യെഹെ. 27

27
സോരിനെക്കുറിച്ച് ഒരു വിലാപഗീതം
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 2“മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടത്: 3‘തുറമുഖങ്ങളിൽ വസിക്കുന്നവളും ഏറിയ ദ്വീപുകളിലെ ജനതകളുടെ വ്യാപാരിയും ആയ സോരേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ പൂർണ്ണസുന്ദരിയാകുന്നു”
എന്നു നീ പറഞ്ഞിരിക്കുന്നു.
4നിന്‍റെ രാജ്യം സമുദ്രമദ്ധ്യത്തിൽ ഇരിക്കുന്നു;
നിന്നെ നിർമ്മിച്ചവർ നിന്‍റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു.
5സെനീരിലെ സരളമരംകൊണ്ട്
അവർ നിന്‍റെ തട്ടുപലകകൾ പണിതു;
നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്
അവർ ലെബാനോനിൽനിന്നു ദേവദാരു കൊണ്ടുവന്നു.
6ബാശാനിലെ കരുവേലകംകൊണ്ട്
അവർ നിന്‍റെ തണ്ടുകൾ ഉണ്ടാക്കി;
കിത്തീംദ്വീപുകളിലെ പുന്നമരത്തിൽ ആനക്കൊമ്പു പതിച്ച്
നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.
7നിനക്കു കൊടി ആയിരിക്കേണ്ടതിന്
നിന്‍റെ കപ്പൽപായ് മിസ്രയീമിൽ നിന്നുള്ള
വിചിത്രശണവസ്ത്രംകൊണ്ട് ഉണ്ടാക്കിയതായിരുന്നു;
എലീശാദ്വീപുകളിലെ ധൂമ്രപടവും
രക്താംബരവും നിന്‍റെ വിതാനമായിരുന്നു.
8സീദോനിലെയും അർവ്വാദിലെയും നിവാസികൾ
നിന്‍റെ തണ്ടുവലിക്കാരായിരുന്നു;
സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ
നിന്‍റെ കപ്പിത്താന്മാർ ആയിരുന്നു.
9ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും
നിന്‍റെ #27:9 വിടവുകൾ അടക്കുന്നവരായിരുന്നുഓരായപ്പണിക്കാരായിരുന്നു;
നിന്‍റെ കച്ചവടം നടത്തേണ്ടതിന് സമുദ്രത്തിലെ എല്ലാ കപ്പലുകളും
അവയുടെ കപ്പല്ക്കാരും നിന്നിൽ ഉണ്ടായിരുന്നു.
10പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്‍റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും ശിരസ്ത്രങ്ങളും നിന്നിൽ തൂക്കി നിനക്കു ഭംഗിപിടിപ്പിച്ചു. 11അർവ്വാദ്യർ നിന്‍റെ സൈന്യത്തോടുകൂടെ ചുറ്റും നിന്‍റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്‍റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്‍റെ മതിലുകളിന്മേൽ ചുറ്റും പരിച തൂക്കി നിന്‍റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കി.
12തർശ്ശീശ് സകലവിധസമ്പത്തിൻ്റെയും പെരുപ്പംനിമിത്തം നിന്‍റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പ്, വെള്ളീയം, കാരീയം എന്നിവ അവർ നിന്‍റെ ചരക്കിനു പകരം തന്നു. 13യാവാൻ, തൂബാൽ, മേശെക്ക് എന്നിവർ നിന്‍റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്‍റെ ചരക്കിനു പകരം തന്നു.
14തോഗർമ്മാഗൃഹക്കാർ നിന്‍റെ ചരക്കിനു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു. 15ദെദാന്യർ നിന്‍റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്‍റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപ്പമായി കൊണ്ടുവന്നു.
16നിന്‍റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്‍റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണവസ്ത്രവും പവിഴവും പത്മരാഗവും നിന്‍റെ ചരക്കിനു പകരം തന്നു. 17യെഹൂദയും യിസ്രായേൽ ദേശവും നിന്‍റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ ഗോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്‍റെ ചരക്കിനു പകരം തന്നു. 18നിന്‍റെ പണിത്തരങ്ങളുടെയും സകലവിധസമ്പത്തിൻ്റെയും പെരുപ്പംനിമിത്തം, ദമാസ്കോസ് ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ട് നിന്നോട് വ്യാപാരം ചെയ്തു. 19വെദാന്യരും ഊസാലിലെ യാവാന്യരും നിന്‍റെ ചരക്കുകൊണ്ട് വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്‍റെ ചരക്കിൻ്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
20കുതിരപ്പുറത്തിടുന്ന വിശിഷ്ടവസ്ത്രംകൊണ്ട് ദെദാൻ നിന്‍റെ വ്യാപാരിയായിരുന്നു; 21അരാബികളും കേദാർപ്രഭുക്കന്മാർ എല്ലാവരും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് അവർ നീയുമായി കച്ചവടം നടത്തി. 22ശെബയിലെയും രാമയിലെയും വ്യാപാരികൾ നിന്‍റെ കച്ചവടക്കാരായിരുന്നു; അവർ മേല്ത്തരമായ സകലവിധപരിമളതൈലവും സകലവിധരത്നങ്ങളും പൊന്നും നിന്‍റെ ചരക്കിനു പകരം തന്നു.
23ഹാരാനും കല്നെയും ഏദേനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്‍റെ കച്ചവടക്കാരായിരുന്നു. 24അവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്‍റെ ചരക്കിനു പകരം തന്നു. 25തർശ്ശീശ് കപ്പലുകൾ നിനക്കു ചരക്കു കൊണ്ടുവന്നു#27:25 തർശ്ശീശ് കപ്പലുകൾ നിനക്കു ചരക്കു കൊണ്ടുവന്നു തർശ്ശീശ് കപ്പലില്‍ ഉള്ളവര്‍ വ്യപാരസ്ഥലത്ത് നിന്നെ പുകഴ്ത്തി ; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യത്തിൽ നിന്നെ തന്നെ സ്വയം പുകഴ്ത്തുകയും ചെയ്തു#27:25 നീ പരിപൂർണ്ണയും സമുദ്രമദ്ധ്യത്തിൽ നിന്നെ തന്നെ സ്വയം പുകഴ്ത്തുകയും ചെയ്തു നിന്‍റെ ചരക്ക് തർശ്ശീശ് കപ്പലുകളോടൊപ്പം യാത്ര ചെയ്യുകയും സമുദ്രമദ്ധ്യത്തിൽ വച്ചു അനവധി സമ്പത്തുകൊണ്ട് നിറയുകയും ചെയ്തു.
26നിന്‍റെ തണ്ടുവലിക്കാർ നിന്നെ പുറങ്കടലിലേക്ക് കൊണ്ടുപോയി;
എന്നാൽ കിഴക്കൻകാറ്റ് സമുദ്രമദ്ധ്യത്തിൽവച്ച് നിന്നെ ഉടച്ചുകളഞ്ഞു.
27നിന്‍റെ സമ്പത്തും ചരക്കും കച്ചവടവും
കപ്പല്‍ക്കാരും കപ്പിത്താന്മാരും ഓരായപ്പണിക്കാരും വ്യാപാരികളും
നിന്നിലുള്ള സകലയോദ്ധാക്കളും
നിന്‍റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടെ
നിന്‍റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യത്തിൽ വീഴും.
28നിന്‍റെ കപ്പിത്താന്മാരുടെ നിലവിളികൊണ്ട്
കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.
29തണ്ടുവലിക്കാർ എല്ലാവരും കപ്പല്ക്കാരും
കടലിലെ കപ്പിത്താന്മാരും കപ്പലുകളിൽനിന്ന് ഇറങ്ങി കരയിൽ നില്ക്കും.
30അവർ കൈപ്പോടെ ഉറക്കെ നിലവിളിച്ച്
തലയിൽ പൂഴി വാരിയിട്ട് ചാരത്തിൽ കിടന്നുരുളുകയും
31നിന്നെച്ചൊല്ലി തല മുണ്ഡനം ചെയ്തു രട്ടുടുക്കുകയും
നിന്നെക്കുറിച്ച് മനോവ്യസനത്തോടും
കൈപ്പുള്ള വിലാപത്തോടുംകൂടി കരയുകയും ചെയ്യും.
32അവരുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി, നിന്നെക്കുറിച്ച് വിലപിക്കുന്നത്:
സമുദ്രമദ്ധ്യത്തിൽ നശിച്ചുപോയ സോരിനെപ്പോലെ ഏതു നഗരമുള്ളു?’
33നിന്‍റെ ചരക്ക് സമുദ്രത്തിൽനിന്നു കയറിവന്നപ്പോൾ,
നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി,
നിന്‍റെ സമ്പത്തിൻ്റെയും വ്യാപാരത്തിൻ്റെയും പെരുപ്പംകൊണ്ട്
ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.
34ഇപ്പോൾ നീ സമുദ്രത്തിൽനിന്ന് തകർന്നു പൊയ്പോയി;
നിന്‍റെ വ്യാപാരസമ്പത്തും നിന്‍റെ അകത്തുള്ള ജനസമൂഹങ്ങളും
വെള്ളത്തിന്‍റെ ആഴത്തിൽ വീണിരിക്കുന്നു.
35ദ്വീപുവാസികളെല്ലാവരും നിന്നെക്കുറിച്ച് സ്തംഭിച്ചുപോകുന്നു;
അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ട് മുഖം വാടി നില്ക്കുന്നു.
36ജനതകൾക്കിടയിലെ വ്യാപാരികൾ നിന്നെ നിന്ദിക്കുന്നു:
‘നിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെഹെ. 27: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക