THUFINGTE 18
18
1വേറിട്ടു നില്‌ക്കുന്നവൻ ശരിയായ
തീരുമാനങ്ങളെയെല്ലാം എതിർക്കാൻ പഴുതുനോക്കുന്നു.
2മൂഢനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ
കാര്യം ഗ്രഹിക്കുന്നതിൽ താൽപര്യം ഇല്ല.
3ദുഷ്ടതയോടൊപ്പം അപമാനവും ദുഷ്കീർത്തിയോടൊപ്പം മാനഹാനിയും വന്നുചേരുന്നു.
4മനുഷ്യന്റെ വാക്കുകൾ ആഴമുള്ള ജലാശയമാകുന്നു,
ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവി.
5ദുഷ്ടന്റെ പക്ഷം പിടിക്കുന്നതോ നീതിമാനു നീതി നിഷേധിക്കുന്നതോ ശരിയല്ല.
6മൂഢന്റെ വാക്കുകൾ കലഹകാരണമാകുന്നു.
അവന്റെ വാക്കുകൾ ചുട്ടയടി ക്ഷണിച്ചു വരുത്തുന്നു.
7മൂഢന്റെ വാക്കുകൾ അവനെ നശിപ്പിക്കുന്നു;
അവന്റെതന്നെ വാക്കുകൾ അവനു കെണിയായിത്തീരുന്നു.
8ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള അപ്പംപോലെയാണ്.
അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
9മടിയൻ മുടിയന്റെ സഹോദരൻ.
10സർവേശ്വരൻ ഉറപ്പുള്ള ഗോപുരം;
നീതിമാൻ ഓടിച്ചെന്ന് അതിൽ അഭയം പ്രാപിക്കുന്നു.
11ധനമാണു സമ്പന്നന്റെ ബലിഷ്ഠമായ നഗരം;
ഉയർന്ന കോട്ടപോലെ അത് അയാളെ സംരക്ഷിക്കുന്നു.
12ഗർവം വിനാശത്തിന്റെ മുന്നോടിയാണ്,
വിനയം ബഹുമാനത്തിന്റെയും.
13കേൾക്കുന്നതിനു മുമ്പ് ഉത്തരം പറഞ്ഞാൽ
അതു ഭോഷത്തവും ലജ്ജാകരവുമാണ്.
14ആത്മധൈര്യം രോഗത്തെ സഹിക്കുമാറാക്കുന്നു;
തകർന്ന മനസ്സിനെ ആർക്കു താങ്ങാൻ കഴിയും?
15ബുദ്ധിമാൻ അറിവു നേടുന്നു;
വിവേകി ജ്ഞാനത്തിനു ചെവി കൊടുക്കുന്നു.
16സമ്മാനം കൊടുക്കുന്നവന് ഉന്നതരുടെ മുമ്പിൽ പ്രവേശനവും
സ്ഥാനവും ലഭിക്കുന്നു.
17പ്രതിയോഗി ചോദ്യം ചെയ്യുന്നതുവരെ പരിശോധിക്കും.
വാദം ഉന്നയിച്ചവന്റെ പക്കലാണ് ന്യായമെന്നു തോന്നും.
18നറുക്കെടുക്കുന്നത് തർക്കങ്ങൾ അവസാനിപ്പിക്കുന്നു,
അത് പ്രബലരായ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾക്കു തീരുമാനമുണ്ടാക്കുന്നു.
19സഹോദരനെ സഹായിച്ചാൽ അവൻ നിനക്ക് സുശക്തമായ പട്ടണം ആയിരിക്കും.
ശണ്ഠകൂടിയാൽ അവൻ ദുർഗമന്ദിരത്തിന്റെ അടയ്‍ക്കപ്പെട്ട വാതിൽപോലെയാണ്.
20വാക്കുകളുടെ ഫലത്താൽ ഒരുവൻ സംതൃപ്തനാകും;
അധരങ്ങളുടെ ഫലത്താൽ അവനു തൃപ്തിവരും.
21വാക്കുകൾക്ക് മരണവും ജീവനും വരുത്താൻ കഴിയും.
അതിനെ സ്നേഹിക്കുന്നവൻ അതിന്റെ ഫലങ്ങൾ ഭുജിക്കും.
22ഉത്തമഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുന്നു,
അതു സർവേശ്വരന്റെ അനുഗ്രഹമാണ്.
23ദരിദ്രൻ യാചനാസ്വരത്തിൽ സംസാരിക്കുന്നു;
എന്നാൽ ധനവാൻ പരുഷമായി ഉത്തരം പറയുന്നു.
24മിത്രങ്ങളെന്നു നടിക്കുന്ന ചിലരുണ്ട്;
എന്നാൽ സഹോദരനെക്കാൾ ഉറ്റബന്ധം പുലർത്തുന്ന സ്നേഹിതന്മാരുമുണ്ട്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
THUFINGTE 18: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.