യെഹെ. 29

29
മിസ്രയീമിനെതിരേയുള്ള പ്രവചനം
1ബാബിലോന്യ പ്രവാസത്തിന്‍റെ പത്താം ആണ്ട്, പത്താം മാസം, പന്ത്രണ്ടാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 2“മനുഷ്യപുത്രാ, നീ മിസ്രയീം രാജാവായ ഫറവോന്‍റെനേരെ മുഖംതിരിച്ച് അവനും എല്ലാ മിസ്രയീമിനും എതിരായി പ്രവചിച്ചു പറയേണ്ടത് എന്തെന്നാൽ: 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“മിസ്രയീം രാജാവായ ഫറവോനേ, തന്‍റെ നദികളുടെ നടുവിൽ കിടന്ന്:
‘ഈ നദി എനിക്കുള്ളതാകുന്നു;
ഞാൻ അതിനെ എനിക്കായിട്ട് ഉണ്ടാക്കിയിരിക്കുന്നു’ എന്നു പറയുന്ന മഹാസത്വമേ,
ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
4ഞാൻ നിന്‍റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി,
നിന്‍റെ നദികളിലെ മത്സ്യങ്ങളെ നിന്‍റെ ചെതുമ്പലിൽ പറ്റുമാറാക്കും;
നിന്നെ നിന്‍റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും;
നിന്‍റെ നദികളിലെ മത്സ്യം എല്ലാം നിന്‍റെ ചെതുമ്പലിൽ പറ്റിയിരിക്കും.
5ഞാൻ നിന്നെയും നിന്‍റെ നദികളിലെ മത്സ്യങ്ങളെ എല്ലാം മരുഭൂമിയിൽ എറിഞ്ഞുകളയും;
നീ വെളിമ്പ്രദേശത്തു വീഴും;
ആരും നിന്നെ പെറുക്കുകയോ ശേഖരിക്കുകയോ ചെയ്യുകയില്ല;
ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
6മിസ്രയീം നിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു #29:6 ഞാങ്ങണവടിഓടക്കോലായിരുന്നതുകൊണ്ട് ഞാൻ യഹോവ എന്നു അവരെല്ലം അറിയും. 7അവർ നിന്നെ കയ്യിൽ പിടിച്ചപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ തോൾ എല്ലാം കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ നടുവെല്ലാം കുലുങ്ങുമാറാക്കി.”
8അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്‍റെനേരെ വാൾ വരുത്തി നിന്നിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും. 9മിസ്രയീം പാഴും ശൂന്യവുമായിത്തീരും; ഞാൻ യഹോവ എന്നു അവർ അറിയും; ‘നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു’ എന്നു അവൻ പറഞ്ഞുവല്ലോ. 10അതുകൊണ്ട് ഞാൻ നിനക്കും നിന്‍റെ നദികൾക്കും വിരോധമായിരുന്ന് മിസ്രയീമിലെ സെവേനെഗോപുരം മുതൽ കൂശിന്‍റെ അതിർത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും. 11മനുഷ്യന്‍റെ കാൽ അതിൽകൂടി കടന്നുപോകുകയില്ല; മൃഗത്തിന്‍റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്ക് അതിൽ നിവാസികൾ ഇല്ലാതെയിരിക്കും. 12ഞാൻ മിസ്രയീമിനെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു വർഷത്തേക്ക് ശൂന്യമായിരിക്കും; ഞാൻ മിസ്രയീം നിവാസികളെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.”
13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാല്പതു വര്‍ഷം കഴിഞ്ഞിട്ട് ഞാൻ മിസ്രയീം നിവാസികളെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളിൽനിന്ന് ശേഖരിക്കും. 14ഞാൻ മിസ്രയീമിന്‍റെ പ്രവാസം മാറ്റി, അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്ക് മടക്കിവരുത്തും; അവിടെ അവർ ഒരു എളിയരാജ്യമായിരിക്കും. 15അത് രാജ്യങ്ങളിൽവച്ച് ഏറ്റവും എളിയരാജ്യമായിരിക്കും; ഇനി ജനതകൾക്കു മേലായി അത് തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജനതകളുടെമേൽ വാഴാത്തവിധം ഞാൻ അവരെ കുറച്ചുകളയും. 16യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോൾ, അവരവരുടെ അകൃത്യം ഓർമ്മിപ്പിക്കുന്ന ഒരു ശരണമായി അവർ ഇരിക്കുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്നു അവർ അറിയും.”
നെബൂഖദ്നേസരിനുള്ള പ്രതിഫലം
17ബാബിലോന്യ പ്രവാസത്തിന്‍റെ ഇരുപത്തേഴാം ആണ്ട്, ഒന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 18“മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്‍റെ നേരെ തന്‍റെ സൈന്യത്തെക്കൊണ്ട് കഠിനവേല ചെയ്യിച്ചു; എല്ലാ തലയും കഷണ്ടിയായി, എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിനു വിരോധമായി ചെയ്തവേലയ്ക്കു അവനോ അവന്‍റെ സൈന്യത്തിനോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.” 19അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ മിസ്രയീമിനെ ബാബേൽരാജാവായ നെബൂഖദ്നേസരിനു കൊടുക്കും; അവൻ അതിലെ സമ്പത്ത് എടുത്ത് അതിനെ കൊള്ളയിട്ട് കവർച്ച ചെയ്യും; അത് അവന്‍റെ സൈന്യത്തിനു പ്രതിഫലമായിരിക്കും. 20ഞാൻ അവന്, അവൻ ചെയ്തവേലയ്ക്കു പ്രതിഫലമായി മിസ്രയീമിനെ കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലയോ പ്രവർത്തിച്ചത്” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
21“അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പ് മുളയ്ക്കുമാറാക്കി, അവരുടെ നടുവിൽ നിനക്കു തുറന്ന വായ് നല്കും; ഞാൻ യഹോവ എന്നു അവർ അറിയും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെഹെ. 29: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക