SAM 102
102
പീഡിതന്റെ പ്രാർഥന
സർവേശ്വരന്റെ മുമ്പിൽ ആവലാതി ചൊരിയുന്ന പീഡിതന്റെ പ്രാർഥന
1സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ,
എന്റെ നിലവിളി ശ്രദ്ധിക്കണമേ.
2അവിടുന്ന് എന്നിൽനിന്നു മറഞ്ഞിരിക്കരുതേ,
ഞാൻ കഷ്ടതയിലായിരിക്കുന്നു.
എന്റെ അപേക്ഷ കേൾക്കണമേ.
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ വേഗം എനിക്കുത്തരമരുളണമേ.
3എന്റെ ആയുസ്സു പുകപോലെ മാഞ്ഞുപോകുന്നു.
എന്റെ ശരീരം കനലുപോലെ കത്തുന്നു.
4ഞാൻ അരിഞ്ഞ പുല്ലുപോലെ ഉണങ്ങിക്കരിഞ്ഞിരിക്കുന്നു.
ഭക്ഷണം കഴിക്കാൻ ഞാൻ മറന്നുപോകുന്നു.
5കരഞ്ഞു കരഞ്ഞു ഞാൻ എല്ലും തോലുമായിരിക്കുന്നു.
6മരുഭൂമിയിലെ വേഴാമ്പൽപോലെയും
വിജനസ്ഥലത്തെ മൂങ്ങാപോലെയും ഞാൻ ആയിരിക്കുന്നു.
7ഞാൻ ഉറക്കമില്ലാത്തവനായി;
പുരമുകളിലെ ഇണയറ്റ പക്ഷിയെപ്പോലെയായി ഞാൻ.
8ശത്രുക്കൾ എന്നെ ഇടവിടാതെ നിന്ദിക്കുന്നു.
നിന്ദകന്മാർക്ക് എന്റെ പേര് ശാപവാക്കായി.
9-10ദൈവമേ, അങ്ങയുടെ കോപവും രോഷവും നിമിത്തം,
എനിക്കു ചാരം ആഹാരമായി തീർന്നിരിക്കുന്നു.
എന്റെ കുടിനീരിൽ കണ്ണുനീർ കലരുന്നു.
അങ്ങ് എന്നെ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നുവല്ലോ.
11സായാഹ്നത്തിലെ നിഴൽപോലെ എന്റെ ആയുസ്സു തീരാറായിരിക്കുന്നു.
പുല്ലുപോലെ ഞാൻ ഉണങ്ങിക്കരിയുന്നു.
12സർവേശ്വരാ, അങ്ങ് എന്നേക്കും സിംഹാസനത്തിൽ വാഴുന്നു.
എല്ലാ തലമുറകളും അങ്ങയുടെ നാമം ഓർക്കും.
13അങ്ങു സീയോനോടു കരുണ കാണിക്കും;
അവളോടു കരുണ കാണിക്കാനുള്ള സമയം വന്നിരിക്കുന്നു.
ഇപ്പോഴാണ് അതിനുള്ള സമയം.
14അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു പ്രിയവും
അവളുടെ പൂഴിയോട് അനുകമ്പയും തോന്നുന്നു.
15-16സർവേശ്വരൻ സീയോനെ വീണ്ടും പണിയുകയും
അവിടുന്നു മഹത്ത്വത്തോടെ പ്രത്യക്ഷനാകുകയും ചെയ്യുമ്പോൾ ജനതകൾ സർവേശ്വരനെയും,
ഭൂമിയിലെ എല്ലാ രാജാക്കന്മാരും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും.
17അവിടുന്നു അഗതികളുടെ പ്രാർഥന ശ്രദ്ധിക്കുന്നു.
അവിടുന്ന് അവരുടെ യാചന നിരസിക്കുകയില്ല.
18ഭാവി തലമുറകൾക്കുവേണ്ടി ഇത് എഴുതപ്പെടട്ടെ!
അങ്ങനെ ഇനിയും ജനിക്കാനുള്ള ജനം അവിടുത്തെ സ്തുതിക്കട്ടെ.
19സർവേശ്വരൻ അവിടുത്തെ വിശുദ്ധനിവാസത്തിൽനിന്നു താഴേക്കു നോക്കി;
അവിടുന്നു സ്വർഗത്തിൽനിന്നു ഭൂമിയെ വീക്ഷിച്ചു.
20അവിടുന്നു ബദ്ധരുടെ ഞരക്കം കേട്ടു,
മരണത്തിനു വിധിക്കപ്പെട്ടവരെ അവിടുന്ന് വിടുവിച്ചു.
21-22രാജ്യങ്ങളും അന്യജനതകളും ഒരുമിച്ചുകൂടി സർവേശ്വരനെ ആരാധിക്കുമ്പോൾ
സീയോനിൽ സർവേശ്വരന്റെ നാമവും
യെരൂശലേമിൽ അവിടുത്തെ സ്തുതിയും പ്രഘോഷിക്കപ്പെടും.
23യൗവനത്തിൽ എന്റെ ശക്തി അവിടുന്നു ക്ഷയിപ്പിച്ചു.
എന്റെ ആയുസ്സ് അവിടുന്നു ചുരുക്കി.
24വത്സരങ്ങൾക്ക് അറുതിയില്ലാത്തവനായ എന്റെ ദൈവമേ, ആയുസ്സിന്റെ മധ്യത്തിൽ എന്നെ എടുത്തുകളയരുതേ!
25പണ്ടു തന്നെ അവിടുന്നു ഭൂമിക്ക് അടിസ്ഥാനമിട്ടു;
അങ്ങയുടെ കരങ്ങളാണ് ആകാശത്തെ സൃഷ്ടിച്ചത്.
26അവ നശിക്കും; എന്നാൽ അവിടുന്നു നിലനില്ക്കും;
അവയെല്ലാം വസ്ത്രംപോലെ ജീർണിക്കും; വസ്ത്രം മാറുന്നതുപോലെ അവിടുന്നു അവയെ മാറ്റും;
അവ മാറിപ്പോകുകയും ചെയ്യും.
27എന്നാൽ അങ്ങേക്ക് മാറ്റമില്ല;
അവിടുന്ന് എന്നേക്കും ജീവിക്കുന്നു.
28അവിടുത്തെ ദാസന്മാരുടെ മക്കൾ സുരക്ഷിതരായി പാർക്കും;
അവരുടെ സന്തതികൾ അങ്ങയുടെ സന്നിധിയിൽ നിലനില്ക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 102: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.