യെശ. 33
33
വൈഷമ്യവും സഹായവും
1സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും
നിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെ
ദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ,
നിനക്കു അയ്യോ കഷ്ടം!
നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ
നിന്നെയും സാഹസം ചെയ്യും;
നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ
നിന്നോടും ദ്രോഹം പ്രവർത്തിക്കും.
2യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ;
ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു;
രാവിലെതോറും അങ്ങ് അവർക്ക് ഭുജവും
കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ.
3കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി;
അങ്ങ് എഴുന്നേറ്റപ്പോൾ ജനതകൾ ചിതറിപ്പോയി.
4തുള്ളനെ ശേഖരിക്കുന്നതുപോലെ നിങ്ങളുടെ കവർച്ച ശേഖരിക്കപ്പെടും;
വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.
5യഹോവ ഉന്നതനായിരിക്കുന്നു;
ഉയരത്തിലല്ലയോ അവിടുന്ന് വസിക്കുന്നത്;
അവിടുന്ന് സീയോനെ ന്യായവും നീതിയുംകൊണ്ടു നിറച്ചിരിക്കുന്നു.
6നിന്റെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയും
ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും;
യഹോവാഭക്തി നിങ്ങളുടെ#33:6 നിങ്ങളുടെ സീയോൻ്റെ നിക്ഷേപം ആയിരിക്കും.
7ഇതാ അവരുടെ ശൗര്യവാന്മാർ#33:7 ശൗര്യവാന്മാർ വീരൻമാർ. പുറത്തു നിലവിളിക്കുന്നു;
സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.
8പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു;
വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു;
അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ #33:8 പട്ടണങ്ങളെ സാക്ഷികളെനിന്ദിച്ചു:
ഒരു മനുഷ്യനെയും അവിടുന്ന് ആദരിക്കുന്നില്ല.
9ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു;
ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു;
ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു;
ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു.
10“ഇപ്പോൾ ഞാൻ എഴുന്നേല്ക്കും;
ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും;
ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
11“നിങ്ങൾ കച്ചിയെ ഗർഭംധരിച്ചു കച്ചികുറ്റിയെ പ്രസവിക്കും;
നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.
12വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും;
വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.”
13ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾക്കുവിൻ;
സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികൾ ഗ്രഹിക്കുവിൻ.
14സീയോനിലെ പാപികൾ പേടിക്കുന്നു;
വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു;
“നമ്മിൽ ആര് ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും?
നമ്മിൽ ആര് നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?”
15നീതിയായി നടന്നു നേര് പറയുകയും
പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും
കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും
രക്തപാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും
ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ;
16ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും;
പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും;
അവന്റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല.
മഹത്ത്വമേറിയ ഭാവി
17നിന്റെ കണ്ണ് രാജാവിനെ അവന്റെ സൗന്ദര്യത്തോടെ ദർശിക്കും;
വിശാലമായ ഒരു ദേശം കാണും.
18“പണം എണ്ണുന്നവൻ എവിടെ?
തൂക്കിനോക്കുന്നവൻ എവിടെ?
ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ?”
എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.
19നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും
നിനക്കു ഗ്രഹിച്ചുകൂടാത്ത അന്യഭാഷയും
ഉള്ള ഉഗ്രജനതയെ നീ കാണുകയില്ല.
20നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക;
നിന്റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായും
ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി
ഒരുനാളും ഇളകിപ്പോകാത്തതും കയറ്
ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.
21അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു
വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും;
തുഴവച്ച പടക് അതിൽ പോവുകയില്ല;
പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോവുകയുമില്ല.
22യഹോവ നമ്മുടെ ന്യായാധിപൻ;
യഹോവ നമ്മുടെ ന്യായദാതാവ്;
യഹോവ നമ്മുടെ രാജാവ്;
അവിടുന്ന് നമ്മെ രക്ഷിക്കും.
23നിന്റെ കയറ് അഴിഞ്ഞുകിടക്കുന്നു;
അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ;
പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും;
മുടന്തരും കൊള്ളയിടും.
24“ഞാൻ രോഗിയാണ്” എന്നു യാതൊരു നിവാസിയും പറയുകയില്ല;
അതിൽ വസിക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 33: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.