സങ്കീർത്തനങ്ങൾ 103

103
ദാവീദിന്റെ ഒരു സങ്കീർത്തനം.
1എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്റെ സർവാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
2എൻ മനമേ, യഹോവയെ വാഴ്ത്തുക;
അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.
3അവൻ നിന്റെ അകൃത്യമൊക്കെയും മോചിക്കുന്നു;
നിന്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു;
4അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു;
അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.
5നിന്റെ യൗവനം കഴുകനെപ്പോലെ പുതുകി വരത്തക്കവണ്ണം
അവൻ നിന്റെ വായ്ക്ക് നന്മകൊണ്ട് തൃപ്തിവരുത്തുന്നു.
6യഹോവ സകല പീഡിതന്മാർക്കുംവേണ്ടി
നീതിയും ന്യായവും നടത്തുന്നു.
7അവൻ തന്റെ വഴികളെ മോശെയെയും
തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു.
8യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു;
ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.
9അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല;
എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
10അവൻ നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല;
നമ്മുടെ അകൃത്യങ്ങൾക്ക് ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
11ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ
അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു.
12ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ
അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.
13അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ
യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
14അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ;
നാം പൊടി എന്ന് അവൻ ഓർക്കുന്നു.
15മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു;
വയലിലെ പൂപോലെ അവൻ പൂക്കുന്നു.
16കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു;
അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
17യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും
അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
18അവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും
അവന്റെ കല്പനകളെ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.
19യഹോവ തന്റെ സിംഹാസനത്തെ സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു;
അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
20അവന്റെ വചനത്തിന്റെ ശബ്ദം കേട്ട്
അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി
അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
21അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി
അവന്റെ സകല സൈന്യങ്ങളുമായുള്ളോരേ,
യഹോവയെ വാഴ്ത്തുവിൻ;
22അവന്റെ ആധിപത്യത്തിലെ സകല സ്ഥലങ്ങളിലുമുള്ള
അവന്റെ സകല പ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ;
എൻ മനമേ, യഹോവയെ വാഴ്ത്തുക.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 103: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക