2 ദിനവൃത്താന്തം 7

7
1ശലോമോൻ പ്രാർഥിച്ചു കഴിഞ്ഞപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തിൽ നിറഞ്ഞു. 2യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാർക്ക് യഹോവയുടെ ആലയത്തിൽ കടപ്പാൻ കഴിഞ്ഞില്ല. 3തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത് എന്നു ചൊല്ലി സ്തുതിച്ചു. 4പിന്നെ രാജാവും സർവജനവും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. 5ശലോമോൻരാജാവ് ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു. 6പുരോഹിതന്മാർ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യർ: അവന്റെ ദയ എന്നേക്കും ഉള്ളത് എന്നിങ്ങനെ അവർ മുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്ത് യഹോവയെ സ്തുതിപ്പാൻ ദാവീദ്‍രാജാവ് ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേലൊക്കെയും നില്ക്കെ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി. 7ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോൻ യഹോവയുടെ ആലയത്തിനു മുമ്പിലുള്ള പ്രാകാരത്തിന്റെ മധ്യഭാഗം ശുദ്ധീകരിച്ച്, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു. 8ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്ത് ഏഴു ദിവസം ഉത്സവം ആചരിച്ചു. 9എട്ടാം ദിവസം അവർ വിശുദ്ധസഭായോഗം കൂടി; ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു. 10ഏഴാം മാസം ഇരുപത്തിമൂന്നാം തീയതി അവൻ ജനത്തെ യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
11ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാൻ ശലോമോനു താൽപര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭമായി നിവർത്തിച്ചു. 12അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: ഞാൻ നിന്റെ പ്രാർഥന കേട്ട് ഈ സ്ഥലം എനിക്കു യാഗത്തിനുള്ള ആലയമായിട്ട് തിരഞ്ഞെടുത്തിരിക്കുന്നു. 13മഴ പെയ്യാതിരിക്കേണ്ടതിനു ഞാൻ ആകാശം അടയ്ക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, 14എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും. 15ഈ സ്ഥലത്തു കഴിക്കുന്ന പ്രാർഥനയ്ക്ക് എന്റെ കണ്ണ് തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും. 16എന്റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിനു ഞാൻ ഇപ്പോൾ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്‍ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും. 17നീയോ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ എന്റെ മുമ്പാകെ നടക്കയും ഞാൻ നിന്നോടു കല്പിച്ചതുപോലെയൊക്കെയും ചെയ്കയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കയും ചെയ്താൽ, 18യിസ്രായേലിൽ വാഴുവാൻ നിനക്ക് ഒരു പുരുഷൻ ഇല്ലാതെവരികയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോട് ഒരു നിയമം ചെയ്തതുപോലെ ഞാൻ നിന്റെ രാജാസനത്തെ സ്ഥിരമാക്കും. 19എന്നാൽ നിങ്ങൾ തിരിഞ്ഞ്, ഞാൻ നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്ന് അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ, 20ഞാൻ അവർക്കു കൊടുത്ത എന്റെ ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്റെ നാമത്തിനായി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് സകല ജാതികളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീർക്കും. 21ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ച്: യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തുവാൻ സംഗതി എന്ത് എന്നു ചോദിക്കും. 22അതിന് അവർ: തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവൻ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നത് എന്ന് ഉത്തരം പറയും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിനവൃത്താന്തം 7: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക