പ്രവൃത്തികൾ 25
25
സംസ്ഥാനാധിപനായ ഫെസ്തൊസ്.
1ഫെസ്തൊസ് സംസ്ഥാനാധിപനായി ചുമതലയേറ്റിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം കൈസര്യയിൽനിന്ന് യെരൂശലേമിലേക്കു പോയി. 2അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരിൽ പ്രമുഖരും ആയവർ ഫെസ്തോസിൻ്റെ മുമ്പാകെ പൗലോസിനെതിരെ അന്യായം ബോധിപ്പിച്ചു. 3പൗലോസിനെ വഴിയിൽവച്ച് പതിയിരുപ്പുകാരെ നിർത്തി കൊന്നുകളയേണം എന്നു ആലോചിച്ചുകൊണ്ട്, 4അവനെ യെരൂശലേമിലേക്കു വരുത്തുവാൻ ദയവുണ്ടാകേണം എന്നു അവർ പൗലോസിന് പ്രതികൂലമായി ഉപായബുദ്ധിയോടെ ഫെസ്തോസിനോട് അപേക്ഷിച്ചു. അതിന് ഫെസ്തൊസ്: “പൗലൊസിനെ കൈസര്യയിൽ തടവുകാരനായി സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്ക് പോകുന്നുണ്ട്; 5നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്ന് ആ മനുഷ്യന്‍റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു.
പൗലൊസ് ഫെസ്തോസിൻ്റെ മുൻപാകെ
6അവൻ ഏകദേശം എട്ട് പത്തു ദിവസം യെരൂശലേമിൽ അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യയ്ക്ക് മടങ്ങിപ്പോയി; പിറ്റെന്ന് ന്യായാസനത്തിൽ ഇരുന്ന് പൗലൊസിനെ വരുത്തുവാൻ കല്പിച്ചു. 7അവൻ വന്നതിനുശേഷം യെരൂശലേമിൽനിന്ന് വന്ന യെഹൂദന്മാർ ചുറ്റും നിന്ന് പൗലൊസിന് നേരെ കഠിനമായ കുറ്റങ്ങൾ പലതും ബോധിപ്പിച്ചു.
8പൗലൊസോ: “യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്ക് കഴിഞ്ഞില്ല. 9എന്നാൽ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാൻ ആഗ്രഹിച്ച് പൗലൊസിനോട്: “യെരൂശലേമിലേക്ക് ചെന്നു അവിടെ എന്‍റെ മുമ്പിൽവച്ച് ഈ സംഗതികളെക്കുറിച്ച് വിസ്താരം നടത്തുവാൻ നിനക്കു സമ്മതമുണ്ടോ?” എന്നു ചോദിച്ചു.
10അതിന് പൗലൊസ്: “ഞാൻ കൈസരുടെ ന്യായാസനത്തിന് മുമ്പാകെ നില്ക്കുന്നു; അവിടുന്ന് എന്നെ വിസ്തരിക്കേണ്ടതാകുന്നു; നീയും നന്നായി അറിഞ്ഞിരിക്കുന്നതുപോലെ യെഹൂദന്മാരോട് ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല; 11ഞാൻ അന്യായം ചെയ്തു മരണയോഗ്യമായത് വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവർ എന്‍റെ നേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്ക് ഏല്പിച്ചുകൊടുക്കുവാൻ ആർക്കും കഴിയുന്നതല്ല; ഞാൻ കൈസരെ അഭയംചൊല്ലുന്നു” എന്നു പറഞ്ഞു. 12അപ്പോൾ ഫെസ്തൊസ് തന്‍റെ ആലോചനാസഭയോട് സംസാരിച്ചിട്ട്: “കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്ക് നീ പോകും” എന്നു ഉത്തരം പറഞ്ഞു.
അഗ്രിപ്പാരാജാവും ബെർന്നീക്കയും കൈസര്യയിൽ
13ചില ദിവസങ്ങൾക്കുശേഷം അഗ്രിപ്പാരാജാവും ബെർന്നീക്കയും ഫെസ്തൊസിനെ വന്ദനം ചെയ്‌വാൻ കൈസര്യയിൽ എത്തി. 14കുറെനാൾ അവിടെ പാർക്കുമ്പോൾ ഫെസ്തൊസ് പൗലോസിന്‍റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞത്: “ഫേലിക്സ് വിട്ടേച്ചുപോയൊരു തടവുകാരൻ ഉണ്ട്. 15ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്‍റെ അടുക്കൽവന്ന് പൗലൊസ് എന്നു പേരുള്ള അവന്‍റെനേരെ അന്യായം ബോധിപ്പിച്ചു. വിധിക്ക് അപേക്ഷിച്ചു.
16എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ച് പ്രതിവാദിക്കുവാൻ അവസരം കിട്ടും മുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നത് റോമർക്ക് മര്യാദയല്ല എന്നു ഞാൻ അവരോട് ഉത്തരം പറഞ്ഞു. 17ആകയാൽ അവർ ഇവിടെ വന്നതിന് ശേഷം ഞാൻ ഒട്ടും താമസിയാതെ പിറ്റെന്ന് തന്നെ ന്യായാസനത്തിൽ ഇരുന്നു; തുടർന്ന് ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു. 18വാദികൾ അവന്‍റെ ചുറ്റും നിന്ന് അന്യായം ബോധിപ്പിക്കയിൽ ഞാൻ നിരൂപിച്ചിരുന്ന ഗൗരവതരമായ കുറ്റം 19ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൗലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു. 20ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാൻ അറിയായ്കയാൽ: നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു. 21എന്നാൽ പൗലൊസ് ചക്രവർത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയം ചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയയ്ക്കുവോളം അവനെ സൂക്ഷിക്കുവാൻ കല്പിച്ചു.”
22“ആ മനുഷ്യന്‍റെ പ്രസംഗം കേൾക്കുവാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു” എന്നു അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു.
അതിന്: “നാളെ കേൾക്കാം” എന്നു അവൻ പറഞ്ഞു.
പൗലൊസ് അഗ്രിപ്പാവിൻ്റെ മുമ്പാകെ.
23അടുത്ത ദിവസം അഗ്രിപ്പാവ് ബെർന്നീക്കയുമായി വളരെ പ്രൗഡിയോടെ സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തിൽ വരികയും തുടർന്ന് ഫെസ്തൊസിൻ്റെ കല്പനയാൽ പൗലൊസിനെ കൊണ്ടുവരികയും ചെയ്തു. 24അപ്പോൾ ഫെസ്തൊസ് പറഞ്ഞത്: “അഗ്രിപ്പാരാജാവും, സന്നിഹിതരായിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വച്ചു എന്നോട് അപേക്ഷിക്കുകയും അവനെ ജീവനോടെ വെച്ചേക്കരുത് എന്നു നിലവിളിക്കുകയും ചെയ്ത ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ. 25അവൻ മരണയോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്നു ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവർത്തി തിരുമനസ്സിനെ അഭയം ചൊല്ലുകയാൽ അവനെ അയയ്ക്കേണം എന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു. 26അവനെക്കുറിച്ച് തിരുമനസ്സിലേക്ക് എഴുതുവാൻ ശരിയായി ഒന്നുംതന്നെ എന്‍റെ പക്കലില്ല; അതുകൊണ്ട് വിസ്താരം കഴിഞ്ഞിട്ട് എഴുതുവാൻ വല്ലതും ഉണ്ടാകേണ്ടതിന് അവനെ താങ്കളുടെ മുമ്പിലും, വിശേഷാൽ അഗ്രിപ്പാരാജാവേ, അങ്ങേയുടെ മുമ്പിലും തന്നെ വരുത്തിയിരിക്കുന്നു. 27തടവുകാരനെ അയയ്ക്കുമ്പോൾ അവന്‍റെ പേരിലുള്ള കുറ്റം ബോദ്ധ്യപ്പെടുത്താതിരിക്കുന്നത് യുക്തമല്ല എന്നു എനിക്ക് തോന്നുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പ്രവൃത്തികൾ 25: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.