1 CHRONICLE 11:10-19

1 CHRONICLE 11:10-19 MALCLBSI

സർവേശ്വരന്റെ കല്പനയനുസരിച്ച്, ദാവീദിനെ ഇസ്രായേൽരാജാവാക്കാൻ ജനത്തോടു ചേർന്നു ധീരമായി പ്രവർത്തിച്ച മൂന്നു മുഖ്യ യോദ്ധാക്കൾ ഇവരാണ്. അവരിൽ ഒന്നാമൻ ഹക്മോന്യനായ യാശോബെയാം തന്റെ കുന്തവുമായി മുന്നൂറു പേരോട് ഒറ്റയ്‍ക്ക് ഏറ്റുമുട്ടി; അവരെയെല്ലാം വധിച്ചു. രണ്ടാമൻ അഹോഹ്യനായ ദോദോയുടെ പുത്രൻ എലെയാസർ ആയിരുന്നു. ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന് അണിനിരന്നപ്പോൾ അവൻ ദാവീദിനോടുകൂടി ബാർലി നിറഞ്ഞുനിന്ന ഒരു വയലിൽ ആയിരുന്നു. ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. അപ്പോഴും അവൻ വയലിന്റെ നടുവിൽ നിന്നുകൊണ്ട് അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വെട്ടിവീഴ്ത്തുകയും ചെയ്തു. സർവേശ്വരൻ അവർക്കു വൻവിജയം നല്‌കി രക്ഷിച്ചു. ഫെലിസ്ത്യസൈന്യം രെഫായീംതാഴ്‌വരയിൽ പാളയമടിച്ചിരുന്നപ്പോൾ മുപ്പതു പ്രമാണിമാരിൽ മൂന്നു പേർ അദുല്ലാം ശിലാഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അപ്പോൾ ആ രക്ഷാസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരിൽ ഒരു വിഭാഗം ബേത്‍ലഹേമിൽ പാളയമടിച്ചിരുന്നു. “ബേത്‍ലഹേം നഗരവാതില്‌ക്കലുള്ള കിണറ്റിലെ അല്പം വെള്ളം എനിക്കു കുടിക്കാൻ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കിൽ” എന്നു ദാവീദ് അതിയായ ആശയോടെ പറഞ്ഞു. അപ്പോൾ ആ മൂന്നുപേർ ഫെലിസ്ത്യരുടെ പാളയം അതിക്രമിച്ചു കടന്നു ബേത്‍ലഹേം നഗരവാതില്‌ക്കലുള്ള കിണറ്റിൽനിന്നു വെള്ളം എടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാൽ അതു കുടിക്കാൻ ദാവീദിനു മനസ്സു വന്നില്ല. അദ്ദേഹം അതു സർവേശ്വരനു നിവേദിച്ചു. ദാവീദ് പറഞ്ഞു: “സർവേശ്വരാ ഞാൻ ഇതെങ്ങനെ കുടിക്കും? ഈ മനുഷ്യരുടെ ജീവരക്തം ഞാൻ കുടിക്കുകയോ? പ്രാണൻ അപകടപ്പെടുത്തിയാണല്ലോ അവരിതു കൊണ്ടുവന്നത്. “അദ്ദേഹം അതു കുടിച്ചില്ല. ഇതായിരുന്നു ആ മൂന്നുപേർ കാട്ടിയ ധീരത.

1 CHRONICLE 11 വായിക്കുക