1 ദിനവൃത്താന്തം 11:10-19

1 ദിനവൃത്താന്തം 11:10-19 MCV

ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളിൽ പ്രമുഖർ ഇവരായിരുന്നു—യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ദാവീദിനെ രാജാവാക്കുന്നതിൽ അവർ സകല ഇസ്രായേല്യരോടും ഒപ്പം അദ്ദേഹത്തിനു ശക്തമായ പിന്തുണ നൽകി— ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പട്ടിക ഇതാണ്: ഹഖ്മോന്യനായ യാശോബെയാം, ഇദ്ദേഹം മുപ്പതുപേരിൽ പ്രധാനിയായിരുന്നു, അദ്ദേഹം മുന്നൂറുപേർക്കെതിരേ കുന്തമെടുത്തു പൊരുതുകയും ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ അവരെ വധിക്കുകയും ചെയ്തു. അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ ആയിരുന്നു അടുത്ത പ്രധാനി. അദ്ദേഹം പരാക്രമശാലികളായ മൂന്നു യോദ്ധാക്കളിൽ ഒരുവനായിരുന്നു. ഫെലിസ്ത്യർ പാസ്-ദമ്മീമിൽ യുദ്ധത്തിന് അണിനിരന്നപ്പോൾ അദ്ദേഹവും ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. നിറയെ യവമുള്ള ഒരു വയലിൽവെച്ച് ഇസ്രായേൽ പടയാളികൾ ഫെലിസ്ത്യരുടെമുമ്പിൽനിന്നു പലായനംചെയ്തു. എന്നാൽ അവർ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ച് അതിനെ സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി. ഫെലിസ്ത്യരുടെ ഒരുസംഘം രെഫായീം താഴ്വരയിൽ താവളമടിച്ചിരുന്നപ്പോൾ ഈ മുപ്പതു പ്രമുഖന്മാരിൽ മൂന്നുപേർ അദുല്ലാം ഗുഹയിലെ പാറയിൽ ദാവീദിന്റെ അടുത്തെത്തി. ആ സമയത്തു ദാവീദ് സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരുടെ കാവൽസേനാവിഭാഗം ബേത്ലഹേമിലും ആയിരുന്നു. ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.” അതുകേട്ട ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയ്ക്കു നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു പറഞ്ഞു: “ഇതു ചെയ്യാൻ ദൈവം എനിക്ക് ഇടവരുത്താതിരിക്കട്ടെ! തങ്ങളുടെ ജീവനെ പണയപ്പെടുത്തിപ്പോയ ഈ മനുഷ്യരുടെ ജീവരക്തം ഞാൻ കുടിക്കുകയോ?” അവർ തങ്ങളുടെ ജീവൻ പണയംവെച്ചാണ് ഈ ജലം കൊണ്ടുവന്നത്. അതുകൊണ്ട് ദാവീദ് ആ ജലം കുടിച്ചില്ല. ആ മൂന്നു പരാക്രമശാലികളുടെ ഉജ്ജ്വല വീരകൃത്യങ്ങൾ ഈ വിധമായിരുന്നു.