യെഹെ. 28
28
സോർരാജാവിനെതിരേയുള്ള പ്രവചനം
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 2“മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിന്‍റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമാകുമ്പോൾ: ‘ഞാൻ ദൈവമാകുന്നു;
ഞാൻ സമുദ്രമദ്ധ്യത്തിൽ ദൈവസിംഹാസനത്തിൽ ഇരിക്കുന്നു’ എന്നു പറഞ്ഞു.
3നീ ദൈവഭാവം നടിച്ചതുകൊണ്ട് - നീ ദാനീയേലിലും ജ്ഞാനിയോ?
നീ അറിയാത്തവിധം മറച്ചുവയ്ക്കാകുന്ന ഒരു രഹസ്യവുമില്ലയോ?
4നിന്‍റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും
നീ ധനം സമ്പാദിച്ച് പൊന്നും വെള്ളിയും
നിന്‍റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു;
5നീ മഹാജ്ഞാനംകൊണ്ട് കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു#28:5 നീ മഹാജ്ഞാനംകൊണ്ട് കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു നിന്‍റെ മഹാജ്ഞാനം കൊണ്ടും വ്യാപാരം കൊണ്ടും നീ നിന്‍റെ സമ്പത്ത് വര്‍ദ്ധിപ്പിച്ചു;
നിന്‍റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു”
6അതുകൊണ്ട് തന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
7നീ ദൈവഭാവം നടിക്കുകയാൽ
ഞാൻ ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്‍റെനേരെ വരുത്തും;
അവർ നിന്‍റെ ജ്ഞാനത്തിന്‍റെ മനോഹാരിതയ്ക്കു നേരെ വാളൂരി
നിന്‍റെ പ്രഭയെ അശുദ്ധമാക്കും.
8അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും;
നീ സമുദ്രമദ്ധ്യത്തിൽ നിഹതന്മാരെപ്പോലെ മരിക്കും.
9നിന്നെ കൊല്ലുന്നവൻ്റെ കയ്യിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കുമ്പോൾ,
നിന്നെ കൊല്ലുന്നവൻ്റെ മുമ്പിൽ: ‘ഞാൻ ദൈവം’ എന്നു നീ പറയുമോ?
10അന്യദേശക്കാരുടെ കൈകൊണ്ട് നീ അഗ്രചർമ്മികളെപ്പോലെ മരിക്കും;
ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
11യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 12“മനുഷ്യപുത്രാ, നീ സോർരാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു!
‘നീ പരിപൂർണ്ണതയുടെ മുദ്രയാകുന്നു;
നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നെ.
13നീ ദൈവത്തിന്‍റെ തോട്ടമായ ഏദെനിൽ ആയിരുന്നു;
താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം,
നീലക്കല്ല്, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു;
നിന്നെ നിർമ്മിച്ചനാളിൽ നിന്‍റെ തംബുരുവിൻ്റെയും
പുല്ലാംകുഴലിൻ്റെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
14നീ ചിറകുവിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു;
ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു;
നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽ സഞ്ചരിച്ചുപോന്നു.
15നിന്നെ സൃഷ്ടിച്ച നാൾമുതൽ നിന്നിൽ നീതികേട് കണ്ടതുവരെ
നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു.
16നിന്‍റെ വ്യാപാരത്തിൻ്റെ പെരുപ്പംനിമിത്തം
നിന്‍റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞ് നീ പാപംചെയ്തു;
അതുകൊണ്ട് ഞാൻ നിന്നെ ‘അശുദ്ധൻ’ എന്നു എണ്ണി
ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു;
മറയ്ക്കുന്ന കെരൂബേ,
ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽനിന്ന് നശിപ്പിച്ചുകളഞ്ഞു.
17നിന്‍റെ സൗന്ദര്യംനിമിത്തം നിന്‍റെ ഹൃദയം ഗർവ്വിച്ചു;
നിന്‍റെ പ്രഭനിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി;
ഞാൻ നിന്നെ നിലത്തു തള്ളിയിട്ട്,
രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം
നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.
18നിന്‍റെ അകൃത്യബാഹുല്യംകൊണ്ടും നിന്‍റെ വ്യാപാരത്തിൻ്റെ നീതികേടുകൊണ്ടും
നീ നിന്‍റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി;
അതുകൊണ്ട് ഞാൻ നിന്‍റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും;
അത് നിന്നെ ദഹിപ്പിച്ചുകളയും;
നിന്നെ കാണുന്ന എല്ലാവരുടെയും മുമ്പിൽ
ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.
19ജനതകളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും;
നിനക്കു ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും.”
സീദോനെതിരേയുള്ള പ്രവചനം
20യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 21“മനുഷ്യപുത്രാ, നീ സീദോനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ച് പ്രവചിച്ചു പറയേണ്ടത്: 22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘സീദോനേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്‍റെ നടുവിൽ എന്നെത്തന്നെ മഹത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികൾ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും. 23ഞാൻ അതിൽ പകർച്ചവ്യാധിയും അതിന്‍റെ വീഥികളിൽ രക്തവും അയയ്ക്കും; എല്ലാഭാഗത്തുനിന്നും അതിന്‍റെ നേരെ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്‍റെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു അവർ അറിയും. 24യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലും നിന്ന് കുത്തുന്ന മുൾച്ചെടിയും നോവിക്കുന്ന മുള്ളും ഇനി അവർക്കുണ്ടാകുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്നു അവർ അറിയും.”
25യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളുടെ ഇടയിൽനിന്ന് ശേഖരിച്ചു ജനതകളുടെ കണ്മുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്‍റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവർ വസിക്കും. 26അവർ അതിൽ നിർഭയമായി വസിക്കും; അതെ, അവർ വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവരെ നിന്ദിക്കുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരിലും ഞാൻ ന്യായവിധി നടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 28: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.