സങ്കീർത്തനങ്ങൾ 105
105
1യഹോവയ്ക്കു സ്തോത്രം ചെയ്വിൻ;
തൻനാമത്തെ വിളിച്ചപേക്ഷിപ്പിൻ;
അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.
2അവനു പാടുവിൻ; അവനു കീർത്തനം പാടുവിൻ;
അവന്റെ സകല അദ്ഭുതങ്ങളെയുംകുറിച്ചു സംസാരിപ്പിൻ.
3അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
4യഹോവയെയും അവന്റെ ബലത്തെയും തിരവിൻ;
അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.
5അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും
അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ,
6അവൻ ചെയ്ത അദ്ഭുതങ്ങളും അവന്റെ അടയാളങ്ങളും
അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ.
7അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു;
അവന്റെ ന്യായവിധികൾ സർവഭൂമിയിലും ഉണ്ട്.
8അവൻ തന്റെ നിയമത്തെ എന്നേക്കും
താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു.
9അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും
യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.
10അതിനെ അവൻ യാക്കോബിന് ഒരു ചട്ടമായും
യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു.
11നിന്റെ അവകാശത്തിന്റെ ഓഹരിയായി
ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു.
12അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും
അവിടെ പരദേശികളും ആയിരുന്നു.
13അവർ ഒരു ജാതിയെ വിട്ട് മറ്റൊരു ജാതിയുടെ അടുക്കലേക്കും
ഒരു രാജ്യത്തെ വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
14അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല;
അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
15എന്റെ അഭിഷിക്തന്മാരെ തൊടരുത്,
എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത് എന്നു പറഞ്ഞു.
16അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി.
അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
17അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു;
യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
18യഹോവയുടെ വചനം നിവൃത്തിയാകയും
അവന്റെ അരുളപ്പാടിനാൽ അവന് ശോധന വരുകയും ചെയ്യുവോളം
19അവർ അവന്റെ കാലുകളെ വിലങ്ങു കൊണ്ടു ബന്ധിക്കയും
അവൻ ഇരുമ്പുചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
20രാജാവ് ആളയച്ച് അവനെ വിടുവിച്ചു;
ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
21അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും
അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചു കൊടുപ്പാനും
22തന്റെ ഭവനത്തിന് അവനെ കർത്താവായും
തന്റെ സർവസമ്പത്തിനും അധിപതിയായും നിയമിച്ചു.
23അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു;
യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു.
24ദൈവം തന്റെ ജനത്തെ ഏറ്റവും വർധിപ്പിക്കയും
അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
25തന്റെ ജനത്തെ പകപ്പാനും
തന്റെ ദാസന്മാരോട് ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
26അവൻ തന്റെ ദാസനായ മോശെയെയും
താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
27ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും
ഹാമിന്റെ ദേശത്ത് അദ്ഭുതങ്ങളും കാണിച്ചു.
28അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി;
അവർ അവന്റെ വചനത്തോടു മറുത്തതുമില്ല;
29അവൻ അവരുടെ വെള്ളത്തെ രക്തമാക്കി;
അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
30അവരുടെ ദേശത്തു തവള വ്യാപിച്ചു
രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
31അവൻ കല്പിച്ചപ്പോൾ നായീച്ചയും
അവരുടെ ദേശത്തെല്ലാം പേനും വന്നു;
32അവൻ അവർക്കു മഴയ്ക്കു പകരം കന്മഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു.
33അവൻ അവരുടെ മുന്തിരിവള്ളികളും
അത്തിവൃക്ഷങ്ങളും തകർത്തു;
അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
34അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
35അവരുടെ ദേശത്തിലെ സസ്യമൊക്കെയും
അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
36അവൻ അവരുടെ ദേശത്തിലെ എല്ലാ കടിഞ്ഞൂലിനെയും
അവരുടെ സർവവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു.
37അവൻ അവരെ വെള്ളിയോടും പൊന്നിനോടുംകൂടെ പുറപ്പെടുവിച്ചു;
അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
38അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു;
അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു.
39അവൻ തണലിനായി ഒരു മേഘം വിരിച്ചു;
രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി.
40അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു;
സ്വർഗീയഭോജനംകൊണ്ടും അവർക്ക് തൃപ്തിവരുത്തി.
41അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു;
അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
42അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
43അവൻ തന്റെ ജനത്തെ സന്തോഷത്തോടും
താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടുംകൂടെ പുറപ്പെടുവിച്ചു.
44അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും
തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്
45അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു;
അവർ വംശങ്ങളുടെ അധ്വാനഫലം കൈവശമാക്കുകയും ചെയ്തു.
യഹോവയെ സ്തുതിപ്പിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 105: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.