യെശ. 32

32
നീതിയുടെ രാജാവ്
1ഇതാ, ഒരു രാജാവ് നീതിയോടെ വാഴും;
പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.
2ഓരോരുത്തൻ കാറ്റിന് ഒരു മറവും
കൊടുങ്കാറ്റിന് ഒരു സങ്കേതവും ആയിരിക്കും.
അവർ വരണ്ട നിലത്തു നീർത്തോടുകൾപോലെയും
ക്ഷീണമുള്ള ദേശത്ത് വൻപാറയുടെ തണൽപോലെയും ഇരിക്കും.
3കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല;
കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.
4അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും;
വിക്കന്മാരുടെ നാവ് തടസ്സമില്ലാതെ വ്യക്തമായി സംസാരിക്കും.
5ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കുകയില്ല;
ആഭാസനെ മഹാത്മാവെന്നു പറയുകയുമില്ല.
6ഭോഷൻ ഭോഷത്തം സംസാരിക്കും;
വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും
വിശപ്പുള്ളവരെ പട്ടിണിയിട്ടും
ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട്
അവന്‍റെ ഹൃദയം നീതികേടും പ്രവർത്തിക്കും.
7ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ;
ദരിദ്രൻ ന്യായമായി സംസാരിച്ചാലും
എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ
അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു.
8ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു;
ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.
യെരൂശലേമിലെ സ്ത്രീകൾ
9സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്‍റെ വാക്കു കേൾക്കുവിൻ;
ചിന്തയില്ലാത്ത പുത്രിമാരെ, എന്‍റെ വചനം ശ്രദ്ധിക്കുവിൻ.
10ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരു വർഷവും കുറെ ദിവസവും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും;
മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാവുകയുമില്ല.
11സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറയ്ക്കുവിൻ;
ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ;
വസ്ത്രം ഉരിഞ്ഞു നഗ്നരാകുവിൻ;
അരയിൽ ചാക്ക് കെട്ടുവിൻ.
12മനോഹരമായ വയലുകളെയും
ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയെയും ഓർത്തു
അവർ മാറത്ത് അടിക്കും.
13എന്‍റെ ജനത്തിന്‍റെ ദേശത്ത്
ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും തന്നെ
മുള്ളും മുൾച്ചെടിയും മുളയ്ക്കും.
14കൊട്ടാരം ഉപേക്ഷിക്കപ്പെടും;
ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും;
കുന്നും കാവല്‍ഗോപുരവും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും;
അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും
ആട്ടിൻ കൂട്ടങ്ങളുടെ മേച്ചിൽപുറവും ആയിരിക്കും.
15ഉയരത്തിൽനിന്ന് ദൈവത്തിന്‍റെ ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ;
അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും#32:15 ഉദ്യാനം ഫലപുഷ്ടിയുള്ള വയൽ എന്നുമാകാം. ;
ഉദ്യാനം വനമായി എണ്ണപ്പെടും.
16അന്നു മരുഭൂമിയിൽ ന്യായം വസിക്കും;
ഉദ്യാനത്തിൽ നീതി പാർക്കും.
17നീതിയുടെ പ്രവൃത്തി സമാധാനവും
നീതിയുടെ ഫലം ശാശ്വതവിശ്രമവും നിർഭയത്വവും ആയിരിക്കും.
18എന്‍റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും
സ്വൈരമുള്ള വിശ്രമസ്ഥലങ്ങളിലും വസിക്കും.
19എന്നാൽ വനത്തിന്‍റെ വീഴ്ചയ്ക്കു കന്മഴ പെയ്യുകയും
നഗരം അശേഷം നിലംപരിചാകുകയും ചെയ്യും.
20വെള്ളത്തിനരികത്തെല്ലാം വിതയ്ക്കുകയും
കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്ക് ഭാഗ്യം!

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെശ. 32: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക