സങ്കീർത്തനങ്ങൾ 104

104
1എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ;
മഹത്ത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു.
2വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു;
തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
3അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു;
മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
4അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
5അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം
അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
6നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;
വെള്ളം പർവതങ്ങൾക്കു മീതെ നിന്നു.
7അവ നിന്റെ ശാസനയാൽ ഓടിപ്പോയി;
നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു-
8മലകൾ പൊങ്ങി, താഴ്‌വരകൾ താണു-
നീ അവയ്ക്ക് നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
9ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിനു
നീ അവയ്ക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.
10അവൻ ഉറവുകളെ താഴ്‌വരകളിലേക്ക് ഒഴുക്കുന്നു;
അവ മലകളുടെ ഇടയിൽക്കൂടി ഒലിക്കുന്നു.
11അവയിൽനിന്ന് വയലിലെ സകല മൃഗങ്ങളും കുടിക്കുന്നു;
കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീർക്കുന്നു.
12അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും
കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
13അവൻ തന്റെ മാളികകളിൽനിന്നു മലകളെ നനയ്ക്കുന്നു;
ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
14അവൻ മൃഗങ്ങൾക്ക് പുല്ലും
മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;
15അവൻ ഭൂമിയിൽനിന്ന് ആഹാരവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും
അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും
മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉദ്ഭവിപ്പിക്കുന്നു.
16യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു;
അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.
17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;
പെരുഞ്ഞാറയ്ക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
18ഉയർന്ന മലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
19അവൻ കാലനിർണയത്തിനായി ചന്ദ്രനെ നിയമിച്ചു;
സൂര്യൻ തന്റെ അസ്തമയത്തെ അറിയുന്നു.
20നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;
അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
21ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു;
അവ ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു.
22സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;
തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
23മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു;
സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ.
24യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!
ജ്ഞാനത്തോടെ നീ അവയെയൊക്കെയും ഉണ്ടാക്കിയിരിക്കുന്നു;
ഭൂമി നിന്റെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു.
25വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!
അതിൽ സഞ്ചരിക്കുന്ന ചെറിയതും
വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.
26അതിൽ കപ്പലുകൾ ഓടുന്നു;
അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.
27തക്കസമയത്ത് തീൻ കിട്ടേണ്ടതിന്
ഇവയൊക്കെയും നിന്നെ കാത്തിരിക്കുന്നു.
28നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു
തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ടു തൃപ്തിവരുന്നു.
29തിരുമുഖത്തെ മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു;
നീ അവയുടെ ശ്വാസം എടുക്കുമ്പോൾ
അവ ചത്ത് പൊടിയിലേക്കു തിരികെ ചേരുന്നു;
30നീ നിന്റെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്‍ടിക്കപ്പെടുന്നു;
നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
31യഹോവയുടെ മഹത്ത്വം എന്നേക്കും നില്ക്കുമാറാകട്ടെ;
യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
32അവൻ ഭൂമിയെ നോക്കുന്നു,
അതു വിറയ്ക്കുന്നു;
അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.
33എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ
യഹോവയ്ക്കു പാടും;
ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും.
34എന്റെ ധ്യാനം അവനു പ്രസാദകരമായിരിക്കട്ടെ;
ഞാൻ യഹോവയിൽ സന്തോഷിക്കും.
35പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ;
ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ;
എൻ മനമേ, യഹോവയെ വാഴ്ത്തുക;
യഹോവയെ സ്തുതിപ്പിൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 104: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക