സങ്കീർത്തനങ്ങൾ 102

102
അരിഷ്ടന്റെ പ്രാർഥന; അവൻ ക്ഷീണിച്ച് യഹോവയുടെ മുമ്പാകെ തന്റെ സങ്കടത്തെ പകരുമ്പോൾ കഴിച്ചത്.
1യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ;
എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
2കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ;
നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ;
ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.
3എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു;
എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.
4എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു;
ഞാൻ ഭക്ഷണം കഴിപ്പാൻ മറന്നുപോകുന്നു.
5എന്റെ ഞരക്കത്തിന്റെ ഒച്ച നിമിത്തം
എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.
6ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു;
ശൂന്യസ്ഥലത്തെ മൂങ്ങപോലെ തന്നെ.
7ഞാൻ ഉറക്കിളച്ചിരിക്കുന്നു;
വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ ആകുന്നു.
8എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു;
എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു.
9ഞാൻ അപ്പംപോലെ ചാരം തിന്നുന്നു;
എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;
10നിന്റെ കോപവും ക്രോധവും ഹേതുവായിട്ടുതന്നെ;
നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ.
11എന്റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു;
ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
12നീയോ, യഹോവേ, എന്നേക്കുമുള്ളവൻ;
നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
13നീ എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും;
അവളോടു കൃപ കാണിപ്പാനുള്ള കാലം,
അതേ, അതിനു സമയം വന്നിരിക്കുന്നു.
14നിന്റെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താൽപര്യവും
അവളുടെ പൂഴിയോട് അലിവും തോന്നുന്നു.
15യഹോവ സീയോനെ പണികയും
തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകയും
16അവൻ അഗതികളുടെ പ്രാർഥന കടാക്ഷിക്കയും
അവരുടെ പ്രാർഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ട്
17ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകല രാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും ഭയപ്പെടും.
18വരുവാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി ഇത് എഴുതിവയ്ക്കും;
സൃഷ്‍ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
19യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടിവന്നപ്പോൾ
20സീയോനിൽ യഹോവയുടെ നാമത്തെയും
യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനു
21ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും
മരണത്തിനു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും
22യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി
സ്വർഗത്തിൽനിന്നു ഭൂമിയെ തൃക്കൺപാർത്തുവല്ലോ.
23അവൻ വഴിയിൽവച്ച് എന്റെ ബലം ക്ഷയിപ്പിച്ചു;
അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
24എന്റെ ദൈവമേ, ആയുസ്സിന്റെ മധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു;
നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
25പൂർവകാലത്തു നീ ഭൂമിക്ക് അടിസ്ഥാനമിട്ടു;
ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
26അവ നശിക്കും നീയോ നിലനില്ക്കും;
അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
27നീയോ അനന്യനാകുന്നു;
നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.
28നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും;
അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 102: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക