ദാവീദിന് ഉണ്ടായിരുന്ന പ്രധാന വീരന്മാർ യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന് അവർ എല്ലാ യിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്‍റെ പക്ഷം മുറുകെപ്പിടിച്ചു. ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാണിത്: മുപ്പതുപേരിൽ പ്രധാനിയായി ഹഖമോന്യന്‍റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്ത് അവരെ കൊന്നുകളഞ്ഞു. അവന്‍റെ ശേഷം അഹോഹ്യനായ ദോദോവിന്‍റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുവൻ ആയിരുന്നു. ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന് കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി. എന്നാൽ അവർ ആ വയലിന്‍റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വൻവിജയം നല്കി. ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീം താഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ, മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിൽ അദുല്ലാംഗുഹയിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു. അന്നു ദാവീദ് രക്ഷാസങ്കേതത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് അക്കാലത്ത് ബേത്‍ലേഹേമിൽ ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു. “ബെത്ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽ നിന്നു വെള്ളം എനിക്ക് കുടിക്കുവാൻ ആര്‍ കൊണ്ടുവന്നു തരും” എന്നു ദാവീദ് വാഞ്ഛയോടെ പറഞ്ഞു. അപ്പോൾ ആ മൂന്നുപേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബെത്ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അത് കുടിക്കുവാൻ മനസ്സില്ലാതെ യഹോവയ്ക്കു സമർപ്പിച്ചു: “ഇത് ചെയ്യുവാൻ എന്‍റെ ദൈവം എനിക്ക് സംഗതി വരുത്തരുതേ; സ്വന്തം പ്രാണൻ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചാണല്ലോ അത് കൊണ്ടുവന്നിരിക്കുന്നത്” എന്നു പറഞ്ഞു; അതുകൊണ്ട് അവന് അത് കുടിക്കുവാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
1 ദിന. 11 വായിക്കുക
കേൾക്കുക 1 ദിന. 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ദിന. 11:10-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ