മൂന്നുപേർ അദുല്ലാം ഗുഹയിലെ പാറയിൽ ദാവീദിന്റെ അടുത്തെത്തി. ആ സമയത്തു ദാവീദ് സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരുടെ കാവൽസേനാവിഭാഗം ബേത്ലഹേമിലും ആയിരുന്നു. ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.” അതുകേട്ട ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയ്ക്കു നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു പറഞ്ഞു: “ഇതു ചെയ്യാൻ ദൈവം എനിക്ക് ഇടവരുത്താതിരിക്കട്ടെ! തങ്ങളുടെ ജീവനെ പണയപ്പെടുത്തിപ്പോയ ഈ മനുഷ്യരുടെ ജീവരക്തം ഞാൻ കുടിക്കുകയോ?” അവർ തങ്ങളുടെ ജീവൻ പണയംവെച്ചാണ് ഈ ജലം കൊണ്ടുവന്നത്. അതുകൊണ്ട് ദാവീദ് ആ ജലം കുടിച്ചില്ല. ആ മൂന്നു പരാക്രമശാലികളുടെ ഉജ്ജ്വല വീരകൃത്യങ്ങൾ ഈ വിധമായിരുന്നു.