പ്രവൃത്തികൾ 24
24
ന്യായാധിപസംഘം ഫെലിക്സിൻ്റെ മുമ്പാകെ.
1അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന വാക്ചാതുര്യം ഉള്ള ഒരുവനോടും കൂടിവന്നു, പൗലോസിന്‍റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ മുമ്പാകെ ബോധിപ്പിച്ചു. 2പൗലൊസിനെ വിളിച്ചു വരുത്തിയതിന് ശേഷം തെർത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ: 3“ശ്രേഷ്ഠനായ ശ്രീ ഫേലിക്സേ, നിന്‍റെ പരിപാലനത്താൽ ഈ ജാതിയ്ക്ക് ഏറിയ ഗുണങ്ങൾ സാധിച്ചിരിക്കുന്നതും വളരെ സമാധാനം അനുഭവിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടുംകൂടെ അംഗീകരിക്കുന്നു. 4എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ച് ക്ഷമയോടെ സംക്ഷിപ്തമായി ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.
5ഈ പുരുഷൻ ഒരു ഉപദ്രവകാരിയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുവാൻ പ്രേരിപ്പിക്കുന്നവനും നസറായമതത്തിന് തലവനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു. 6അവൻ ദൈവാലയം അശുദ്ധമാക്കുവാൻ ശ്രമിച്ചതുകൊണ്ട് ഞങ്ങൾ അവനെ പിടിച്ച് ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു. 7എങ്കിലും സഹസ്രാധിപനായ ലുസിയാസ് വന്ന് ഞങ്ങളുടെ കയ്യിൽനിന്ന് വളരെ ബലത്തോടുകൂടെ അവനെ പിടിച്ചുകൊണ്ടുപോയി, 8അവനുവേണ്ടി വാദിക്കുന്നവർ നിന്‍റെ മുമ്പാകെ വരുവാൻ കല്പിച്ചു നീ തന്നെ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും സത്യം എന്നു അറിഞ്ഞുകൊൾവാൻ ഇടയാകും.” 9അത് അങ്ങനെ തന്നെ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
ഫെലിക്സിൻ്റെ മുമ്പിൽ പൗലോസിന്‍റെ പ്രതിവാദം
10സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയപ്പോൾ പൗലൊസ് ഉത്തരം പറഞ്ഞത്: “ഈ യഹൂദജാതികൾക്ക് നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറിയുകകൊണ്ട് എന്‍റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു. 11ഞാൻ യെരൂശലേമിൽ ആരാധിപ്പാൻ പോയിട്ട് പന്ത്രണ്ടു നാളിൽ അധികമായില്ല എന്നു നിനക്കു അറിയാകുന്നുവല്ലോ. 12യെരൂശലേം ദൈവാലയത്തിലോ യഹൂദന്മാരുടെ പള്ളികളിലോ നഗരങ്ങളിലോ വച്ചു ആരോടെങ്കിലും വാദിക്കുകയോ പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയോ ചെയ്യുന്നവനായി അവർ ആരെങ്കിലും എന്നെ കണ്ടിട്ടുണ്ടോ? 13ഇന്ന് എന്‍റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്‍റെ മുമ്പാകെ തെളിയിപ്പാൻ അവർക്ക് കഴിയുന്നതുമല്ല. 14എന്നാൽ ഒന്ന് ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ വിശേഷിപ്പിക്കുന്ന ഈ മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കുകയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നത് ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു. 15നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവച്ച് ഉറച്ചിരിക്കുന്നു. 16അതുകൊണ്ട് എനിക്ക് ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുവാൻ ഞാൻ പരിശ്രമിക്കുന്നു.
17“പലസംവത്സരം കൂടീട്ട് ഞാൻ എന്‍റെ ജാതിക്കാർക്ക് സാമ്പത്തിക സഹായം കൊണ്ടുവരുവാനും വഴിപാട് കഴിക്കുവാനും വന്നു. 18അത് അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവച്ച് ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടോ കലഹത്തോടോ കൂടിയല്ല. 19എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്ക് എന്‍റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്‍റെ മുമ്പിൽ വന്ന് ബോധിപ്പിക്കേണ്ടതായിരുന്നു. 20അല്ല, ഞാൻ ന്യായാധിപസംഘത്തിൻ്റെ മുമ്പിൽ നില്ക്കുമ്പോൾ ‘മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ഇന്ന് നിങ്ങൾ എന്നെ വിസ്തരിക്കുന്നു’ എന്നു ഞാൻ വിളിച്ചുപറഞ്ഞൊരു വാക്കല്ലാതെ 21അവിടെവച്ച് എന്‍റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടെങ്കിൽ ഇവർ തന്നെ പറയട്ടെ.”
ഫെലിക്സിൻ്റെ മറുപടി.
22ഫേലിക്സിന് ഈ മാർഗ്ഗം സംബന്ധിച്ച് സൂക്ഷ്മമായ അറിവ് ഉണ്ടായിരുന്നിട്ടും: “ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും” എന്നു പറഞ്ഞ് അവധിവച്ച്, 23ശതാധിപനോട് അവനെ തടവിൽത്തന്നെ സൂക്ഷിച്ചു ദയകാണിപ്പാനും അവന്‍റെ സ്നേഹിതന്മാർ അവനു ശുശ്രൂഷ ചെയ്യുന്നത് വിരോധിക്കാതിരിപ്പാനും കല്പിച്ചു.
പൗലൊസിനെ വരുത്തി പ്രസംഗം കേൾക്കുന്നു.
24കുറേനാൾ കഴിഞ്ഞിട്ട് ഫേലിക്സ് യെഹൂദ സ്ത്രീയായ തന്‍റെ ഭാര്യ ദ്രുസില്ലയുമായി വന്ന്, പൗലൊസിനോട് സംസാരിക്കേണ്ടതിനായി അവനെ വരുത്തി ക്രിസ്തുയേശുവിൽ വിശ്വസിക്കേണ്ടതിനെക്കുറിച്ചുള്ള അവന്‍റെ വാക്കുകൾ കേട്ടു. 25എന്നാൽ അവൻ നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: “തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ വീണ്ടും നിന്നെ വിളിപ്പിക്കാം” എന്നു പറഞ്ഞു. 26പൗലൊസ് തനിക്കു പണം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോട് സംഭാഷിച്ചുപോന്നു. 27രണ്ടാണ്ട് കഴിഞ്ഞിട്ട് ഫേലിക്സിനുശേഷം പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണ്ടതിനായി പൗലൊസിനെ സ്വതന്ത്രനാക്കാതെ തടവുകാരനായി വിട്ടേച്ചു പോയി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പ്രവൃത്തികൾ 24: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.